രചന : മാഹിൻ കൊച്ചിൻ ✍

ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി ലഭിച്ചില്ലെങ്കിൽ അവളെ ഇല്ലായ്മ ചെയ്യുന്ന പുതിയ തലമുറയാണ് ഇന്ന്. മധ്യവർഗ്ഗ മലയാളിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രോഗാതുരമായ മാനസികനിലകളിലേക്ക് വിരൽചൂണ്ടുന്നതാണ് കുറച്ചുമാസങ്ങളായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന “പ്രണയ കൊലപാതകങ്ങളും, സ്ത്രീധന കൊലകളും. ഭീതികതമായ സാമൂഹ്യ പ്രശ്‌നങ്ങളുയർത്തുന്ന ഈ കൊലപാതകങ്ങൾ ആധുനിക മലയാളിയുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് ഗൗരവമേറിയ വിശകലനങ്ങളും, തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്….


പ്രണയം നിഷേധിക്കുമ്പോൾ പൈശാചികമായവിധം പെണ്ണിനെ കൊല്ലുന്ന മനോനിലയിലേക്ക് മധ്യവർഗ്ഗ – പ്രബുദ്ധ കേരളം അധഃപതിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് വടകരയിൽ ചിത്രയെന്ന പെൺകുട്ടി പെട്രോൾ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് താനാരിഴയ്‌ക്കായിരുന്നു. കോതമംഗലത്ത് കണ്ണൂർകാരിയായ പെൺകുട്ടിയെ കാമുകൻ വെടിവെച്ചു കൊലപ്പെടുത്തിയത് തൊട്ട് , സഹപ്രവർത്തകനാൽ കൊല്ലപ്പെട്ട സൗമ്യയുടേതുൾപ്പടെ നിരവധി കൊലപാതകമാണ് നടന്നിരിക്കുന്നത്….


ഒരു മാർച്ച് 19 നാണ് തിരുവല്ലയിൽ റേഡിയോളജി കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയെ നടുറോട്ടിൽ തടഞ്ഞുകുത്തിപ്പരിക്കേൽപ്പിച്ചു പെട്രോളൊഴിച്ചു കത്തിച്ചു കൊന്നുകളഞ്ഞത്. ഒരു ഏപ്രിൽ നാലിനാണ് തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ ചിയാരത്ത് സ്വദേശിനിയെ സുഹൃത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നത്. ഒരു മാർച്ച് പതിനാലിനാണ് കൊച്ചിയിൽ ഏവിയേഷൻ കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ മുഖംമൂടി സംഘം പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥയെ കാമുകനായ സഹപ്രവർത്തകൻതന്നെ വെട്ടിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു തള്ളിയതും. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പാനൂരിൽ ഫാർമസി ജീവനക്കാരിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ സുഹൃത്ത് കഴുത്ത് അറുത്ത് തീർത്തിരിക്കുന്നു….


കൊലപാതകമെന്ന് കേൾക്കുമ്പോൾ വ്യക്തിവൈരാഗ്യവും രാഷ്ട്രീയവും ക്വട്ടേഷനുമൊക്കെയായിരുന്നു സാംസ്കാരിക കേരളത്തിനു ഇതുവരെ പരിചയമുണ്ടായിരുന്ന മുഖം. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി യാഥാർഥ്യങ്ങളാകെ മാറിയിരിക്കുന്നു. ധാർമ്മികവും അല്ലാത്തതുമായ സ്ത്രീപുരുഷ ബന്ധങ്ങളുടെയും, സൗഹൃദങ്ങളുടെയും ഫലമായി ഉടലെടുക്കുന്ന പ്രണയം, പ്രണയനൈരാശ്യം, പ്രണയനിരാസം തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടായ ഹീനമായ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. പ്രതിദിനം ഇന്ത്യയിൽ ഏഴ് കൊലപാതകങ്ങള്‍ ഇത്തരം ബന്ധങ്ങൾ കാരണം നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്ക്.

14 ആത്മഹത്യകളും ദിവസേന പ്രണയം കാരണമായി നടക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അൻപതോളം തട്ടിക്കൊണ്ടു പോവലുകളും ശരാശരി ദിവസേന നടക്കുന്നതിന്റെ കാരണവും പ്രണയമല്ലാതെ മറ്റൊന്നല്ല എന്നത് ഞെട്ടിക്കുന്നതാണ്. ദുരഭിമാന കൊലപാതകങ്ങളും പ്രണയനിരാസത്തിൽ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പതിവായ നോർത്തിന്ത്യൻ മധ്യവർഗ്ഗ ജീവിതത്തിനു സമാനമായി, നമുക്ക് വാർത്തകളിൽ വായിച്ച്മാത്രം പരിചയമുള്ള ഹീനമായ കുറ്റകൃത്യങ്ങൾ കേരളത്തിലും വ്യാപകമാവുകയാണ് എന്നത് ഗൗരവമേറിയതാണ്….


