രചന : വാസുദേവൻ. കെ. വി ✍

അവർ പതിവുപോലെ പച്ചവെട്ടം
കെടുത്തി സുരക്ഷിതമാക്കി. പ്രണയകിന്നാര ശീൽക്കാരങ്ങളാൽ നിശ
നിദ്രാവിഹീനം.
അവൾ ആരാഞ്ഞു
“ഒന്ന് നേരിൽ കാണാൻ തോന്നുന്നു.എത്ര നാൾ നമ്മൾ ഈ വിധം??”
” പ്രണയസ്പാർക്ക് ഉള്ളിടത്തോളം കത്തി നിൽക്കും ഇത്.”
അവന്റെ മറുപടിയിൽ തൃപ്തിവരാതെ അവൾ മുദ്രയിട്ടു,
“സങ്കടങ്ങൾ ചേർത്ത് വെക്കുമ്പോഴും പ്രണയം ഉണ്ടാകുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടി തുടങ്ങിയശേഷം ആണ്.. ”
വിവാഹനിശ്ചയപ്രഖ്യാപനം കുറിച്ചിടാൻ ഇരുപതു കടന്ന മേയറൂട്ടി കടമെടുത്തത് ബഷീറിന്റെ വരികൾ.


അതും നനഞ്ഞപടക്കമായപ്പോൾ ആവനാഴിയിൽ അവൻ ശരം തെരഞ്ഞു.
ജാരപാടവതന്ത്രങ്ങൾ ചികഞ്ഞെടുത്ത് അവനൊരു സിനിമാനുഭവം
വിളമ്പി.
“പരസ്പരം കാണാതെ രണ്ടുപേര്‍ക്കിടയില്‍ പ്രണയം സാധ്യമാകുമെന്ന് കുറിച്ചിട്ടത് ജിബ്രാൻ . മതിലിനപ്പുറവും, പ്രണയം അനശ്വരമെന്ന് കാട്ടി ത്തന്നത് ബേപ്പൂർ സുൽത്താനും.
മാംസനിബദ്ധമല്ല പ്രണയം എന്ന് കുറിച്ചിട്ട കവി .


ഇതിന്റെ മറ്റൊരു ദൃശ്യാവിഷ്ക്കാരം ‘ജാപ്പനീസ് വൈഫ് ‘എന്ന ബംഗാളി സിനിമ. കുനൽ ബസുവിന്റെ കഥ അവലംബമാക്കി 2011 ൽ അപർണ സെൻ ആവിഷ്‌കരിച്ച സെല്ലുലോയ്ഡ് ചാരുത. ജാപ്പാനീസ് നടി ചിഗുസ ടകാകു വിനെയും, ആക്ടിവിസ്റ്റ് കൂടിയായ മിസ്റ്റർ & മിസ്സിസ് അയ്യർ നായകൻ രാഹുൽ ബോസിനെയും നായികാനായകരാക്കി ക്കൊണ്ട് തീർത്ത സിനിമ.


ബംഗാളിഅദ്ധ്യാപകൻ സ്‌നേഹമൊയ് ചാറ്റര്‍ജിയും ജപ്പാൻകാരി മിയാഗെയും പ്രണയപൂർവ്വം സങ്കല്പദാമ്പത്യജീവിതം. ചാറ്റും വീഡിയോകാളും ഇല്ലാത്ത കാലത്ത് കടല്‍ കടന്നെത്തുന്ന എഴുത്തുകളിലൂടെ അവര്‍ സംവദിച്ചു. ആർഷഭാരത ദാമ്പത്യ ചിന്താധാരകളോടെ കാമിനിയുടെ സീമന്തരേഖയില്‍ കുങ്കുമം ചാർത്താൻ നായകന് തീവ്ര മോഹം. അവർക്കത് തപാലില്‍ അയക്കാനേ ആവൂ. പ്രണയവരികൾ വായിച്ച് സുമംഗലീനിര്‍വൃതികൊണ്ടു.


