വിഷം കഴിച്ചിന്നലെഞാൻ തുപ്പിയ,
ഉമിനീരിനോടൊപ്പം പടർന്നൊരാ രക്തതുള്ളികൾ

‘പറഞ്ഞ വാക്കുകൾ നിനക്കെത്രയോ വേദനജനകമാം ഓർമ്മകൾ,

കാമനകൾ തീർത്തൊരാ തീവ്രമാം വരികളാൽ
സ്വപ്നങ്ങൾ നൽകിയെന്നാലും ,
മൗനത്തിൻ ഭിത്തികൾ തീർത്തു
നീയെന്നിൽ നിറഞ്ഞു നിന്നു,
വീണ്ടും വിയർപ്പിന്റെ ഗന്ധം പകർന്നു തന്നൂ.
ചൂടുള്ള ചൂരുള്ള കഥകൾ എൻ്റെ ഹൃദയത്തിൽ നീയെഴുതീ,

ആത്മാവിൻനൊമ്പരപ്പൂക്കളിൽ നീയിന്നും
വികാരവിചാരധാരയാണ്.
മൃഗത്വരഹിതമാം വാക്കുകൾ.

ഇനിയും വരും ദിനരാത്രങ്ങളിൽ നിന്റെ വികാരങ്ങളിൽ

രക്തക്കറയാൽ വിറങ്ങലിക്കും സ്വപ്നങ്ങൾ,

ദുസ്വപ്നങ്ങൾചിതലരിച്ച പുസ്തകം,

മാഞ്ഞു പോയ അക്ഷരങ്ങൾ,

വരികളില്ലാത്ത വരകളും,
വരരുചിക്കഥപോലെ സമ്മിശ്രവും.
പിന്നെപ്പറയും കടങ്കഥകളും, കാവ്യങ്ങളും.
മറവിയുടെ മാറാപ്പിൽ തള്ളിയിട്ടും,
മറന്നു പോയിട്ടില്ലെന്നതും സത്യം.
ഓർമ്മയുടെ അൽഷിമേഴ്സും
ഒരു വഴിയാത്രയിൽ മറന്നിടും
പിന്നെ ഞാനും നീയും പരസ്പരം
അന്യദേശക്കാർ, പൗരസ്ത്യർ.
ഇരുകാലിൽ കുടിയേറിയ മൃഗങ്ങൾ
പൗരത്വമില്ലാത്തവർ നിങ്ങൾ മനുഷ്യർ.

താണ്ടാത്ത വഴികളിൽ സർപ്പങ്ങൾ
തീർക്കുന്ന ശീൽക്കാര ശബ്ദവും
പുഴുങ്ങിയ നെല്ലിൻ മണവും മന്ദഹാസവും,
മണലാരണ്യങ്ങളിൽ മനസ്സുകൾ.
പരസ്പരം വിങ്ങിത്തീർക്കുന്നതും
ചോര നീരാക്കിയവർ ദേശം മറന്നവർ
ഹൃദയത്തിനായ് യാചിക്കും മരുഭൂമികളും.
ആനന്ദലബ്ദിക്കായ് അനന്തമായ് നീളുന്ന
വരികളിൽ പാടിയുണർത്തുന്നതും, വേദമന്ത്രങ്ങളും,

സാത്താനെ കല്ലെറിയുന്ന പുണ്യരാം മനുഷ്യരും,

അന്ത്യകൂദാശയും.

മലനിരകളിൽ കൂടു കൂട്ടിയ പറവകൾ
ഭൽസനം തീർക്കുന്ന,

വേളയിൽ ചുക്കിച്ചുളുങ്ങിയ മുലകളിൽ ഒഴുക്കുന്നചോരയ്ക്കും,

പിന്നെ നിൻ രേതരേണുക്കളും
പിന്നെ ഉദ്ധരിച്ചിട്ടും ഉതകാത്ത നിന്റെ
വികാരങ്ങളും, വിചാരങ്ങളും പിന്നെ
ആത്മഹത്യ ചെയ്ത ബീജങ്ങളും
ഒന്നിച്ച് പഴിച്ചതും നിന്നെത്തന്നെയല്ലേ?
മൃഗത്വരഹിതമാം വാക്കുകളോതുന്ന
മർത്ത്യാ, മനുഷ്യസാഹിത്യമെഴുതുവാൻ
വനങ്ങളിൽ കുടിയേറിപ്പാർത്തവർ ഘോരമായെഴുതിനിറച്ചവർ.
നിങ്ങൾ മനുഷ്യർ നിങ്ങൾ മനുഷ്യർ.
മൃഗത്വരഹിതസാഹിത്യവക്താക്കൾ.
ആശംസകൾ, മംഗളാശംസകൾ
നേരുന്നു, ഞാനൊരു മൃഗം.

Muraly Raghavan

By ivayana