പ്രണയത്തകര്‍ച്ചയിലോ, നീരസത്തിലോ പുരുഷന്‍മാര്‍ ചെയ്യുന്ന കൊപാതകങ്ങളും , ഒന്നിച്ചു ജീവിക്കാൻ വീട്ടുകാരുടെ അനുമതിയില്ലാത്തതിനാലോ സാമൂഹ്യസമ്മർദ്ദങ്ങളാലോ കമിതാക്കള്‍ ഒന്നിച്ചു നടത്തുന്ന ആത്മഹത്യ, നോർത്തിന്ത്യൻ മോഡലിൽ ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍, കാമുകന്റെ മറ്റൊരു പ്രണയം അറിയുമ്പോഴുള്ള പ്രതികാരം തുടങ്ങി വിവിധ രൂപത്തിലാണ് സമകാലിക കേരളത്തിൽ പ്രണയം കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നത്. ചെന്നൈയിൽ പ്രണയം നിരസിച്ചതിനെ തുടർന്നാണ് അടുത്തിടെ രമ്യ, സ്വാതി, സോണിയ, ഫ്രാൻസീന, ഇന്ദുജ എന്നീ പെൺകുട്ടികളെ യുവാക്കൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വാർത്ത രാജ്യത്തെ ഞെട്ടിച്ചത്….


പുതിയകാല കേരളത്തിലേക്ക് വന്നാൽ ദുരഭിമാനക്കൊലപാതകങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് കാണാം. ആതിരയുടേയും കെവിന്റേതും പ്രണയം മൂലമുണ്ടായ ദുരഭിമാന കൊലയായിരുന്നു. കാക്കനാട് കൊലചെയ്യപ്പെട്ട ജിബിൻ വർഗീസിനും വിനയായത് പ്രണയമാണ്. കഴിഞ്ഞ രണ്ടു വർഷം മുമ്പ് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ ലക്ഷ്മിയെന്ന വിദ്യാർത്ഥി തീയിലെരിയപ്പെട്ടതും പ്രണയത്തിന്റെ പേരിലായിരുന്നു.

പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. സംഭവത്തിൽ രണ്ട് പേരും മരണപ്പെട്ടു. വളരെയധികം മതകീയമായ സമൂഹമാണ് കേരളത്തിൻറെ മധ്യവർഗം എന്നതാണ് വസ്തുത. മതവും ജാതിയും രാഷ്ട്രീയ നിലപാടുകളെപ്പോലും സ്വാധീനിക്കുന്ന സമൂഹം കൂടിയാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുമ്പോഴും നമ്മുടേത്. ആചാരങ്ങളുമായി ബന്ധപ്പെട്ട ഉന്നതകോടതിവിധികൾക്കെതിരെ തെരുവിലിറങ്ങാൻ പോലും സന്നദ്ധമായ ഒരു സ്ത്രീപുരുഷസമൂഹം പോലും കേരളത്തിലുണ്ടെന്ന് നാം കണ്ടതാണ്. പക്ഷേ നമ്മുടെ ധാർമ്മിക ചിന്തകളെയും ദൈനംദിന ജീവിതത്തെയും, വിശേഷിച്ചും പുതിയ തലമുറയെ, മതധാർമ്മികതകൾ പോലും സ്വാധീനിക്കുന്നില്ല എന്നതാണ് ഇത്തരം ക്രൂരകൃത്യങ്ങൾ സൂചിപ്പിക്കുന്ന പാഠം….


കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്ന കാലത്തെ സുരക്ഷിതബോധവും, ബന്ധങ്ങളുടെ ഊഷ്മളതയും, സൗഹൃദങ്ങളുടെ ആഴവും, സാമൂഹ്യസുരക്ഷിതത്വവും നവകാലത്തെ ന്യൂക്ലിയർകുടുംബങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്നില്ല എന്നതാണ് പ്രധാനമായും ഇതിനെല്ലാം ഹേതുവായി നമുക്ക് കാണാനാവുക. മനുഷ്യരെല്ലാം അവനവനിസത്തിന്റെ ചെറിയ ദ്വീപുകളിലേക്ക്, സ്വന്തം മുറിയും സ്മാർട്ട് ഫോണും, കമ്പ്യൂട്ടറും ഓൺലൈൻ സൗഹൃദങ്ങളും മാത്രമുള്ള ലോകങ്ങളിലേക്ക് ചുരുങ്ങി ചുരുങ്ങി ചെറുതായിരിക്കുന്നു എന്നതും സാമൂഹ്യ യാഥാർഥ്യമാണ്. അവിടെ നടക്കുന്ന കുഞ്ഞുകുഞ്ഞു അസ്വാരസ്യങ്ങൾപോലും വ്യക്തിജീവിതങ്ങളിലെ വലിയ അഗ്നിപർവ്വത സ്ഫോടനങ്ങളായി മാറി, സ്വയം നശിക്കുകയും മറ്റുള്ളവരുടെ പ്രാണനെടുക്കുന്ന ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു….


