രചന : കുറുങ്ങാട്ട് വിജയൻ ✍️

മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയുന്നത് വിശേഷബുദ്ധിയുള്ള മനുഷ്യരാണ്! വഴിയിൽക്കാണുന്ന മാലിന്യങ്ങൾ നീക്കംചെയ്യേണ്ടത് അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട വിവേകമുള്ള മനുഷ്യരും! അവര്, അത് ചെയ്യാതെവരുമ്പോൾ ആ മാലിന്യങ്ങൾ ഭക്ഷിക്കാനായി വിശേഷബുദ്ധിയില്ലാത്ത നായ്ക്കൾ വരുന്നു. ഭക്ഷണത്തിന്റെ ലഭ്യതയനുസരിച്ച് അവ കൂട്ടംകൂടുന്നു!


കടിക്കുകയെന്നത് നായ്ക്കളുടെ നൈസർഗ്ഗികസ്വഭാവമാണ്. മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയെന്നത് വിശേഷബുദ്ധിയുള്ള മനുഷ്യരുടെ നൈസർഗ്ഗികസ്വഭാവമാണോ?


വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുന്ന പൊതുനിരത്തിലേക്ക് പൂച്ച, നായ എന്നീ വീട്ടുമൃഗങ്ങൾ ഇറങ്ങിവരാൻ ഇഷ്ടപ്പെടുന്നില്ല. വിശേഷബുദ്ധിയുള്ള വീട്ടുജീവിയായ മനുഷ്യരേക്കാൾ വിവേകബുദ്ധിയുള്ള ഇവറ്റകൾക്ക് ജീവനിൽ ഏറെ ഭയമുണ്ട്. ഭക്ഷണം തേടിയും ഇണയെത്തേടിയുമാണ്‌ ഇവ വീടുവിട്ടിറങ്ങുന്നത്. ഭക്ഷണവും ഇണയും സുലഭമായി കൂട്ടുന്ന ഇടങ്ങളിൽ അവ തമ്പടിക്കും. അവരുടെ സ്വൈര്യവിഹാരത്തിന് ഭംഗം വരുത്തുന്നവരെ നേരിടുക അവരുടെ നൈസർഗ്ഗികവാസനയാണ്! നിലനിൽപ്പിനുള്ള പോരാട്ടം!


പന്നികളെ തുറന്നുവിട്ട് വളർത്തുന്ന ശീലം നമുക്കുണ്ടായിരുന്നെങ്കിൽ ഇവറ്റകളും റോഡുകളിലേക്ക് വന്നേനെ. അവയ്ക്ക് പ്രിയങ്കരമായ കുണ്ടും കുഴിയും ചെളിയും വെള്ളവും ഭക്ഷണവും നമ്മളുടെ റോഡുകളിൽ സുലഭമായി ഉണ്ടല്ലോ…
ശരിക്കും ആരാണിവിടെ പ്രതി?


തെരുവുനായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന് തോന്നുന്നില്ല. എണ്ണം കുറയുമായിരിക്കാം. തെരുവിൽനിന്ന് ഇവയെ ഓടിക്കാനുള്ള എളുപ്പമാർഗ്ഗം, തെരുവുകൾ മാലിന്യമുക്തമായി സൂക്ഷിക്കുക എന്നതുതന്നെ…
Dog-free roads mean waste-free roads.
Waste-free roads lead to dog-free roads.

കുറുങ്ങാട്ട് വിജയൻ

By ivayana