രചന : ബിജുനാഥ്‌ ✍

മനുഷ്യൻ ഒരു സമൂഹജീവിയല്ല. ഒന്നുമില്ലായ്മയ്ക്കും ഒന്നുമില്ലായ്മയ്ക്കും ഇടയിൽ ശൂന്യത യുടെ ഗർത്തം നിർമ്മിക്കുകയാണ് അവൻറ ജോലി. കാലഗണനയില്ലാത്ത കൽപ്പനകളിൽ അഭിരമിച്ചുകൊണ്ട് വാർത്തകളിൽ സ്ഥാനം പിടിക്കാൻ ആഗ്രഹിക്കുന്ന പുതുമനസ്സുകളെ തിരയുന്നുണ്ട് ചില പഴമനസ്സുകൾ. ഭ്രാന്തിനപ്പുറമെത്തും ചിന്തകൾ ഇങ്ങനെ പോയാൽ. കിരണിൻറ പ്രസംഗം കേട്ടപ്പോഴാണ് ഇങ്ങനെ കാടുകയറിയത്. ഈ അനുസ്മരണം തന്നെ നിരർത്ഥകം. നിമീലിത മരിച്ചിട്ട് ഇന്നേക്ക് നാലാം നാൾ. ഈ കോളജിൻറ ചരിത്രത്തിൽ ആദ്യമായാണ് പ്രായം കുറഞ്ഞ അധ്യാപികയുടെ അകാലവിയോഗം. മരിച്ചുകാണിക്കണം. വിലയറിയണമെങ്കിൽ.


പ്രസംഗങ്ങളും കണ്ണീർ ചാലുകളും പത്രസമ്മേളനബഹളങ്ങളും കഴിയുന്നതിനു മുമ്പേ പുറത്തേക്കിറങ്ങി. മുഖംമൂടികളില്ലാത്ത ആത്മാക്കളെ അടുത്തറിയാനൊരു മോഹം. വെറും വ്യാമോഹം .നിമീലിത എഴുതിയ കവിതയാണ് മനസ്സിലേക്ക് ഓടിവന്നത്.
“ചിരം നിൻ മിഴികളിലൂറും
കണ്ണീർകണം പലവഴി പിരിയും
വഴികളറിയാതുഴറും പിന്നെ
പെരുവഴിയിലതൊടുങ്ങും,
ചിരി പൊതിയും നവജിഹ്വ..
മതിയൂറ്റും ഝടുതിയതു നിൻ
കരളറുക്കും വിഷമയം പരം”…
കരഞ്ഞ മിഴികൾ വീണ്ടും പതിവു സന്തോഷങ്ങളിലേക്ക് ഊളിയിടും. വിരുന്നൊരുക്കി വീണ്ടും അതിഥികളെ കാത്തിരിക്കും . തപ്തഹൃദയർ തൻറ വാസസ്ഥലം പുതിയ ഷോകേസുകളിൽ ചില്ലിട്ടു മൂടും. കരുമന കിനിയാത്ത കവിളുകളിൽ വീണ്ടും ചമയങ്ങൾ മുങ്ങാംകുഴിയിടും. ജൻമമറിയാത്ത മനുഷ്യൻ മരണമറിയാത്ത സ്ഥലികളിലേക്ക് പലായനം ചെയ്യും, നിരന്തരം ഇതുതന്നെ സംഭവിക്കുന്നു…..
ഹോ…..തൊണ്ട വരളുന്നു….അൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ….
മരവിച്ചു പോകുന്ന തലച്ചോർ…. ചിന്തകളുടെ ഇടിവെട്ടലുകൾ.


ഇഷ്ടമായിരുന്നു ആ ശരീരവും. വെള്ളയുടുപ്പിൽ മിടിപ്പു നിന്നുപോയ ഹൃദയം പൊതിഞ്ഞു വച്ചപ്പോൾ നിലച്ചുപോയ വിചാരധാര…സഹപ്രവർത്തകനായ കിരണിൻറ പാതിയാണെങ്കിലും
ഇഷ്ടത്തിന് വിഭാഗീയതയുണ്ടോ?
മൂടിവച്ചാലും വികാരങ്ങൾക്ക്
വിമലീകരണം അനിവാര്യസത്യമാകുന്നു. ഒറ്റസംഖ്യയായ തനിക്ക് കൂടുമാറ്റം നഷ്ടമാവുന്ന വന്യത.
കവാടം കടന്നു സ്ഥിരമായി ചായ കുടിക്കാറുള്ള കടയിലെ തിണ്ണ ചാരിയിരിക്കുമ്പോൾ അവളുടെചിന്താമണ്ഡലത്തിലേക്ക് വാക്കൊഴുക്കിനെ തിരിച്ചു വിട്ടു.


