അവലോകനം : സുബി വാസു✍

കുട്ടികളിലെ ആത്മഹത്യ ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയി തന്നെ മാറിയിട്ടുണ്ട് നമ്മുടെ മക്കൾ ഇന്ന് സുരക്ഷിതരല്ലാത്ത ഒരു അവസ്ഥയിലാണ് കടന്നുപോകുന്നത്.

കുടുംബവും മറ്റു സമൂഹവും അവരെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതിന്റെ തെളിവുകളാണ് പലആത്മഹത്യ കളും.ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി അവിടുത്തെ കുട്ടികളാണ്. നാളത്തെ ഡോക്ടർമാരും എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും മന്ത്രിമാരുമെല്ലാം ഇന്നത്തെ കുട്ടികളാണ്. ആധുനികയുഗത്തിലെ കുട്ടികൾ പ്രതിഭാസമ്പന്നരും വിവരസാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരുമാണ്.

എന്നാൽ നമ്മുടെ കുട്ടികളിൽ പലരും കടുത്ത സാമൂഹികവും മാനസികവും വൈകാരികവുമായ വെല്ലുവിളികളെ ആരോഗ്യകരമായി നേരിടാനാവാതെ തളർന്നു പോവുന്നു. ഇന്ത്യയിൽ കേരളമാണ് കുട്ടികളുടെ ആത്മഹത്യാ നിരക്കിൽ അഞ്ചാമത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ മാസം വരെ നമ്മുടെ കൊച്ചു കേരളത്തിൽ 158 കുട്ടികളാണ് സ്വയം ജീവനെടുത്തത്. അവരിൽ 50 കുട്ടികൾ പഠനത്തിൽ മികച്ചവരായിരുന്നു. ഒരാൾ രാഷ്ട്രപതിയുടെ അവാർഡ് നേടിയിരുന്നു, മറ്റൊരാൾ ക്ലാസ് ലീഡറായിരുന്നു, ഇനി മറ്റൊരാൾ സ്റ്റുഡൻറ് പോലീസ് കേഡറ്റായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നു എന്നാണ്.


കുട്ടികളുടെ ആത്മഹത്യ പഠന വിധേയമാക്കുമ്പോൾ അവർ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള കാരണങ്ങൾ പലതാണ്.രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഗെയ്മിംഗ് അഥവാ ഇന്റർനെറ്റ് അഡിക്ഷൻ, പരീക്ഷാ പേടി അഥവാ പരാജയങ്ങൾ, സഹോദരങ്ങളുമായുള്ള വഴക്ക്, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് കഴിഞ്ഞ വർഷം കേരളത്തിലെ കുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ പ്രധാന കാരണങ്ങൾ. ഇതോടൊപ്പം തന്നെ ലഹരിക്ക് അടിമപ്പെട്ട് ജീവിതം നഷ്ടപെടുത്തിയവരും ഉണ്ട്.കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമെല്ലാം പ്രധാന കാരണങ്ങളാണ്.


ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് അതുകൊണ്ട് തന്നെ അതില്ലാതെ ഒരു ജീവിതം നമ്മൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.പക്വതയെത്താത്ത പ്രായത്തിൽ മൊബൈൽ ഫോണും ഇന്റർനെറ്റും വേണ്ടത്ര ലഭിക്കുന്നതും കുട്ടികളെ തെറ്റായ വഴികളിലേയ്ക്ക് നയിക്കുന്നുണ്ട്‌. ഇതിന്റെ പരിണിതഫലമായും ധാരാളം ആത്മഹത്യകൾ നടക്കുന്നുണ്ട്. അതുപോലെ തന്നെ ഇത്തരം സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിലും കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവിടെ അവരുടെ കോംപ്ലക്സ്ആണ് വില്ലൻ. മറ്റുള്ളവരെ പോലെ തനിക്ക് കഴിയുന്നില്ല, കിട്ടുന്നില്ല തോന്നൽ വിഷാദത്തിലേക്ക് നയിക്കുന്നു.


