ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

തലമുറകൾ വന്നു,പോയ്മറയും-മണ്ണിൽ
ഒരു പിടി സ്വപ്നങ്ങൾ പുനർജ്ജനിക്കും
മധുരംപ്രതീക്ഷിച്ച ജീവിതങ്ങൾ-പക്ഷേ,
കണ്ണീരിൽ മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാൻശ്രമിക്കവേ,
കാൽകുഴഞ്ഞിടറിത്തളർന്നുവീഴും
കൈത്താങ്ങുനൽകാതൊഴിഞ്ഞുമാറി-കാലം
അറിയാത്തപോലേ കടന്നുപോകും.

വാസന്തമേറെ യകന്നുനിൽക്കും-പാവം
മർത്യരോ ശിശിരങ്ങളായ് കൊഴിയും.
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോർമ്മയിൽമാത്രമൊതുങ്ങി നിൽക്കും.

അറിയാതെ ജീവൻകൊഴിഞ്ഞുപോകേ-നവ
മുകുളങ്ങൾ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനിൽക്കും-മർത്യ-
നുലകത്തിൻ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാംജീവിതങ്ങൾ-
ചിലർ ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങൾ പിന്നെയുമീ-നവ
തലമുറകൾ വന്നു മഞ്ചലേറ്റും.

മായാ പ്രപഞ്ചത്തിലിനിയുംവരും-പുത്തൻ
ഈയാംപാറ്റകളായ് മനുഷ്യർ
ചിറകറ്റു പോകും ദിനങ്ങളിലോർമ്മതൻ
കടലാസുതോണികളായൊഴുകാൻ.

മരണമൊരു പൗർണ്ണമിയാകിലും-സഹനീയ-
ചിന്തയേകുന്നാർദ്ര കണ്ണുനീരും
കാലമേ,നീയിന്നു വേദനാസാഗരം –
ബാല്യനിലാവിന്റെ കണ്ണുനീരും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *