രചന : കാണക്കൂർ ആർ സുരേഷ്‌കുമാർ ✍

കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തിൽ ഇത് അപൂർവ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളിൽ അത് പെടുന്നുണ്ടാവില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അച്ഛന്റെ വേർപാട് ഉണ്ടായത്. ചടങ്ങുകൾ നടക്കുന്നതിന് ഇടയിൽ ഒരു ദിവസം കുടുംബ വീടിന്റെ മുകളിൽ ആകാശത്ത് ഇതുപോലെ മഴവില്ലു വിരിഞ്ഞു. അച്ഛൻ നിർമ്മിച്ച വീടാണ്. മൂത്ത പുത്രൻ ആയതിനാൽ ആകണം എന്റെ പേര് തന്നെ അച്ഛൻ വീടിന് നൽകിയത്. അച്ഛൻ ആ വീടിന്റെ ഒരു ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ വിരൽത്തുമ്പ് തൊടാത്ത ഒരു ഭാഗവും ആ വീടിനുണ്ടാവില്ല. എന്തുകൊണ്ടെന്നറിയില്ല… മഴവില്ല് അച്ഛനെ ഓർമ്മിപ്പിച്ചു.


അദ്ധ്യാപകൻ ആയി സര്‍വീസ് പൂർത്തിയാക്കിയ വ്യക്തിയാണ് അച്ഛൻ. ഏകദേശം നാലു പതിറ്റാണ്ടുകാലം അദ്ദേഹം അദ്ധ്യാപകന്റെ റോളിൽ ഉണ്ടായിരുന്നു. മണ്ണഞ്ചേരി സ്‌കൂളിൽ അപ്പർ പ്രൈമറി ക്ലാസിൽ എന്റെയും അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹം. പിന്നീട് ആലപ്പുഴ ഗേൾസ് ഹൈസ്‌കൂളിലേക്ക് മാറി. നല്ല ഒരു അദ്ധ്യാപകൻ ആയിരുന്നു. വിദ്യാര്‍ത്ഥികൾക്ക് പൊതുവിൽ ഇഷ്ടമുള്ള ആൾ. ഇംഗ്ലീഷും കണക്കും പഠിപ്പിക്കാൻ നല്ല സിദ്ധി ഉണ്ടായിരുന്നു. അച്ഛനെ ഒരിക്കൽ ആലപ്പുഴയിൽ ഒരു ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ പഴയ ഒരു വിദ്യാർത്ഥിനിയെ കണ്ടു. അവിടെ നഴ്‌സാണ്. അദ്ധ്യാപകനും വിദ്യാർത്ഥിനിയും പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹവും ബഹുമാനവും പങ്കുവച്ചു. എങ്കിലും ഒരു അദ്ധ്യാപകൻ ആകേണ്ട ആളായിരുന്നില്ല അച്ഛൻ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. ഒരുപാട് തിരക്കുകൾ ഉള്ള ഒരു ഫാക്ടറിയിലെ സൂപ്പർവൈസറുടെ വേഷമായിരുന്നു അദ്ദേഹത്തിന് കൂടുതൽ ചേർന്നത്. എല്ലാത്തിനും കൃത്യമായ പ്ലാനിങ് നിർബന്ധമായിരുന്നു അച്ഛന്.


12 വർഷങ്ങൾ മുമ്പ് ഞാൻ മുംബൈയിലെ സെന്‍ട്രൽ ലേബർ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം ചെയ്യുന്ന കാലം. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരു മൈഗ്രേഷൻ സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. വളരെ വർഷങ്ങൾ മുമ്പ് ഡിപ്ലോമ പഠിച്ചതുമായി ബന്ധപ്പെട്ടതാണ്. അതിനായി നാട്ടിൽ പോയി ശ്രമിക്കണം. പക്ഷെ അത്ര പഴയ റിക്കോഡുകൾ എങ്ങനെ കിട്ടുമെന്ന് പിടിയില്ല. സന്ദർഭവശാൽ അച്ഛനോട് കാര്യം പറഞ്ഞു. പോയി ഒന്നു ശ്രമിക്കാം എന്ന് അദ്ദേഹം. ഞാൻ നിരുത്സാഹപ്പെടുത്തി എങ്കിലും അന്ന് 72 വയസ്സുള്ള അച്ഛൻ തിരുവനന്തപുരത്തു പോയി. മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങി എനിക്ക് അയച്ചുതന്ന് അത്ഭുതപ്പെടുത്തി.


