മാത്യുക്കുട്ടി ഈശോ✍

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണെക്ടികട്ട്, പെൻസിൽവാനിയ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുമായി നൂറിലധികം മലയാളി സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു.

മേയർ എറിക് ആദംസിൻറെ ഭരണത്തിലുള്ള ഏഷ്യൻ കമ്മ്യൂണിറ്റി ആഫെയ്ർസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ചുമതല വഹിക്കുന്ന ഇന്ത്യക്കാരനായ ദിലീപ് ചൗഹാനാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നതിന് ചുക്കാൻ പിടിച്ചത്. മേയറുടെ ഇലക്‌ഷൻ ക്യാമ്പയിൻ ഉപദേഷ്ടാവും ന്യൂയോർക്ക് സിറ്റി ആരോഗ്യ വകുപ്പ് കമ്മറ്റി മെമ്പറും മലയാളിയുമായ ഡോ. ബിന്ദു ബാബു മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു.

മലയാളി സെനറ്റർ കെവിൻ തോമസ്, മലയാളിയായ ആദ്യത്തെ സിറ്റി കൗൺസിൽ മെമ്പർ ശേഖർ കൃഷ്ണൻ, ആദ്യത്തെ സൗത്ത് ഏഷ്യൻ അസംബ്ലി വുമൺ ജെന്നിഫർ രാജ്‌കുമാർ, ന്യൂയോർക്ക് സിറ്റി ഹെൽത്ത് കമ്മറ്റി ചെയർ ഡോ. ബിന്ദു ബാബു, ന്യൂയോർക്ക് ഗവർണറുടെ ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറും മലയാളിയുമായ സിബു നായർ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ സ്നേഹവിരുന്നിൽ പങ്കെടുത്തു.

സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കുൾ, മേയർ എറിക് ആദംസ് എന്നിവരുടെയെല്ലാം ഇലക്ഷൻ കാമ്പയിനുകളിൽ മുഖ്യ പങ്കാളിത്തം വഹിച്ചിട്ടുള്ള നസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗവും കൂടിയായ അജിത് കൊച്ചൂസ് പ്രസ്തുത ആഘോഷങ്ങൾക്ക് മലയാളി സമൂഹത്തെ കൂടുതലായി പങ്കെടുപ്പിക്കുന്നതിൽ പ്രധാന പങ്കാളിത്തം വഹിച്ചു. ഫ്ലോറൽ പാർക്ക് ബല്ലെറോസ് ഭാഗത്തെ സാമൂഹിക പ്രവർത്തകനായ കോശി തോമസും മലയ്യാളി സുഹൃത്തുക്കളെ പങ്കെടുപ്പിക്കുന്നതിൽ പങ്കു വഹിച്ചു.

സിറ്റിയുടെ ആകമാനമുള്ള വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകിയ പ്രധാന സേവനങ്ങളെയും സംഭാവനകളെയും പറ്റി മേയർ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ത്യൻ സമൂഹം ചെറുകിട വ്യവസായങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും നൽകിവരുന്ന സേവനങ്ങളെ മേയർ അഭിനന്ദിച്ചു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഇന്ത്യക്കാരെന്നും അവരുടെ വലിയൊരു സമൂഹം ന്യൂയോർക്ക് സിറ്റിയിൽ ഉണ്ടെന്നും അതിനാൽ അവരുടെ പ്രമുഖ ആഘോഷമായ ദീപാവലി ദിനത്തിൽ അടുത്ത വർഷം മുതൽ സിറ്റി സ്‌കൂളുകൾക്ക് അവധി ദിനമായി നൽകുന്നതാണെന്നും മേയർ.

By ivayana