ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : വാസുദേവൻ. കെ. വി✍

തറ്റുടുത്ത് ഒരാൾ സെൽഫിയിട്ടാൽ ലൈക്കും കമന്റും കുമിഞ്ഞുകൂടും. പിന്നെ തറ്റുടുക്കാൻ പഠനവും സെൽഫി പ്രളയവും.. അതാണിന്നത്തെ രീതി.
കളിക്കളത്തിലും സമാന കാഴ്ച.


അറബ് ആഫ്രിക്കൻ പുലികൾ മൊറൊക്കോ പൊരുതിനേടിയ ജയം. അഷറഫ് ഹകീമി എന്ന പണ്ടത്തെ ദരിദ്രബാലൻ തന്നെ കളിക്കാരനാക്കിയ അമ്മയുടെ കഷ്ടപ്പാടുകൾ മറക്കാതെ ഗാലറിയിൽ ചെന്ന് അമ്മയ്ക്ക് മുത്തമിട്ടു. മീഡിയ ഉലകം അത്‌ വൈറലാക്കി. അടിച്ചു തെളിക്കാരിയുടെ മകന്റെ അമ്മ സ്നേഹം വാഴ്ത്തിപ്പാടിയവർക്ക് ഹക്കീമി ജീവിതപങ്കാളി അല്പവസ്ത്രധാരിയായ മോഡൽ. അവൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് സോഷ്യൽ മീഡിയ പ്രതികരണങ്ങളും.
പെറ്റമ്മമാരുടെ വർദ്ധ്യക്യ അവശതകൾ പോലും നോക്കാതെ കളിക്കാർ അടുത്ത കളിയിൽ അമ്മമാരെ ഹാജരാക്കാൻ ധൃതി കൂട്ടി . ഹക്കീമി കളിച്ചു വളർന്നത് കോടീശ്വരന്മാരുടെ റിയൽ മാഡ്രിഡ്‌ തട്ടകത്തെന്ന് മറുവാർത്തയുമെത്തി.


അടുത്ത കളിയിൽ ജയിച്ചപ്പോൾ മൊറൊക്കോ താരം സോഫിയൻ ബൗമൽ അമ്മയെ താങ്ങിപ്പിടിച്ചു നൃത്തവുമാടി. തീർന്നില്ല ഖത്തറിൽ എത്തുന്നതിന് നാലുമാസം മുമ്പ് മാത്രം ടീം പരിശീലകനായ വാലിഡ് അൽ റഗ് റാകി പാരീസിലുള്ള അമ്മയെ വരെ വരുത്തിഗാലറിയിൽ ഇരുത്തി ചുംബനമേകി .


പറങ്കിപടയെ തുരത്തി മൊറോക്കോ ആദ്യ നാൽവരിൽ എത്തിയപ്പോൾ അങ്ങനെ
അമ്മച്ചുംബനങ്ങളുടെ പെരുമഴ പൊഴിഞ്ഞു .നയനമനോഹാര കാഴ്ച്ച.
കായികവേദിയിൽ ദീർഘ ചുംബനങ്ങൾ പുത്തരിയല്ല.
ലോകോത്തര ഫുട്ബോളർ പദവി ലഭിച്ചപ്പോൾ മെസ്സി ചുംബിച്ചത് തന്റെ കുഞ്ഞു പകർപ്പ് തിയാഗോവിനെ.
ടെന്നിസ് ചാമ്പ്യനായപ്പോൾ ജിമ്മി കോണേഴ്സ് ദീർഘ ചുംബനം ചാർത്തിയത് വനിതാ ചാമ്പ്യൻ ക്രിസ് എവെർട്ട് എന്ന സുന്ദരിയെ.
ദാമ്പത്യത്തിന് മുമ്പ് ടെന്നീസ് കോർട്ടിൽ വെച്ച് ലിപ്‌ലോക് ചുംബനം പങ്കുവെച്ചത് ആഗസ്സിയും സ്റ്റെഫിഗ്രാഫും.


ഓവർ ടു ഖത്തർ.
അമേരിക്കയുടെയും, ഫ്രാൻസിന്റെയും ഏറാന്മൂളികളായ മൊറൊക്കോ. പൂർണ്ണ സുന്നി മേധാവിത്വം. വേദിയിൽ കേറി പുരസ്‌കാരം വാങ്ങാൻ പെൺകുട്ടി മുതിർന്നാൽ ആവില്ല. പിന്നല്ലേ കാമിനിയേയോ, പങ്കാളിയെയോ ഒന്ന് പരസ്യമായി ചുംബിക്കുന്നത്!!.
വൈറൽ ചുംബനമോഹം കിട്ടാക്കനിയായി താരങ്ങളുടെ പ്രാണപ്രേയസ്സികൾ!!.
മൊറോക്കോയെ അറബി രാജ്യമെന്നും, ആഫ്രിക്കൻ രാജ്യമെന്നും വാഴ്ത്തുന്നവർ അറിയേണ്ടതുണ്ട് മൊറോക്കോ ചരിത്രം.


