രചന : ഗഫൂർ കൊടിഞ്ഞി ✍

വെള്ളക്കാച്ചിയും
ഉമ്മക്കുപ്പായവുമണിഞ്ഞപ്പോൾ അടിപ്പാവാടയും
ബോഡീസും കൂടി വേണമെന്നും
തുണി കയറ്റിപ്പിടിക്കരുതെന്നും
ഞാൻ താക്കീത് നൽകി.

പിന്നെ പുള്ളിമുണ്ടും
ജാക്കറ്റുമായപ്പോൾ
ഇതൊക്കെ അവൾക്ക്
ചേരുമോ എന്ന് പരിതപിച്ചു.
പള്ള കാണുന്നത്
അരഞ്ഞാണം കൊണ്ട് മറച്ചങ്കിലും
”പെണ്ണുങ്ങൾ” പുറം ചാടുമോ
എന്ന് പേടി ബാക്കി നിന്നു.

അതിനിടക്ക്
മാക്സി കേറി വന്നു.
മതേതര ഉടുവാട;
മേലാകെ മൂടുന്നതായത് കൊണ്ട്
എതിര് പറഞ്ഞില്ല.

പർദ്ദയും മഫ്ത്തയും
നാട്ടുനടപ്പായപ്പോൾ
എനിക്ക് സമാധാനമായി.
മനസിൽ സന്തോഷമായി.

“എടീ ൻ്റെ ജീൻസും ടീഷർട്ടും
ഇജ്ജ് തേച്ച് ബെച്ച് ക്ക്ണാ”ന്ന്
രാവിലെ ചോദിച്ചപ്പോൾ
”ഞ് ങ്ങള് അബായട്ട് നടന്നാ മതീ”ന്ന്
അവൾ കറുവിച്ച് കൊണ്ട്
ഒരു നിസ്കാരക്കുപ്പായം
എനിക്ക് നേരെ നീട്ടി.

ഗഫൂർ കൊടിഞ്ഞി

By ivayana