രചന : അഷ്‌റഫ് കാളത്തോട് ✍

മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്.

ദഫിനേക്കാള്‍ കൂടുതല്‍ വ്യാസമുള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ ചര്‍മവാദ്യമാണ് അറബന. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക.അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട്. റാത്തീബ് മുട്ട്, കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികളുണ്ട്. റാത്തീബ്മുട്ട് അനുഷ്ഠാനപരമാണ്. കളിമുട്ട് വിനോദപരവും. മുസ്ലിം പള്ളികളിലെ ഉറൂസ്, നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് റാത്തീബ് മുട്ട്. വീടുകളിലെ പുത്യാപ്ള കല്യാണത്തോടനുബന്ധിച്ചാണ് കളിമുട്ട്. ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക.

വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം. പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.ദഫ് മുട്ടു പോലെ മാപ്പിള കുടുംബങ്ങളില്‍ സാര്‍വത്രികമായിരുന്ന മറ്റൊരു കലാരൂപമാണ് അറബന മുട്ട്. ചിലയിടങ്ങളില്‍ അറവന എന്നും കാണാന്‍ സാധിക്കുന്നു. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ഇന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്ന കലയാണിത്.


ദഫില്‍നിന്നും ചെറിയൊരു വ്യത്യാസത്തില്‍ തോല്‍കൊണ്ടുതന്നെ ഉണ്ടാക്കപ്പെടുന്ന വാദ്യോപകരണമാണ് അറബന. ദഫിനെക്കാള്‍ കൂടുതല്‍ വട്ടമളള ഇതില്‍ കിങ്ങിണി ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ഒന്നര ചാണ്‍ ‘വ’ വട്ടമുള്ളതും അഞ്ചോ ആറോ അംഗുലം ഉയരമുള്ളതും മരച്ചട്ടയില്‍ പിത്തള വാറ് കൊണ്ട് ചുറ്റിക്കെട്ടി ഒരു വശം തോലുകൊണ്ട് പൊതിഞ്ഞതും ചിലമ്പ് ഘടിപ്പിച്ചിട്ടുള്ളതുമാണിത്. നിരന്തരമായി അഭ്യാസമുറകള്‍ പഠിച്ചവര്‍ക്ക് ഇത് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നു. ഒരു അഭ്യാസിയുടെ ഭാവ പ്രകടനങ്ങളും താളങ്ങളുമാണ് കളിക്കാര്‍ ഇതിലൂടെ അവതരിപ്പിക്കുന്നത്. ഏറെ ആകര്‍ഷകവും മനോഹരവുമായ കാഴ്ചയാണിത്.
ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തള വാറുകൊണ്ടു ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതി വരുത്തുന്നത്. അര്‍ത്ഥ ഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്.


മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടി വരുന്നു. നബിതങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ടു ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ കളിക്കാരും അത് ഏറ്റ് പാടുന്നു. പാട്ട് പകുതിയാകുമ്പോള്‍ താളം മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ, കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക് എന്നിവകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. തീര്‍ത്തും ഭാവ വ്യത്യാസങ്ങള്‍കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത്.


ദഫ് മുട്ടിനെപ്പോലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിപ്പിക്കപ്പെടുന്നത്. നേര്‍ച്ചകളുമായി ബന്ധപ്പെട്ടും നാട്ടിലും മറ്റും വല്ല രോഗവും പിടികൂടിയാല്‍ അതില്‍നിന്നും മോചനം നേടാന്‍ ആളുകളെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്ന ഘട്ടങ്ങളിലും ഇത് അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ആളുകളെ കൂടുതല്‍ രസിപ്പിക്കാനായി പാട്ടുകളുടെ അവസാനങ്ങളില്‍ വേഗതകൂട്ടി പാടുക ഇതില്‍ പതിവാണ്. നായകന്‍ -സീ-എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോഴാണ് ഈ വേഗതക്ക് സമാരംഭം കുറിക്കുന്നത്.

അയാള്‍ കയ്യിലുള്ള വടികൊണ്ട് ഭൂമിയില്‍ ഒരടി അടിക്കുന്നതോടെ അടക്കം കലാശിക്കുകയും ചെയ്യുന്നു. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യവും കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന. ദഫ് മുട്ടിനോട് അനുബന്ധമായിത്തന്നെയാണ് ഈ കലാരൂപവും ഇവിടെ പ്രചരിക്കുന്നത്. ദഫ് മുട്ടില്‍ നൈപുണ്യം നേടിയിരുന്ന പലര്‍ക്കും ഇതിലും അസാധാരണമായ കഴിവുണ്ടായിരുന്നു. ഞേറക്കാട് കുഞ്ഞഹമ്മദ് സാഹിബ്, കക്കോടി എന്‍ കാദിരിക്കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ഈ മേഖലയില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ്.ആളുകളെ കൂടുതല്‍ രസിപ്പിക്കാനായി പാട്ടുകളുടെ അവസാനങ്ങളില്‍ വേഗതകൂട്ടി പാടുക ഇതില്‍ പതിവാണ്.

നായകന്‍ -സീ-എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോഴാണ് ഈ വേഗതക്ക് സമാരംഭം കുറിക്കുന്നത്. അയാള്‍ കയ്യിലുള്ള വടികൊണ്ട് ഭൂമിയില്‍ ഒരടി അടിക്കുന്നതോടെ അടക്കം കലാശിക്കുകയും ചെയ്യുന്നു. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യവും കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന. ദഫ് മുട്ടിനോട് അനുബന്ധമായിത്തന്നെയാണ് ഈ കലാരൂപവും ഇവിടെ പ്രചരിക്കുന്നത്…

അഷ്‌റഫ് കാളത്തോട്

By ivayana