വലിയശാല രാജു✍️.
2025 ജൂലൈ 4-ന് പുലർച്ചെയോടെ അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസ് സംസ്ഥാനത്തെ ഗുവാഡലൂപ്പെ നദീതടത്തിൽ ആഞ്ഞടിച്ച മിന്നൽ പ്രളയം (flash flood) ലോകത്തെ ഞെട്ടിച്ചു. 25-ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതയാണ് ആദ്യ റിപ്പോർട്ടുകൾ. ഈ ദുരന്തം, കാലാവസ്ഥാ പ്രവചനങ്ങളുടെ പ്രാധാന്യവും ഒപ്പം അവ നേരിടുന്ന വെല്ലുവിളികളും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
ഈ പ്രളയത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
അസാധാരണമായ മഴയുടെ തീവ്രതയായിരുന്നു പ്രധാനം. ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ടെക്സാസിൽ അസാമാന്യമായ മഴയാണ് പെയ്തത്. ട്രോപ്പിക്കൽ സ്റ്റോം ബാരിയുടെ അവശിഷ്ടങ്ങൾ രൂപംകൊടുത്ത ഈ മഴ വെറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ 10-12 ഇഞ്ച് (ഏകദേശം 250-300 മില്ലിമീറ്റർ) വരെ രേഖപ്പെടുത്തി. സാധാരണ മഴക്കാലമാണ് ഈ സമയം. പക്ഷെ ഇപ്പോൾ ജൂലൈ മാസത്തിലെ സാധാരണ മഴയുടെ മൂന്നിരട്ടിയോ അതിലധികമോ ആയിരുന്നു. ജൂലൈ 3-ന് രാത്രിയോടെ തുടങ്ങിയ മഴ 4-ന് പുലർച്ചെ 1:30 ഓടെ അതീവ രൂക്ഷമായി.
കനത്ത മഴ ഗുവാഡലൂപ്പെ നദിയിലെ ജലനിരപ്പ് അതിവേഗം ഉയർത്തി. വെറും രണ്ട് മണിക്കൂറിനുള്ളിൽ നദിയിലെ ജലനിരപ്പ് 22 അടി വരെ വർധിച്ചു. ചിലയിടങ്ങളിൽ 29.5 അടി വരെ ഉയർന്നതായും റിപ്പോർട്ടുണ്ട്. നദികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം വെള്ളം കുത്തിയൊലിച്ചതാണ് മിന്നൽ പ്രളയമായി മാറിയത്. ഗുവാഡലൂപ്പെ നദിയിൽ ഡാമുകളുണ്ടായിരുന്നെങ്കിലും, മഴയുടെ തീവ്രതയും ജലപ്രവാഹവും വളരെ വലുതായതിനാൽ അവയ്ക്ക് വെള്ളപ്പൊക്കത്തെ പൂർണ്ണമായി തടയാൻ കഴിഞ്ഞില്ല.
അമേരിക്കയെപ്പോലെ കാലാവസ്ഥാ ശാസ്ത്രത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ ഒരു രാജ്യത്തിന് എന്തുകൊണ്ട് ഈ ദുരന്തം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. ഇതിന് പല കാരണങ്ങളുണ്ട്.
മിന്നൽ പ്രളയങ്ങൾ വളരെ വേഗത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണ്. മണിക്കൂറുകൾക്കുള്ളിൽ വലിയ തോതിൽ വെള്ളം ഉയരുന്നതിനാൽ മുന്നറിയിപ്പുകൾ നൽകാനും ആളുകളെ ഒഴിപ്പിക്കാനും വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ. കൊടുങ്കാറ്റുകൾ പ്രവചിക്കാൻ കഴിയുമെങ്കിലും, ഒരു പ്രത്യേക പ്രദേശത്ത് എത്രമാത്രം മഴ ലഭിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. ചെറിയ പ്രദേശങ്ങളിലെ മഴയുടെ അളവും ഒഴുക്കും കൃത്യമായി അളക്കുന്നതിൽ നിലവിലുള്ള സാങ്കേതികവിദ്യകൾക്ക് പരിമിതികളുണ്ട്.
നിലവിലുള്ള കാലാവസ്ഥാ മോഡലുകൾക്ക് വലിയ തോതിലുള്ള പ്രവചനങ്ങൾ നടത്താൻ കഴിയും. എന്നാൽ, ചെറിയ പ്രദേശങ്ങളിലെ അതിതീവ്ര മഴയുടെയും അതിന്റെ ഒഴുക്കിന്റെയും സ്വാധീനം കൃത്യമായി പ്രവചിക്കാൻ കൂടുതൽ സൂക്ഷ്മമായ ഡാറ്റയും കമ്പ്യൂട്ടേഷണൽ വിഭവങ്ങളും ആവശ്യമാണ്.
നാഷണൽ വെതർ സർവീസ് (NWS) വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ പെയ്ത മഴയുടെ അളവ് അവർ പ്രവചിച്ചതിലും വളരെ കൂടുതലായിരുന്നു.
അന്ധവിശ്വാസങ്ങളും യാഥാർത്ഥ്യവും
ഈ പ്രളയം ഒരു സ്ത്രീയുടെ പ്രവചനവുമായി ബന്ധപ്പെട്ടുള്ള ചില അന്ധവിശ്വാസങ്ങൾക്കും വഴിവെച്ചിരുന്നു. 2025 ജൂലൈ 5-ന് ഒരു വലിയ ദുരന്തം ഉണ്ടാകുമെന്ന് ഒരു ജാപ്പനീസ് മാംഗാ ആർട്ടിസ്റ്റ് പ്രവചിച്ചു എന്നായിരുന്നു പ്രചാരണം. എന്നാൽ വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും ഈ വെള്ളപ്പൊക്കം സംഭവിച്ചത് ജൂലൈ 4-ന് വെളുപ്പിനാണ്, പ്രവചനം ജൂലൈ 5-ന് വെളുപ്പിനാണ്. ഈ സമയവ്യത്യാസം തന്നെ ഈ പ്രവചനത്തിന് യാതൊരു നിലനിൽപ്പുമില്ലെന്ന് വ്യക്തമാക്കുന്നു. ഇത് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത വാദമാണ്. ടെക്സാസിലെ വെള്ളപ്പൊക്കം തികച്ചും കാലാവസ്ഥാപരമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്. ശാസ്ത്രീയമായ വിവരങ്ങളെയും ഔദ്യോഗിക മുന്നറിയിപ്പുകളെയും മാത്രം ആശ്രയിക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത്.
ടെക്സാസിലെ ഈ വിപത്തു പ്രകൃതിദുരന്തങ്ങളെ നേരിടാൻ നാം എത്രത്തോളം സജ്ജരാകണം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. പ്രവചന സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതും, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതും ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ അത്യന്താപേക്ഷിതമാണ്.