രചന : തോമസ് കാവാലം ✍

വയോജന ദിനത്തിൽ എല്ലാവരും ഒറോമ്മയ്ക്കും ചാച്ചപ്പനും ആശംസകളർപ്പിക്കാനെത്തി. അതിൽ പേരക്കിടാങ്ങളും പോരടിക്കും മരുമക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി കണ്ടപ്പോൾ ഒറോമ്മയ്ക്ക് ആകെ ഹാലിളകി. പൊതുവെ ഒരൽപ്പം ഇളക്കമുള്ളയാളാണ് ഒറോമ്മ. വയസ്സു എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും നല്ല ചുറുചുറുക്ക്‌. ഇപ്പോഴും ചട്ടയും മുണ്ടുമാണു വേഷമെന്നുമാത്രമല്ല അതു സ്വയം അലക്കിതേച്ച് ആണ് ഉപയോഗിക്കുക. നടക്കുമ്പോൾ ഞോറിച്ചില് വിശറി പോലെ കിടന്ന് ആടും. അത് കാണത്തില്ലെങ്കിലും ഒറോമ്മയ്ക്ക് അറിയാം. മുഖം കണ്ടാൽ ഇംഗ്ലീഷ് നാടകം ഫൗസ്റ്റസിലെ ഡയലോഗ് ഓർമ്മവരും: “Was this the face that launched a thousand ships and burnt the topless Ilium”അത്രയ്ക്ക് സുന്ദരി. പണ്ടെന്നല്ല. ഇപ്പോഴും.ആരെയും വാചകത്തിൽ വീഴ്ത്തും.


“അമ്മച്ചി, അവിടെങ്ങാനും ഒന്നിരിക്കമ്മച്ചി”, കൊച്ചുമകൾ കൊച്ചുമോൾ പറഞ്ഞു.
“എല്ലാവരും കൂടി എന്നെ ഇരുത്താമെന്ന് നോക്കണ്ട. എടി കൊച്ചേ നിനക്ക് എത്ര വയസ്സായി? നിന്റെ ഈ പ്രായത്തിൽ അഞ്ചു പെറ്റവളാ ഈ ഒറോമ്മ,” ഒറോമ്മ പറഞ്ഞ് മൂത്തമകൾ കുഞ്ഞൂഞ്ഞമ്മയുടെ മകൾ കൊച്ചുമോളെ ഇരുത്തിക്കളഞ്ഞു. പിന്നെ കൊച്ചുമോൾ വായ്‌ തുറന്നില്ല. കാരണം കൊച്ചുമോൾക്ക് പ്രായം മുപ്പതു കടന്നെന്നു മാത്രമല്ല, വിവാഹം ഒന്നും ആയിട്ടു പോലുമില്ല.


“വല്യമ്മേ, വല്യമ്മക്കെത്ര വയസ്സായി?”ജോമോൾക്കറിയണം. ജോമോൾ രണ്ടാമത്തെ മകൾ ജൂലിമ്മയുടെ മകളാണ്. ഒറോമ്മയുടെ ഇരുപതാം വയസ്സിൽ ഉണ്ടായവളാണ് ജൂലിയമ്മ. ഇപ്പോൾ അമ്പത്തഞ്ചായി. മകൾക്കു വയസ്സ് മുപ്പത്. വിവാഹം ആയിട്ടില്ല. അവൾ കഴിഞ്ഞ അഞ്ചു വർഷമായി യുകെ യിൽ ഒരു ഐ റ്റി കമ്പനിയിൽ ജോലി ചെയ്യുകയാണ്.അവളുടെ അമ്മ എല്ലാ ആഴ്ചയിലും ഓരോ ചെറുക്കന്മാരുടെ പ്രൊഫൈൽ അവൾക്ക് അയച്ചുകൊടുക്കും. അവൾ പിന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന ചോദ്യാവലിയിൽനിന്നും കുറെ തൊടുത്തു വിടും. പാവംചെറുക്കന്മാർ.