കഴിഞ്ഞ വർഷം മനോരമ ബ്യൂറൊ ഫാദേഴ്‌സ് ഡേയിൽ ഒരു കുറിപ്പ് പത്രത്തിലേക്ക് ആവശ്യപ്പെട്ടു. ആ കുറിപ്പ് അതേപടിതന്നെ ചേർക്കാം-
”ഏതാനും മാസങ്ങൾ മുമ്പ് അച്ഛൻ രാമചന്ദ്രപ്പണിക്കർ സുഖമില്ലാതായി. ഇപ്പോൾ 83 വയസ്സ് പിന്നിട്ടിരിക്കുന്നു. ഒരു വീഴ്ചയെ തുടർന്നാണ് കുഴപ്പങ്ങൾ തുടങ്ങിയത്. ഫോൺ വിളിക്കുമ്പോഴൊക്കെ നേരിൽ കാണാനുള്ള ആഗ്രഹം പറയും. കോവിഡ് നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ നാട്ടിൽ ചെന്നെത്താൻ കഴിയുന്നില്ല. വീഡിയോ വിളികളിൽ അച്ഛന്റെ ക്ഷീണിച്ച മുഖം കാണുമ്പോൾ, ശബ്ദം കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ ഉള്ളിലുണരും. കൂട്ടത്തിൽ ഒരോർമ്മ ഏഴോ എട്ടോ വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന എന്റെയൊരു പുസ്തക പ്രകാശനത്തെ സംബന്ധിച്ചാണ്. പരേതനായ ജോസ് കാട്ടൂർ എന്ന കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായിരുന്നു ചടങ്ങിൽ അദ്ധ്യക്ഷൻ. ആലപ്പുഴയിലെ നിരവധി എഴുത്തുകാർ ചടങ്ങിൽ പങ്കെടുത്തു. അവരുടെ പ്രസംഗ പരമ്പരയുണ്ടായി. ഇടയിൽ തികച്ചും അപ്രതീക്ഷിതമായാണ് ജോസ് കാട്ടൂർ സാർ സദസ്സിലിരുന്ന എന്റെ അച്ഛനെ സംസാരിക്കുവാൻ ക്ഷണിച്ചത്. അങ്ങനെയൊരു കാര്യം ആരും ചിന്തിച്ചതു തന്നെയില്ല. അദ്ദേഹം മെല്ലെ നടന്ന് മൈക്കിനു മുമ്പിലെത്തി. അച്ഛൻ എന്തു പറയുമെന്നായിരുന്നു എന്റെയും സന്ദേഹം. എന്നാൽ അന്നവിടെ നടന്നതിൽ ഏറ്റവും മനോഹരമായ പ്രസംഗം ചെയ്തത് അച്ഛനായിരുന്നു എന്നതിൽ അഭിമാനിക്കുന്നു. ഇന്നുമോർക്കുന്നു. ഏകദേശം നാല്പതു വര്‍ഷങ്ങളോളം സ്‌ക്കൂൾ അദ്ധ്യാപകനായിരുന്ന അച്ഛൻ എത്ര അനായാസമായാണ് അന്ന് സംസാരിച്ചത്..! അച്ഛന് സ്നേഹപൂര്‍വ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.”


ഈ കുറിപ്പ് മനോരമയിൽ വന്നപ്പോൾ ചില നല്ല പ്രതികരണങ്ങൾ ഉണ്ടായത് ഓർക്കുന്നു. എല്ലാ മക്കൾക്കുമുണ്ടാകും അച്ഛനെ കുറിച്ച് ഇത്തരം ഒരുപാട് ഓർമ്മകൾ. ഇത്തരം ഓർമ്മകൾ എത്ര അമൂല്യമാണ് എന്ന് തിരിച്ചറിയുന്നത് പലപ്പോഴും അവർ ഇല്ലാതായി കഴിയുമ്പൊഴാണ്.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത അച്ഛന് തെറ്റിയ ചില സന്ദർഭങ്ങൾ ഉണ്ട്. വീടിന് ചുറ്റുമുള്ള കുളങ്ങളും തോടുകളും മൂടിയതാണ് അതൊന്ന്. അബദ്ധം മനസ്സിലാക്കി അവസാന കാലത്ത് അച്ഛൻ എന്നോട് പറ്റുമെങ്കിൽ കുളം ഒരെണ്ണം തിരികെ കുഴിച്ചിടാൻ പറഞ്ഞു. പണ്ടെങ്ങോ മൂടിപ്പോയ ഒരു കുളത്തെ മാസങ്ങൾക്കു മുൻപ് വീണ്ടടുത്തു. അത് കാണുന്നതിനു മുൻപ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. അച്ഛനുണ്ടായിരുന്നു എങ്കിൽ ജെ സി ബി വന്നു മണ്ണു മാന്തി കുളത്തെ വീണ്ടെടുക്കുന്നത് ഒരു കുട്ടിയുടെ ഉത്സാഹത്തോടെ കണ്ടു നിൽക്കുമായിരുന്നു. പുറമെ പരുക്കനായി തോന്നുമെങ്കിലും ആവശ്യത്തിലേറെ ദയയും അനുകമ്പയും സൂക്ഷിച്ചിരുന്നു. അത് കണ്ടെത്താൻ ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല.


വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അല്ലാതെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്ന അച്ഛൻ ഒന്നു തെന്നിവീണു. തലയില്‍ മുറിവുണ്ടായി. തുടര്‍ന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അതു പിന്നെ വഷളായി വന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അച്ഛന്റെ 84ാം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത് വലിയൊരു സമാധാനമായി. കോവിഡിന്റെ താണ്ഡവം നടക്കുന്ന കാലമായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് ചെറിയ രീതിയില്‍ ചടങ്ങുകൾ പ്ലാൻ ചെയ്തത്. അയൽക്കാരും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം. തികഞ്ഞ സന്തോഷത്തോടെ അച്ഛൻ സഹകരിച്ചു. ഇലയില്‍ ഉണ്ടു. എല്ലാവരോടും സംസാരിച്ചു. കൊച്ചുമക്കളുമായി ഫോട്ടോകള്‍ക്ക് ഇരുന്നു തന്നു. പെട്ടെന്ന് അച്ഛൻ പ്രായം മറന്ന് ഒരു കുട്ടി ആയതുപോലെ. അനുജന്റെ മക്കളുമായി ചിലപ്പോള്‍ കുട്ടികളെ പോലെ ശണ്ഠ കൂടുന്നത് കാണാം.
അതിനിടെ അച്ഛന് കോവിഡ് വന്നു. തുടർന്ന് കോവിഡാനന്തര പ്രശ്‌നങ്ങൾ പലതും ഉണ്ടായി. അനുജൻ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. സീരിയസാണ്. ഉടൻ വരണം എന്ന് അപ്പച്ചിയുടെ മകൻ അറിയിച്ചപ്പോൾ ഉടൻ നാട്ടിലേക്ക് ടിക്കറ്റെടുത്തു. എന്നാൽ പുറപ്പെടുന്നതിനു മുമ്പ് അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു. മിക്ക മറുനാടന്‍ മലയാളിക്കും ഉള്ള വിധിതന്നെ. സംസ്‌കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. ദേഹം അഗ്നിക്കു സമർപ്പിക്കാനായി വെച്ചപ്പോൾ കുറച്ചുനേരം മഴ ആർത്തു പെയ്തു. ഞാനും നനഞ്ഞു.


എന്തൊരു ചെറിയ അനക്കങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യപ്പെടുന്ന കാലമാണ് ഇത്. എങ്കിലും അച്ഛന്റെ വിയോഗ വിവരവും മറ്റു കാര്യങ്ങളും ഞാൻ ആരുമായും അന്ന് പങ്കിട്ടില്ല. ഞങ്ങളുടെ മാത്രം ദുഖം. അത് ഉള്ളിൽ ഉറഞ്ഞു കിടക്കട്ടെ എന്നു കരുതി. വളരെ അടുത്ത സുഹൃത്തുക്കൾ മാത്രം വിളിച്ചു. ചിലർ അടുത്ത ദിവസങ്ങളിൽ വീട്ടിലെത്തി. ഇപ്പോൾ ഒരു വർഷമാകുന്നു. കഴിഞ്ഞ ദിവസം കണ്ട മഴവില്ല് വീണ്ടും ഓർമ്മകളുണർത്തി. ഇവിടെ കുറിച്ചിടുന്നു.. ഒക്ടോബർ പത്തിന് അച്ഛന്റെ വിയോഗത്തിന്റെ ഒന്നാം ആണ്ട്.. അച്ഛനില്ലാതാകുമ്പോൾ ആർക്കും ഉൾത്താങ്ങ് നഷ്ടപ്പെടും. മക്കളെക്കുറിച്ച് അച്ഛനോളം അഭിമാനം മറ്റാർക്കും ഉണ്ടാകില്ല എന്നതാകാം അതിനു കാരണം.

By ivayana