ഈ സമയത്ത് സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമ ചർച്ചകളിലും കാണുന്ന “കത്തിച്ചവനെ കത്തിക്കണം”- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല. കൊലപാതകം ഒന്നിനും ന്യായീകരണമോ പരിഹാരമോ അല്ല എന്ന് അംഗീകരിക്കുമ്പോൾത്തന്നെ ഇത്തരം വിഷയങ്ങളിലെ പുതിയകാല മാധ്യമമായ സോഷ്യൽ മീഡിയകളിലെ മുൻവിധികൾ മിക്കപ്പോഴും തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നതാണനുഭവം.!
ക്രൂരതകളിൽ, കുറ്റകൃത്യങ്ങളിൽ ലിംഗവ്യത്യാസമുണ്ട് എന്നുള്ള മൗഢ്യങ്ങളിൽ അഭിരമിക്കാൻ, ഞാൻ തയ്യാറല്ല. ഒരു സാമൂഹ്യമുൻവിധികളും നമ്മെ നയിക്കുന്നത് ശരിയല്ല എന്നതാണ് എന്റെ നിലപാട്. കാമുകനുമായി ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിച്ചെറിഞ്ഞ സ്ത്രീകളും, സ്വന്തം കുഞ്ഞുങ്ങളെ ഭേദ്യം ചെയ്തുകൊല്ലാനും, ലൈംഗികമായി ചൂഷണം ചെയ്യാനും അനുവാദം നൽകുന്ന സ്ത്രീകളും നമ്മൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഭർത്താവിനെയും , അയാളുടെ അമ്മയെയും , അച്ഛനെയും , അവളുടെ കാമുകന്റെ ഭാര്യയെ അടക്കം ക്രൂരമായി സയനേഡ് നൽകി കൊന്ന കൊച്ചമ്മാരും നമ്മൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു ലിംഗവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോഴും ഈ സാമൂഹ്യ ദുരന്തങ്ങളിൽ പഴിചാരുമ്പോഴും നാം ശ്രദ്ധിക്കേണ്ടതുണ്ട്.!


പ്രണയവും പ്രണയനൈരാശ്യവുമെല്ലാം മനുഷ്യമനഃശാസ്ത്രത്തിൽ സ്വാഭാവികമാണ്. എന്നാൽ, പൈശാചികമായ കൊലപാതകങ്ങൾ സ്വാഭാവികമല്ല, മാത്രമല്ല സാമൂഹ്യ തിന്മയുമാണ്. പക്ഷേ, “എറിഞ്ഞു, ലിംഗംഛേദിച്ചു കൊല്ലവനെ” -ആക്രോശങ്ങൾകൊണ്ട് മാനസികാരോഗ്യമുള്ള, രോഗാതുരമല്ലാത്ത വ്യക്തികളെയും സമൂഹമനഃസ്സാക്ഷിയെയും പുനർനിർമ്മിക്കാനാകുമെന്നു കരുതുകവയ്യ. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വികലമായ മുൻവിധികളും പരിഹാരം സാധ്യമാക്കില്ല. കുറ്റകൃത്യങ്ങളിലെ സാമൂഹ്യ മുൻവിധികൾ മിക്കപ്പോഴും പിഴവുകളായിരുന്നു എന്നതായിരുന്നു ചരിത്രവും. ഇത്തരം ഹീനകൃത്യങ്ങളിൽ സുതാര്യമായ അന്വേഷണം നടക്കട്ടെ; രോഗാതുരമായ മനസ്സുള്ള നമ്മുടെ സമൂഹത്തിനും, വ്യക്തികൾക്കും സമൂലമായ മാറ്റവും പരിവർത്തനവും ഉണ്ടാകുവാനുള്ള സാമൂഹ്യ – ഭരണകൂട- ജുഡീഷ്യൽ ജാഗ്രതകൾ ഉണ്ടാവട്ടെ…!!
വിഷ്ണുപ്രിയയ്ക്ക് കണ്ണീർ പ്രണാമങ്ങൾ …

മാഹിൻ കൊച്ചിൻ

By ivayana