മിക്കവരും ആദ്യ അഭിമുഖത്തിൽത്തന്നെ പുറത്താകും. പിന്നെ ആരെങ്കിലും ആവശേഷിച്ചിട്ടുണ്ടെങ്കിൽ അവന്റെ കഷ്ട കാലം. കാരണം ആ അന്തിമ അഭിമുഖം അൽപ്പം കട്ടിയാണ്. അതിൽ ഒരു പ്രധാന ചോദ്യം ഇങ്ങനെയാണ്: “കല്യാണത്തിന് മുൻപ് എലിസ ടെസ്റ്റ്‌ ചെയ്യാൻ തയ്യാറാണോ?”
ഇതുകേട്ടാൽ ഏതു ചെറുപ്പക്കാരനും ഞെട്ടിപ്പോകും.
“എടി, വയസ്സ് കൂടുന്നതനുസരിച്ചു വിവരം കൂടി വെയ്ക്കണം. നിന്റെ വയസ്സ് ആരെങ്കിലും ചോദിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ? പിന്നെന്തിനാ നീ മറ്റുള്ളവരുടെ വയസ്സ് ചോദിക്കുന്നത്”,ഒറോമ്മ ഒറ്റ ശ്വാസത്തിനു അവളെ അടിച്ചു വീഴ്ത്തി.
“അമ്മേ, കൊച്ചുമക്കളെ പ്രകോപിപ്പിക്കാതെ!”അതു ജൂലിമ്മയുടെ വക മുന്നറിയിപ്പ്.
പഴയനിയമത്തിലെ സോളമന്റെ വിജ്ഞാനത്തെ ധ്വനിപ്പിക്കുന്ന വാക്കുകൾ. അതു കേൾക്കാത്ത താമസം ഒറോമ്മ പ്രകോപിതയാകും.


“എന്താടി ഞാൻ കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ ചാടണോ?എന്റെ ഈ പ്രായത്തിൽ നീ ഇതിലും വലിയ ഇടർച്ചവരുത്തില്ലെന്നാരു കണ്ടു.
“അമ്മേ, അമ്മ അവരോട് ഒന്നും രണ്ടും പറയണ്ടെന്നല്ലേ പറഞ്ഞുള്ളു.”അതുപറഞ്ഞത് ഒറോമ്മയുടെ മൂന്നാമത്തെ മകൾ ജെസ്സിയായിരുന്നു.
“എടി നിന്റെ പ്രായത്തിലുള്ള വടക്കേതിലെ ജാൻസിയെനോക്ക്. അവൾക്ക് രണ്ടാണ് മക്കൾ. ഒരാണും ഒരുപെണ്ണും. രണ്ടും കാനഡയിലാ. കല്യാണം കഴിച്ചു കൊച്ചുങ്ങളുമായി. നിന്റെ മക്കളോ? ഇരിപ്പുണ്ടല്ലോ രണ്ടെണ്ണം, വാൽമാക്രികളെപ്പോലെ വായും പൊളിച്ച്. വഴിയെ എന്തു പോയാലും വലിച്ചുകേറ്റും. പിന്നെങ്ങനെ വീർത്തുവരാതിരിക്കും!”


“അമ്മേ, ഒന്നു മിണ്ടാതിരിക്ക്‌. അയൽപക്കത്തുകാർ കേൾക്കും.”
നാലാമത്തെ മകൾ ജാനറ്റിന്റെ പരിദേവനം. അവൾ ഗവണ്മെന്റ് സ്കൂളിൽ അധ്യാപികയാണ്. രാവിലെ ഇറങ്ങും വീട്ടിൽ നിന്ന്. കയ്യിൽ ഒരു മൊബൈൽ ഫോണും ബാഗും കാണും. സ്കൂളിൽ ചെന്നാൽ ബാഗ് സ്റ്റാഫ്റൂമിൽ വെയ്ക്കും.ക്ലാസ്സ്‌ തുടങ്ങിയാൽ പിന്നെ, ക്ലാസ്സ്‌മുറിയിൽ ചെന്നിരിക്കും.കുട്ടികളോട് പാഠം വായിക്കാൻ പറയും.ബെഞ്ചിന്റെ ഒരറ്റംമുതൽ ഓരോരുത്തരായി വായിച്ചുകൊണ്ടിരിക്കും,പീരിയഡ് തീർന്നു ബെല്ലടിക്കും വരെ. ടീച്ചർ എന്നിട്ട് എഴുത്തുതുടങ്ങും- ഗൈഡ്. കുട്ടികൾക്ക് പഠിക്കാനുള്ള ഇംഗ്ലീഷ് പുസ്തകത്തിന്റെ ഗൈഡ് ആണ് എഴുതുന്നത്.


