രചന : താഹാ ജമാൽ✍

എന്നാപ്പിന്നെ
ഞാനങ്ങോട്ട്
ശരി
കാണാം
ദിവസവും
ചില വാക്കുകൾ
എടുത്തുന്നയിക്കുന്നതിനാൽ
മടുപ്പ്
ഒരു വൻകരയായ്
കതകിന് പുറത്ത്
എന്നെക്കാത്തു നില്ക്കുന്നു
പാറാവുകാരില്ലാത്ത
വീടിനു മുൻപിൽ
നിന്നും
ജീവപര്യന്തം
തടവിലാക്കപ്പെട്ട
കട്ടിൽ
എന്നെക്കാത്തിരിക്കുന്നു
എൻ്റെ മണം പുതച്ചുനില്ക്കുന്ന
പുതപ്പിൽ കയറിക്കൂടാൻ
മൂട്ടകൾ
മത്സരയോട്ടം നടത്തുന്നു
ഒഴിവുദിവസത്തെ
മഴ
ഉമ്മറം
കടക്കാനാവാതെ
കരയുന്നു.
പിരിവുകാർ വന്നു
കടക്കാരൻ വന്നു
അയൽവാസി വന്നു
കൂട്ടുകാരൻ വന്നു
പാൽക്കാരൻ വന്നു
പത്രക്കാരനും വന്നു
എല്ലാവരും
ഒരേ ശബ്ദത്തിൽ പറഞ്ഞു.
എന്നാപ്പിന്നെ
ഞാനങ്ങോട്ട്
ഭാഷയിൽ മുഴുമിപ്പിക്കാത്ത
വാക്കിൻ്റെ അപ്പുറത്ത്
പൂർണ്ണത തേടി
ഒരാൽമരം
കാറ്റത്ത് ചില്ലകളനക്കുന്നു.
വിശക്കുമ്പോൾ
ഭരിയ്ക്കുന്നവരെ
വിമർശിക്കുന്നതും
വിലയിരുത്തുമ്പോൾ
വില കുറച്ച് കാട്ടുന്നതുമാണിപ്പോൾ
ട്രെൻ്റ്
എന്നാപ്പിന്നെ
ഞാനങ്ങോട്ട്

By ivayana