രചന : പ്രവീൺ പ്രഭ ✍

ആദ്യമൊക്കെ അമ്മ
ചീപ്പ് മറന്നു വയ്ക്കുമായിരുന്നു
മറന്നു വെച്ച ചീപ്പ് തിരക്കി
വീട് മുഴുവൻ നടക്കുന്ന അമ്മയെക്കണ്ട്
മകള് ചിരിച്ചു.
പിന്നെപ്പിന്നെ അമ്പലത്തിൽ പോയിട്ട്
തിരികെ വരുമ്പോൾ
ചെരുപ്പ് മറന്നുവെയ്ക്കണ അമ്മയെ
വഴക്ക് പറഞ്ഞു അച്ഛൻ,
അത് കേട്ട് മിണ്ടാതെ നിൽക്കുമ്പോഴും
കയ്യിലെ ചന്ദനം നീട്ടിക്കാണിച്ച്
മെല്ലെ ചിരിച്ചുകാട്ടി അമ്മ.
തിളപ്പിക്കാൻ വെച്ച പാലും
അടുപ്പത്ത് വെച്ച കറിയും
കരിഞ്ഞുപിടിച്ചപ്പോളും
കറിയിൽ ഉപ്പ് ചേർത്തത് മറന്ന്
വീണ്ടും ചേർത്ത്
ഉപ്പുകയ്ച്ച കറി കഴിച്ചപ്പോഴും
അമ്മയിതെന്താലോചിച്ച്
മതിമറന്നു നടക്കയാണെന്ന്
ചോദിച്ചു കലിച്ചു മകൾ.
പിന്നെപ്പോഴോ ഒരിക്കൽ അമ്മ
ഒപ്പു മറന്നുപോയി.
അച്ഛന്റെ ബ്രഷെടുത്ത്
പല്ലുതേച്ച
അമ്മയെ കളിയാക്കിച്ചിരിച്ചപ്പോഴും,
കുളിക്കാൻ കിണറ്റുകരയിലിരുന്ന്
തൊട്ടിയിൽ വെള്ളം കോരിയൊഴിച്ച
അമ്മയോട്
കണ്ണ് പൊട്ടുംപോലെ
ദേഷ്യപ്പെട്ടലറിയപ്പോഴും
ഓർമ്മകളകന്നുതുടങ്ങിയൊരാളാണ്
മുന്നിലെന്നാരുമറിഞ്ഞില്ല,
ആരും കണ്ടില്ല.
ഓർമ്മയുടെ അറകളാകെ ഇരുട്ടുപടർന്നുതുടങ്ങിയൊരു ജീവിയെ
ആദ്യമൊക്കെ പരിഗണിക്കാനോ
തിരിച്ചറിയാനോ വീട്ടിലാർക്കും
കഴിഞ്ഞിരുന്നില്ല.
ആ വീട്ടിൽ എല്ലാവർക്കും
ദിവസങ്ങൾ
കടന്നുപോകുമ്പോഴും
അമ്മമാത്രം വാതിൽപ്പടിയിലോ
അടുക്കളയുടെ പാതകത്തിലോ
തൊട്ടുനിന്ന് ഓർമ്മകളിൽ
തപ്പിത്തടഞ്ഞു..
പെട്ടെന്നൊരു ദിവസം
മിണ്ടാണ്ടായപ്പോഴാണ്
അമ്മയെ ഡോക്ടറെ
കാട്ടണമെന്ന് മകൾ തീരുമാനിച്ചത്.
ഇവളെന്താ വർത്താനോം മറന്നോന്ന്
പറഞ്ഞ് കുലുങ്ങിച്ചിരിച്ച അച്ഛനോട്
അന്നാദ്യമായി മകൾക്ക് ദേഷ്യം തോന്നി.
ഓർമ്മയിലിനിയൊന്നും
ബാക്കിയില്ലാത്തയാളാണ്
മുന്നിലെന്ന് ഡോക്ടർ
പറഞ്ഞപ്പോ മകൾക്ക്
കരച്ചിൽ പൊട്ടി.
എങ്ങോ നോക്കിയിരുന്ന്
മെല്ലെയെന്തോ പിറുപിറുക്കുന്ന
അമ്മയ്ക്ക് കാതോർത്തപ്പോ
അവള് കേട്ടു.
അമ്മ പറയണത്
തന്റെ പേരാണ്.
ഓർമ്മകളെല്ലാം
വറ്റിയൊടുങ്ങിയപ്പോഴും
സ്വന്തം പേരുൾപ്പെടെ മറന്നുകഴിഞ്ഞപ്പോഴും
അമ്മ പറയണത്
തന്റെ പേരാണ്.
അടിവയർ
കടന്നൊരു വിങ്ങൽ നെഞ്ഞുലച്ച്
തൊണ്ട വഴി പുറത്തെത്തുമ്പോഴും
അവള് കേട്ടു.
അമ്മ വിളിക്കണുണ്ട്:
മാളൂ…..
(വാക്കനൽ)

പ്രവീൺ പ്രഭ

By ivayana