രചന : വാസുദേവൻ. കെ. വി✍

“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം , അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടുകയും , മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം.”
ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ നിന്നും കടം ക്കൊണ്ട് പദ്മരാജൻ കുറിച്ചിട്ട വരി ഓർക്കാത്തവരുണ്ടോ??
“ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ..”
എന്ന രാഗാപേക്ഷ പാട്ടുവരികളിൽ ചേർത്തിട്ടത് അനശ്വരനായ വയലാർ.
റൂമിയുടെ, ജിബ്രാന്റെ മൊഴിമാറ്റം
ചെയ്ത പ്രണയവാഴ്ത്തലുകൾ. ഇതൊക്കെ ആസ്വദിച്ച് പ്രണയ വലയിൽ കുരുങ്ങി തകർന്ന എത്രയെത്ര ദാമ്പത്യങ്ങൾ!!,
നാമ്പു കരിഞ്ഞ ജീവിതങ്ങൾ!!
ഗുണദോഷ സമ്മിശ്രം പ്രണയം.
അരാജകത്ത ജീവിതവഴികളിൽ പെണ്ണുടൽ തേടി അലയുന്ന മണ്ണാർത്തൊടി ജയകൃഷ്ണനും, മംഗലശ്ശേരി നീലകണ്ഠനുമൊക്കെയാണ് അവരിൽ ഇടയ്ക്ക് ചാലിച്ചു ചേർത്ത പ്രണയഫില്ലറുകളാൽ നമ്മുടെ ഇഷ്ടകഥാപാത്രങ്ങൾ.!!
കുന്തമാണ് കുടച്ചക്രമാണെന്നൊക്കെ എഴുതിവിട്ട് എഴുത്തുകാർ വർണ്ണിക്കുന്ന പ്രണയം. അനുഭവിച്ചവർക്കേ അറിയൂ പ്രണയത്തിന്റെ തീവ്രതയും, തീക്ഷ്ണതയും വ്യഥയും വേദനയുമൊക്കെ.
പ്രണയക്കൊലകൾ പിറക്കുമ്പോൾ അപലപിക്കാൻ ഇറങ്ങുന്നവർക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല യഥാർത്ഥ പ്രണയം.
മനവും തനുവും ഒന്നായിച്ചേർന്ന് പിന്നൊരുനാൾ ഏകപക്ഷീയമായ ചുവടുമാറ്റം, അത് മറ്റൊരു ഇണയെതേടി എന്നത് കൂടിയാവുമ്പോൾ സത്യത്തിലൊരു ചങ്കു പറിച്ചോട്ടം അത്. ചത്തതിനൊക്കുമേ ജീവിച്ചിരിപ്പ്. നിരന്തരം വിളമ്പും ചാറ്റ്ഭാഷയിൽ ടോക്സിക് എന്ന് വിളിക്കാം അതിനെ. വിവേകം മറികടന്ന് വികാരം ചലിക്കുമ്പോൾ കായികക്കരുത്തിൽ പൂവൻ ആയുധമേന്തുന്നു. പിട സ്വയംഹത്യയ്ക്ക് മുതിരുന്നു.
പ്രണയം എന്തിനോടുമാവാം. പ്രണയം കിനാവുകാണാൻ വേദി യൊരുക്കുന്നു. പ്രത്യാശകളേകുന്നു.
ഒരു നാൾ യാഥാർത്ഥ്യം തിരിച്ചറിയപ്പെടുമ്പോൾ, എല്ലാം പാഴ്ക്കിനാക്കളാണെന്നറിയുമ്പോൾ പ്രത്യാശയറ്റ് വിശദരോഗിയായി മാറുന്നു. ഹത്യാപ്രവണത വട്ടം ചുറ്റുന്നു.
“ഇവർക്കിതെന്ത് പറ്റീ? ഞങ്ങളുടെ കാലത്ത് ഇങ്ങനെ ആയിരുന്നില്ല പ്രണയം ” എന്ന് തള്ളിവിടുന്നവർ ഓർക്കുക.നിങ്ങൾ പ്രണയിച്ചിട്ടില്ല, അഥവാ ഉണ്ടെങ്കിൽ മാംസനിബദ്ധിത പ്രണയമാവും നിങ്ങളുടെ.
എന്നും പ്രണയത്തിനു ഒരേ രൂപം. ഹത്യാ പ്രവണത അതിന്. പരഹത്യ അല്ലെങ്കിൽ സ്വയംഹത്യ കൂട്ടിന്.
രമണൻ പാടി നടക്കുന്ന നമ്മൾ ഓർക്കുക കവി ഇടപ്പള്ളിയെ.. നന്ദിതയെ, രാജലക്ഷ്മിയെ, സിനിമാ ലോകത്ത് ഉർവ്വശി ശോഭ തൊട്ട് മയൂരിയും,സിൽക്ക് സ്മിതയും വരെ. വേർജിനിയ വൂൾഫ് തൊട്ട് വാൻഗോഖ് വരെ.
ഒപ്പം പരഹത്യക്കു തുനിഞ്ഞ നൂറായിരം വ്യക്തിത്വങ്ങളെ..
പ്രണയം കരിയുമ്പോൾ
ബൈപോളാർ ഡിസോഡർ ബാധിച്ച്, മുമ്പു കുറെ സ്വയം സമർപ്പിച്ചവനോടുള്ള കെറുവ് മൂത്ത് “ഞാൻ കൂടി “വഴി അവന്റെ അമ്മയെ,… സഹോദരിമാരെ,.. പെണ്മക്കളെയൊക്കെ കണ്ണീരിലാഴ്ത്തും വ്യക്തിഹത്യക്കു തുനിയുന്നവരെയും കാണാനാവുന്ന കാലമിത് …
ഉദാത്തമാണ്, അനശ്വരമാണ്, പിണ്ണാക്കാണ്, പരുത്തിക്കുരുവാണ്, ജീവവായുവാണ് എന്നൊക്കെ എഴുത്തുകാർ കുറിച്ചിടട്ടെ. പിടകളുടെ ശൂ..ശൂ.. കണക്കേ ഇടയ്ക്കിടയ്ക്ക് നവമാധ്യമഎഴുത്തു സിങ്കങ്ങൾ പ്രണയം എഴുതി താൾ നിറയ്ക്കട്ടെ.
നമുക്ക് പരിശോധിക്കാം ഹത്യാ ത്വരയേകും പ്രണയം ഭ്രമമാണോയെന്ന്.. തൊട്ടാൽ വീണുടയും സ്ഫടിക സൗധം ആണോ പ്രണയമെന്ന്. ഹോർമോൺ വരുത്തുന്ന വൈകൃതരോഗമാണോ എന്നതും.
വാഴ്ക പ്രണയമേ..

വാസുദേവൻ. കെ. വി

By ivayana