കത്തെഴുത്തിന്റെ കാലം കടന്നവരുടെ പ്രണയം ഫോൺ വിളി നാളുകളിലൂടെ മുന്നേറുന്നു. , ബംഗാളിയായ സ്‌നേഹമൊയി ചാറ്റര്‍ജിയും ജാപ്പനീസുകാരിയായ മിയാഗെയും പ്രണയവും കടന്ന് ദാമ്പത്യജീവിതം ആരംഭിക്കുകയാണ്. കടല്‍ കടന്നുവന്ന കുറിമാനങ്ങളിലൂടെ അവര്‍ സംസാരിച്ചു. മിയാഗേയുടെ സീമന്തരേഖയില്‍ സ്‌നേഹമൊയിക്ക് സിന്ദൂരമണിയിക്കാനായില്ല. അയാള്‍ക്കത് തപാലില്‍ അയക്കാനേ ആവൂ. എങ്കിലും സുമംഗലിയുടെ നിര്‍വൃതിയുണ്ട് മിയാഗേയുടെ മുഖത്ത്.
കത്തൊക്കെ എഴുതിക്കൊണ്ടിരുന്ന നിഷ്‌കളങ്കത നിറഞ്ഞ ആ കാലത്തേക്ക് കൂടി ഈ ചിത്രം നമ്മെ കൊണ്ടുപോകുന്നു,


സംയോഗവും, സംഭോഗവു മില്ലാതെ നീണ്ട പതിനേഴു വര്‍ഷം അവരുടെ പ്രണയ ദാമ്പത്യത്തിന്. സങ്കടങ്ങൾകൊണ്ടു സമ്പന്നമാക്കുന്ന പതിവ് പരിസമാപ്തി തന്നെ ഇതിലും . ഞണ്ടിൻ കാലിറുക്കം കൊണ്ടു വലഞ്ഞ പ്രേയസിയെ പരിചരിക്കാൻ പോലുമാകാതെ തകര്‍ന്നു പോകുന്ന സ്‌നേഹമൊ യ് , ദീർഘ അവധിയെടുത്ത് അയാള്‍ കൊല്‍ക്കത്ത വീഥികൾ തോറും അലയുന്നു. പ്രേയസിക്കുള്ള മഹാരോഗത്തിന് മരുന്നു തേടി.


സ്‌നേഹമൊയിയുടെ അപ്പോഴത്തെ വികാര വിക്ഷുബ്ധതകള്‍ തിരിച്ചറിയുന്നവൾ. മഴ ചാറുമ്പോൾ , നനഞ്ഞൊട്ടി ടെലിഫോണ്‍ ബൂത്തിലെത്തി മിയാഗേയോട് കരുതലോടെ സംസാരിക്കുന്ന ദൃശ്യം ആർക്കും മറക്കാനാവില്ല. അയാൾക്ക് ന്യുമോണിയ പിടിപെട്ട് ശുഷ്രൂഷ കിട്ടാതെ മരണം.
പിന്നീട് സ്‌നേഹമൊയ് ഇല്ലാത്ത ഗ്രാമത്തിലെത്തി കടത്തുകടവില്‍ ശുഭ്ര വസ്ത്രമണിഞ്ഞ് വിധവയെപ്പോലെ അവള്‍ വന്നിറങ്ങുന്നതും ഉള്ളിൽ തട്ടുന്ന ദൃശ്യാനുഭവം.


നാട്ടിലെ വിധവയായ ഒരു സ്ത്രീയോട് തോന്നിയ താൽപ്പര്യം വരെ പ്രണയിനിയോട് ഇത്തിരി കുറ്റബോധതോടെ പങ്കിട്ടുന്ന നിഷ്കളങ്കത നമ്മെ അത്ഭുതപ്പെടുത്തും. പ്രണയത്തിൽ പലതും മറച്ചു പിടിക്കുന്ന നമ്മളെ.”
സിനിമയ്ക്ക് തിരശീല വീണപ്പോൾ അവൻ താത്വികനുമായി അവൾക്ക് മുമ്പിൽ
മനവും തനുവും പങ്കിട്ടു പിന്നെ പ്രണയം കഴുത്തറക്കുന്ന കാലം ഇത്.
പരസ്പര സമര്‍പ്പണത്തേക്കാള്‍, വിശ്വാസത്തേക്കാള്‍ കരുതലിനെ ക്കാളപ്പുറം പ്രണയമെന്നത് മറ്റെന്താണ്?


സാമീപ്യം എന്നത് പ്രണയം പൂത്തു നിൽക്കാൻ അനിവാര്യമല്ലല്ലോ.
കവിത ചൊല്ലിയും, കഥപകർന്നും അഴക് വാഴ്ത്തിയുമല്ലാതെ ജാരന്മാർക്ക് പിടിച്ചു നിൽക്കാൻ ആവതില്ലല്ലോ.

വാസുദേവൻ. കെ. വി

By ivayana