കുട്ടികളുടെ മനസ്സ്നമുക്കെല്ലാം എന്തും എഴുതി ചേർക്കാനുള്ള ഒരു സ്ലേറ്റ് ആണ്
ആ പ്രായത്തിൽ അവരുടെ മനസ്സിൽ പതിയുന്ന ചിത്രങ്ങൾ,കാഴ്ചകൾ, ചിന്തകൾ, അറിവുകൾ വികാരങ്ങൾ, എല്ലാം അവരെ പല തരത്തിൽ ബാധിക്കുന്നുണ്ട്. സമൂഹത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ, ചിന്താശേഷിയെ എല്ലാം ബാധിക്കുന്ന കാര്യമാണ്. ഇന്ന് കേരളത്തിലെ കുടുംബങ്ങളിൽ നടക്കുന്ന കലഹങ്ങളും പൊരുത്തമില്ലായ്മയും ഏറ്റവും കൂടുതൽ ബാധിച്ചുകൊണ്ടിരിക്കുന്നത് കുട്ടികളെയാണ്.കൗമാരക്കാരിൽ ആണ് ആത്മഹത്യപ്രവണത ഏറ്റവും കൂടുതലും കണ്ടുവരുന്നത്‌.മാനസികമായും ശരീരികമായും ഒരുപാട് മാറ്റങ്ങൾ വരുന്ന സമയമാണ് കൗമാരം.

ഈ പ്രായത്തിൽ അവർക്കു ശരിയായ ദിശബോധം വരുത്തണം അവരിലെ മാറ്റങ്ങൾ ഉൾകൊള്ളാൻ അവരെ പ്രാപ്തരാക്കുന്നതോടൊപ്പം, ചൂഷണങ്ങളിൽ നിന്നും, ലഹരികളിൽ നിന്നും അകന്നു നിൽക്കാനും കഴിയുന്നവരാക്കണം.
കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ തടയാൻ മാതാപിതാക്കൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കുട്ടികളുടെ സ്വഭാവത്തിലും സംസാര രീതികളിലും നേരിയ വ്യത്യാസങ്ങൾ സംഭവിയ്ക്കുമ്പോൾ പോലും അത് തിരിച്ചറിയാൻ സാധിയ്ക്കുന്നത് മാതാപിതാക്കൾക്കാണ്. കടുത്ത മാനസിക സംഘർഷമോ വിഷാദാവസ്ഥയോ അനുഭവിയ്ക്കുന്ന കുട്ടികൾ ഇത്തരം ആത്മഹത്യകളിലേയ്ക്ക് നീങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് ഓർമ വേണം. അതിനാൽ കുട്ടിയെ നിരന്തരമായി നിരീക്ഷിയ്ക്കുന്നതിന് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.


മാതാപിതാക്കളുടെ സാമീപ്യം, അവർ കൊടുക്കുന്ന സുരക്ഷ, സ്നേഹവാത്സല്യങ്ങൾ അതൊക്കെ ഓരോ കുഞ്ഞും ആഗ്രഹിക്കുന്നുണ്ട്. ഏതു പ്രായത്തിലും അവർക്കാവശ്യം അവരോടുള്ള സ്നേഹത്തോടെയുള്ള സമീപനമാണ്.അതുകൊണ്ട് തന്നെ അവരെ കേൾക്കാനും അറിയാനും ശ്രമിക്കുക. അവരെ എ പ്ലസിൽ തളച്ചിടാൻ ശ്രമിക്കാതെ ജീവിതത്തിന്റെ എ പ്ലസ് നേടാനുള്ള കരുത്തു പകരുക. ഇനി മാതാപിതാക്കൾക്കു അതിനു കഴിഞ്ഞില്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം. സ്കൂളുകളിൽ കൗൺസിലിംഗ് ഉപയോഗപെടുത്താം. നാളെയുടെ വാഗ്ദാനമാകേണ്ട ജീവനുകൾ അകാലത്തിൽ പൊലിഞ്ഞു പോകാതെയിരിക്കാൻ നാം ഓരോരുത്തരം ജാഗരൂഗരാവണം.

സുബി വാസു

By ivayana