അറബിരാജ്യങ്ങളോട് എന്നതിനേക്കാൾ ഫ്രഞ്ചുജനതയോടും, സ്പാനിഷ് സമൂഹത്തോടും ബന്ധം പുലർത്തുന്നവർ. അയൽ രാജ്യമായ പടിഞ്ഞാറൻ സഹാറയുടെ പൊരുതി നേടിയ സ്വാതന്ത്ര്യസമര വിജയം. ഗത്യന്തരമില്ലാതെ സ്പെയിൻ അവിടം വിട്ടൊഴിയുമ്പോൾ മൊറൊക്കോയ്ക്ക് നൽകിയത്. അവിടെ മൊറോക്കൻസേന ആയുധം കൊണ്ട് ഒഴുക്കിയത് അവിടത്തെ പർദ്ദയിട്ട അമ്മമാരുടെ കണ്ണീർപ്പുഴകൾ.
ആഫ്രിക്കൻ നേഷൻസ് യൂണിയൻ,വെസ്റ്റേൺ സഹാറയ്ക്ക് ആഫ്രിക്കൻ സ്വാതന്ത്രരാജ്യമെന്ന് അംഗീകാരം നൽകിയപ്പോൾ അമേരിക്കൻ നിർദ്ദേശത്താൽ മൊറോക്കോ സംഘടനാ അംഗത്വം വലിച്ചെറിഞ്ഞ ചരിത്രം ഓർമ്മപ്പെടുത്തുന്നത് ആഫ്രിക്കൻ രാഷ്ട്രം എന്ന വിളിപ്പേര് തന്നെ. പിന്നീട് താണു കേണപേക്ഷിച്ച് അംഗത്വം നേടി എങ്കിലും.


വർണ്ണം കൊണ്ടും, രൂപം കൊണ്ടും ജീവിതശൈലികൊണ്ടും, സംസ്കാരം കൊണ്ടും അളന്നാൽ തിരിച്ചറിയാനാവുന്നു മൊറോക്കോക്കാരുടെ ആഫ്രിക്കൻ ജനുസ്സ് .
അമ്മചുംബനങ്ങൾ കൊള്ളാം. പ്രണയ ചുംബനങ്ങൾക്ക് വിലക്ക് കൽപ്പിക്കാതെയാവട്ടെ അതേ. വിജയവേളയിൽ പ്രിയതമന്റെ ചുണ്ടോന്ന് കൊതിക്കാത്ത പെണ്ണുണ്ടോ? നവോത്ഥാന കാലമല്ലേ ഇത്.ഒപ്പം മക്കൾക്കും നൽകാനാവട്ടെ പരസ്യ ചുംബനങ്ങൾ.
ഇനി സെമിയിലും ഫൈനലിലും നിറഞ്ഞാടട്ടെ ചുംബനനൃത്തങ്ങൾ. മൊറോക്കോ വെളുവെളുത്തതെങ്കിലും ലോകകപ്പിലെ കറുത്ത കുതിരകൾ.


ഖത്തർ ലോകകപ്പിന് തൊട്ടുമുമ്പ് നമ്മുടെ കടുത്തുരുത്തിക്കാരൻ മാത്യുസിന്റെ വധുവായി കേരകേദാര ഭൂവിൽ എത്തിയ മൊറൊക്കോ വംശജ കൗതർ ഇമാമി. പെരുവ തെക്കേക്കാലായിൽ മാത്യൂസിനെ പ്രണയിച്ച കൗതർ മൊറോക്കൊ യിലെ കാസബ്ലാങ്ക് നിവാസി. ഇരുവരും അറ്റ്ലാന്റ എയർലൈൻസ് ജീവനക്കാർ. അങ്ങനെ നോക്കുമ്പോഴും നമ്മൾ മലയാളികൾക്ക് മൊറോക്കോ പ്രിയരാജ്യം.
തലതൊട്ടപ്പന്മാരെ കളിക്കളത്തിൽ മലർത്തിയടിച്ച മൊറോക്കോ ഞമ്മന്റെ പ്രിയരാജ്യം ഇന്ന് ഭായ്.

By ivayana