രചന : ജയരാജ്‌ പുതുമഠം.✍

ഇന്നലെകളിലെ മറന്നുപോയ ചരിത്ര താളുകളിലേക്ക് ഇന്നിന്റെ ജനതയെ അൽപ്പനേരം തിരിഞ്ഞുനോക്കാനും ചിന്തിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്ര ആഖ്യാനമാണ് സംവിധായകൻ ശ്രീ. വിനയൻ തിരക്കഥയും,സംഭാഷണവും ഒരുക്കി ആവിഷ്‌കരിച്ചിരിക്കുന്ന “പത്തൊമ്പതാം നൂറ്റാണ്ട് “എന്ന പേരിലുള്ള സിനിമ.
ആറാട്ടുപുഴ വേലായുധൻ എന്ന ധീരനായ സാമൂഹ്യ പരിഷ്ക്കർത്താവിന്റെ സംഭവ ബഹുലമായ ജീവതത്തിലൂടെ, അക്കാലത്തെ രാജഭരണത്തിൻ കീഴിൽ സാധാരണ മനുഷ്യർ അനുഭവിച്ചുപോന്നിരുന്ന സാമൂഹ്യ തിന്മകളുടെയും, ഭരണവർഗ്ഗങ്ങളുടെ അഴിഞ്ഞാട്ടങ്ങളുടെയും നേർചിത്രം ശക്തമായി തുറന്നിടുന്ന ഈ ചിത്രം സമീപകാല മലയാള ചലച്ചിത്രലോകത്തെ നിറനിലാവായി പ്രേക്ഷകർക്ക് ഉന്മേഷം പകരുന്നുണ്ട്.
സൂപ്പർ സ്റ്റാറുകൾ എന്ന ആവരണങ്ങളില്ലാത്ത ശക്തരായ അഭിനയമിടുക്കുള്ളവരെ അണിനിരത്തി ഇത്തരത്തിലൊരു ചരിത്രരേഖയെ തിരശ്ശീലയിലേക്ക് ആവാഹിച്ച വിനയൻ -ഗോകുലം ഗോപാലൻ കൂട്ടുകെട്ടിനെ തീർച്ചയായും കലാസ്നേഹികൾക്ക് അഭിനന്ദിക്കാം.


രാജഭരണം കയ്യാളിയിരുന്നവരുടെ അടിസ്ഥാന ഭാവങ്ങൾ മിക്കപ്പോഴും ധനമോഹവും കാമവെറികളും തന്നെയായിരുന്നു എക്കാലത്തും. അതിനെ സാധൂകരിക്കുന്ന രീതിയിൽ മതനിയമങ്ങളെ വ്യാഖ്യാനിച്ചും, ദേവാലയചട്ടങ്ങൾക്ക് കൃത്രിമ നിറംപിടിപ്പിച്ചും കിരാതഭരണ തുടർച്ചകൾ ആഘോഷിച്ചിരുന്ന ഒരു തലമുറയിലേക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലൂടെ അവതരിക്കുന്ന നവോത്ഥാന നായകനായ വേലായുധ പണിക്കർ കൊളുത്തുന്ന ചെറിയ ചെറിയ തിരിനാളങ്ങൾ അത്യന്തം വികാരവായ്‌പ്പോടെ മാത്രമേ പ്രേക്ഷകഹൃദയങ്ങൾക്ക് ഏറ്റുവാങ്ങാനാകൂ.
സ്വാതന്ത്ര്യത്തിനെ ചങ്ങലക്കിട്ട അയിത്തകാലത്തിന്റെയും,സ്ത്രീ വിരുദ്ധതയുടെയും തീച്ചൂളകൾ ആളിക്കത്തിയിരുന്ന കാലങ്ങളിലെ മാറ് മറയ്ക്കുന്നതിനുള്ള അവകാശം പോലും അനുവദിച്ചുകൊടുക്കാതിരുന്ന അധികം പഴക്കം വന്നിട്ടില്ലാത്ത ഇന്നലെകളെക്കുറിച്ച് ഇന്നുള്ളവർക്ക് തിരിച്ചറിവ് പകരുന്ന വിനയന്റെ ശ്രദ്ധാപൂർവ്വമായ ഈ ഉദ്യമം കാലോചിതമായി.


കുരുമുളകും,ഏലവും കൊണ്ടുപോകാൻ ഇവിടെ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കാരുടെ താളത്തിനനുസരിച് തുള്ളിയെ ഇവിടുത്തെ നാട്ടുരാജാക്കന്മാരുടെ മൃഗീയഭാവ സാക്ഷാൽക്കാര വഴികളിലൂടെയായിരുന്നു നാട് തെളിക്കപ്പെട്ടുകൊണ്ടിരുന്നത്.അതിന്റെ തിക്തമായ കണ്ണീരൊഴുക്കുകളിലൂടെ മാത്രം ജീവിതം തുഴയാൻ വിധിക്കപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം കൂടിയാണ് കേരളചരിത്രം.


ശ്രീനാരായണ ഗുരുവിന്റെ പിറവിക്കുശേഷം മാത്രമാണ് അതിനൊരു പരിഹാരമാർഗ്ഗം സജീവമായി പ്രവർത്തനമാരംഭിച്ചത്. അങ്ങനെയുള്ള ഗുരുവിനുപോലും പ്രചോദനം നൽകിയ ആറാട്ടുപുഴ പണിക്കരുടെ ധീര വ്യക്തിത്വം അവതരിപ്പിച്ച സിജു വിൽ‌സൺ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഭിനേതാവാണ് എന്ന് പറയാൻ ഒട്ടും മടിക്കേണ്ടതില്ല.
ഇതര അഭിനേതാക്കളായാലും, സാങ്കേതിക സംഭാവനകൾ സമർപ്പിച്ചവരായാലും ഒന്നിനൊന്ന് മികച്ചവർത്തന്നെ.


എല്ലാ അനീതികൾക്കും കാരണഭൂതനായ നാട് വാഴുന്ന തമ്പുരാനെ ന്യായീകരിക്കുവാനും ഉദ്യോഗസ്ഥമേധാവികളിൽ തിന്മകളുടെ ഭാണ്ഡം കെട്ടിവെക്കാനുമുള്ള ഒരു വിഫലശ്രമം സംവിധായകൻ ബുദ്ധിപൂർവ്വം നടത്തുന്നതായി ഇതിന്റെ ഉള്ളടക്കം വെളിപ്പെടുത്തുന്നുണ്ട്. അത് ചരിത്രത്തിനോട് ചെയ്ത ഒരു അനീതിയായും എനിക്ക് ബോധ്യപ്പെടുകയുണ്ടായി.

By ivayana