“എടി,നിന്റെ പ്രായമുള്ള എൽസിയെ കണ്ടോ!അവളുടെ മകൻ ജോമി യുവജനോത്സവത്തിൽ എത്ര സമ്മാനമാ വാങ്ങിയത്. അയല്പക്കത്തുകാർ നിന്നെക്കുറിച്ചു എന്താ പറയുന്നത്?’കൂത്താടി’എന്നല്ലേ നിന്നെ അവർ വിളിക്കുന്നത്‌.”
കൂത്താടി വെള്ളത്തിൽ കിടന്നു തുള്ളുന്നപോലെ ജാനറ്റ് പിള്ളേരുടെ മുൻപിൽ കിടന്നു തുള്ളും. അവർ എന്തെങ്കിലും സംശയം ചോദിച്ചാൽ, എന്തെങ്കിലും പരാതി പറഞ്ഞാൽ സ്കൂളിൽ കിടന്നു തുള്ളും. വീട്ടിലും തുള്ളും.അവളുടെതന്നെ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ മകന് എല്ലാപെൺപിള്ളേരോടും ഒന്നേ പറയാനുള്ളു:”May I marry you?”


ഹെഡ്മിസ്ട്രെസ് സഹികെട്ട് ടി സി കൊടുക്കാൻ വരെ തയ്യാറായി. പക്ഷെ ടീച്ചറിന്റെ ബലത്തിൽ പിടിച്ചു നിന്നു.
“അമ്മതന്നെ ഓരോന്നു പറഞ്ഞു നമ്മളെ നാറ്റിക്കും”. അഞ്ചാമത്തെ മകൾ ജിജിയുടെ പരാതി.അവൾക്ക് വയസ്സ് നാൽപത്.
“എടി,. നിന്റെ പ്രായത്തിൽ ഞാൻ നൂറുപേർക്ക് സദ്യവെച്ചു വിളമ്പുമായിരുന്നു.നിനക്ക് മൊബൈലിൽ നിന്നു കണ്ണുപൊക്കാൻ നേരമില്ല.എടി,നിന്റെ അയൽക്കാരൻ അന്ത്രോസിനെ നോക്കെടി നിന്റെ കെട്ടിയോനെപ്പോലാണോ അവൻ. അവനാ ആ വീട്ടിലെ സകല പണിയും ചെയ്യുന്നെ. അവൻ വെയ്ക്കുന്ന മീൻകറിക്കു എന്താ രുചി.”
ഒറോമ്മ ആ മീൻകറി രുചിച്ചതുപോലെ വെള്ളമിറക്കും. പിന്നെ കുറെ നേരം മിണ്ടാതിരിക്കും.


“അമ്മച്ചീ, അമ്മച്ചിയുടെ പ്രായമുള്ള അങ്ങേതിലെ മത്തായിച്ചൻ എന്തിയേ?അയാളങ്ങുപോയിട്ടു വർഷം ഇരുപതായില്ലേ?ഞാനന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുവാ.ആ ഏലമ്മയല്ലോ എല്ലാത്തിനേം വളർത്തിയതും പഠിപ്പിച്ചതും കെട്ടിച്ചതും എല്ലാം?”കൊച്ചുമോൾ തക്കം നോക്കി യിരിക്കുകയായിരുന്നു അമ്മച്ചിക്കിട്ട് ഒന്നു കൊടുക്കാൻ.
ഒറോമ്മയുടെ നാവിറങ്ങിപ്പോയതുപോലെ. പിന്നെ കുറെ സമയം ഒറോമ്മ ഒന്നും മിണ്ടിയില്ല. ഭർത്താവ് ചാച്ചപ്പൻ അടുത്തുതന്നെ ഒരു ചാരു കസേരയിൽ കിടപ്പുണ്ടായിരുന്നു. കൊച്ചുമോളുടെ വാക്കുക്കെട്ട് അയാൾ ഒന്ന് ഊറി ചിരിച്ചു. എല്ലാവരും ആ ചിരിയിൽ പങ്കുകൊണ്ടു.
അങ്ങനെ ഒരു വയോജനദിനം കൂടി കടന്നുപോയി.

തോമസ് കാവാലം

By ivayana