മക്കളില്ലെങ്കിലെന്താ ദിവസവും കാണുന്നത് ആയിരങ്ങളെയല്ലേ. അതിൽ അമ്മേ എന്നു വിളിക്കുന്നവരുമുണ്ട്. മദ്യപിച്ച് ഉൻമാദനൃത്തം ചവിട്ടാൻ നല്ലപാതിയ്ക്ക് എൻറ ശിരസ്സു തന്നെ വേണം. മരിക്കാൻ മനസ്സില്ലാത്തതുകൊണ്ടാണ് പകലുകളെ ആർത്തിയോടെ സ്വീകരിച്ചാനയിക്കുന്നത്.


തിരയടങ്ങാത്ത കടലിൻറ മറുകര കാണാത്ത ദൃഷ്ടിയാണ് കാമനകൾ.
പച്ചമനസ്സിൻറ വിചാരങ്ങൾ പങ്കുവെയ്ക്കാനും പഠിപ്പിക്കലിൻറ
സംതൃപ്തസുഷുപ്തിയിൽ വ്യാപരിക്കാനും നിന്നെ കിട്ടിയതു മാത്രമാണ് എൻറ ചിരന്തനമായ ശക്തി. സംവേദനം എല്ലാ അർത്ഥത്തിലും സാധ്യമല്ലാത്ത ഈ ലോകത്ത് വിരാജിക്കുവാൻ അക്ഷരങ്ങൾക്കും മടുപ്പ് അനുഭവപ്പെടില്ലേ!!
ചോറും മീനും എൻറ സാമിപ്യവും വല്ലാതെ ഇഷ്ടപ്പെടുന്ന മൈഥിലിയെന്ന് ഞാൻ നാമകരണം ചെയ്ത പൂച്ചയെ ഇന്നുമുതൽ കാണാനില്ല. സ്ഥിരമായി കിടക്കാറുള്ള എൻറ അടുക്കളത്തിണ്ണയിൽ കുറേ രോമങ്ങൾ ബാക്കി വച്ച് അവൾ നടക്കാനിറങ്ങിയോ?
എഴുത്തുമേശയ്ക്കരികിൽ
എൻറ പൊയ്ക്കാലുകളെ ഇക്കിളിപ്പെടുത്തുന്ന നിൻറ അസാന്നിധ്യം എന്നെ വല്ലാതെ
അസ്വസ്ഥയാക്കുന്നു…………….


കടത്തിണ്ണയിൽ കിടക്കുന്ന കറുത്ത പൂച്ചയിൽ എൻറ കണ്ണുടക്കി. മെല്ലെ ഞാനവനെ എടുത്തു മടിയിൽ വച്ചു. ചായയ്ക്കൊപ്പംകിട്ടിയ ഇലയട ഞാനവൻറ വായിൽ വച്ചു കൊടുത്തു. ആശ്വാസത്തോടെ അവനതു രുചിച്ചു കൊണ്ടിരുന്നു.
സഹജീവിയെന്ന വികാരവായ്പോടെ ഞാനവനെ അമർത്തി ചുംബിച്ചു. പുറത്ത് അപ്പോൾ മഴ തിമർത്തു പെയ്യുകയായിരുന്നു. നനഞ്ഞ മണ്ണിൻറ മാസ്മരിക ഗന്ധം എൻറ മടുപ്പിക്കുന്ന ഏകാന്തതയെ ത്രസിപ്പിച്ചു. ക്ലാസ്സുമുറികളിൽ
അപ്പോഴും പ്രതിധ്വനിക്കുകയായിരുന്നു അവളുടെ ശബ്ദം…….
ഇടനാഴികളിൽ നിമീലിത യോടൊപ്പം സഞ്ചരിക്കുന്ന നിമിഷങ്ങൾ ഔപചാരികതയുടെ ഉരുക്കുറപ്പുള്ള പുറം ചട്ടകളായിരുന്നു. പ്രണയത്തിന് പുറം തോടു പൊട്ടിച്ച് പുറത്തേക്കു വരാൻ കഴിയരുത്. കഴിഞ്ഞാൽ തീർന്നു. എന്നിട്ടും അവളതു മനസ്സിലാക്കി എന്നതാണു സത്യം.

By ivayana