രചന : തോമസ് ആന്റണി ✍

അരുത് ലഹരി സഹചരെ!
അരുമയാണ് ജീവിതം
അതുതരും ലഹരിയാ-
ണവനിലതുല്യമാം.
ദുരയണിഞ്ഞ ജീവിതം
വിരവിലേകും ദുരിതമാം
കരകയറാനാവുമോ
കയമതിൽ നാം വീഴുകിൽ.
മരുന്നു പോലെ വന്നിടും
ലളിതഹൃദയനെന്ന പോൽ
ഗരളമായി കൊന്നിടും
ഒളിവിലിരുന്നെയ്തിടും .
കഷ്ടനഷ്ടമൊക്കെയും
ദുഷ്ടിയും വിട്ടീടുവാൻ
ഇഷ്ടമോടെ ജീവനും
തുഷ്ടിയും നാം നേടുക.
അരുതരുതതെന്നുമേ
സിരകളില്‍ പടരുമേ
അർബ്ബൂദമതു തിന്നിടും
അരിഞ്ഞു തള്ളും ജീവിതം.
എരിഞ്ഞു തീരുമീയൽപോൽ
കരഞ്ഞൊടുങ്ങും ജീവിതം
കരിഞ്ഞു വീഴും യൗവ്വനം
വരണ്ട കൂപമെന്നപോൽ.
ഒരിക്കലും നീ തൊടരുത്
കടയ്ക്കൽ വെച്ച കത്തിപോൽ
വരച്ചവരയിൽ നിർത്തുമീ
തുടച്ചുമാറ്റും കറുപ്പവൻ.
മരണമുണ്ട് പുകയിലും
ചരസ്സിലും കഞ്ചാവിലും
ഉടലെരിക്കും കനലുപോൽ
ഒടുങ്ങിടും നീ ചിതയതിൽ.
ലഹരിയിത്തിരി നേടിയാൽ
ഇഹത്തിൽ നിന്നു പോയിടാം
സഹിച്ചു ദുരിതമായിടും
മഹത്തരമീ ജീവിതം.

By ivayana