മാഞ്ചസ്റ്ററിന്റെ പ്രാന്തപ്രദേശത്തെ,
നിബിഡമായ പൈൻമരക്കാട്ടിനുള്ളിലെ
മദ്ധ്യവയസ്കയും വിധവയുമായ
ഒരു പ്രഭ്വിയുടെ കൂറ്റൻ ബംഗ്ലാവ്.
കഴിഞ്ഞ നൂറ്റാണ്ടിലെ
ഏറ്റവും കാഠിന്യമേറിയ ശൈത്യകാലം.
പത്രപ്പരസ്യംകണ്ടെത്തിയ
സ്കോട്ടിഷുകാരനായ
ആ നായാട്ടുകാരനെ,
ധനിക സസൂക്ഷ്മംനിരീക്ഷിച്ചു.
പളുങ്കുഗോട്ടിപോലുള്ള കണ്ണുകളിലേക്ക്
വീണ്ടുംനോക്കാൻ കഴിയുന്നില്ല!
ഉന്നംപിടിച്ചു പിടിച്ചാവും
അവയിത്രയും കൂർത്തുപോയത്!
ആ നോട്ടമവളുടെ നെഞ്ചിൽ
നെരിപ്പോടുതീർത്തു.
കഴിഞ്ഞയേതാനംമാസങ്ങളായി
അവളുടെ അരുമകളായ
വളർത്തുമൃഗങ്ങൾ,
വിലയേറിയ പക്ഷികൾ,
വർണ്ണമത്സ്യങ്ങൾ
എന്നിവയിൽ പലതുമോരോന്നായി
ഒരജ്ഞാതജീവിയാൽ
രാത്രിയിൽ ആക്രമിക്കപ്പെടുന്നു.
മക്കളില്ലാത്ത വിധവയുടെ
കൊച്ചുസന്തോഷങ്ങളാണ്
അങ്ങനെ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.
വീട്ടുകാവല്ക്കാരുടെയും
നാട്ടിലെ കൊടികെട്ടിയ ശിക്കാരികളുടെയും
ഉറക്കവും വെടിയുണ്ടകളും
ഓമനജീവികൾക്കൊപ്പം നഷ്ടമായി.
ഏറ്റവുമരുമയായ ‘ഗോൾഡൻ ഫെസന്റ് ‘
ക്രൂരമായിക്കൊല്ലപ്പെട്ട കഴിഞ്ഞവാരത്തിലാണ്
വലിയതുക ഇനാംപ്രഖ്യാപിച്ച്
അവൾ പരസ്യംകൊടുത്തത്.
‘സിൽവർ ഓക്ക് ‘ മരങ്ങളുടെ
പേരിനെ അന്വർത്ഥമാക്കിയ
ഹേമന്ത പ്രഭാതത്തിൽ
ഔത്സുക്യത്തോടെ അയാൾ
വസതിയുടെ പരിസരംവീക്ഷിച്ചു.
ഹിമനിലാമഴകൊഴിയും
കുളിരിന്റെ രാത്രികാലങ്ങളിൽ
റൈഫിളുമായി റോന്തുനടത്തി,
ഇരമൃഗമായി ആട്ടിൻകുട്ടിയെ കെട്ടിയിട്ട്
മുറ്റത്തെ മേപ്പിൾമരത്തിൽക്കയറി
ഉറക്കമിളച്ചുകാത്തിരുന്നു.
ഏതോ അറിയാത്ത ശിശിരകാല
മൃതപേടകംതുറന്നെത്തിയ
അജ്ഞാതഭീകരജീവിയിപ്പോൾ
അവളുടെ സ്വപ്നങ്ങളിലാണ്
പാവംജീവികളെ കൊല്ലുന്നത്!
കൊടുംതണുപ്പിലേക്കുണരുമ്പോൾ,
പളുങ്കുഗോലികളിൽ ഒന്നിനെയടച്ച്,
മറ്റൊന്നാലുന്നംപിടിച്ച്
ഒരു കൂർമ്പിച്ചനോട്ടം നെഞ്ചിലെ
നെരുപ്പോടിനെ ആളിയാളിക്കത്തിക്കും!
അസ്വസ്ഥതകൾ കലമ്പുന്ന
നഷ്ടനിദ്രയാൽത്തിടംവച്ച രാത്രികൾ.
മഞ്ഞുകാലം കഴിയാറായി,
തിരികെപ്പോയാലോന്നയാൾ ചിന്തിച്ച
ആ അമാവാസിരാത്രിയിലാണ്,
മൃഗയ തപസ്യയാക്കിയവനുമാത്രം
സിദ്ധിച്ച ആറാമിന്ദ്രിയം
ആ സാന്നിദ്ധ്യത്താൽ ത്രസിച്ചുണർന്നത്!
ഏതു രാത്രിപുഷ്പഗന്ധങ്ങൾക്കിടയിലും
വേണ്ട ശബ്ദങ്ങളെ അതു മണത്തെടുക്കും!
കുതിരലായത്തിലേക്ക്
ഇരുളിലുമിരുട്ടായൊരു
കറുത്തജീവി കുതിച്ചുപായുന്നു,
പ്രഭ്വി സവാരിപോകുന്ന, സുന്ദരനായ
വെള്ളക്കുതിരയെക്കൊല്ലുവാൻ!
ഉന്നത്തെ ലക്ഷ്യംതെറ്റിക്കുന്ന
കടുത്ത ശീതക്കാറ്റുകൾ!
30 വാരയകലെനിന്നാണ്
വെടിയുതിർത്തത്, മൂന്നുതവണ.
ധനികയും പരിചാരകവൃന്ദവും
അവിടെക്കോടിയെത്തി.
തിളങ്ങുന്ന വേട്ടക്കത്തിയാൽ,
അയാൾ അജ്ഞാതജീവിയുടെ
തോലുരിക്കാനായെത്തി.
കരാർപ്രകാരമതയാളുടെ അവകാശമാണ്.
ശിക്കാരിയുടെ ജീവിതത്തിന്റെ
കണക്കുപുസ്തകം സമൃദ്ധമാക്കപ്പെടുന്നത്
വേട്ടമൃഗങ്ങളുടെ പല്ലുകൾ,
തോലുകൾ, നഖങ്ങൾ, കൊമ്പുകൾ,
എല്ലുകൾ എന്നിവയാലാണ്.
പക്ഷേ, അജ്ഞാതജീവിപരിവേഷം അവസാനിപ്പിച്ചുകൊണ്ട്
ഇവിടെ അയാളൊരു
കറുത്ത രോമക്കുപ്പായം
ഊരിയെടുക്കുകയാണുണ്ടായത്!
വൈധവ്യമവസാനിപ്പിക്കാനെന്നപോലെ
അവളുടെ തോട്ടത്തിൽ വസന്തകാലമെത്തി.
ഹൃദയത്തിൽ, മുനയുള്ള കണ്ണിറക്കി
കൊളുത്തി കൊല്ലാതെകൊല്ലുന്ന
ഒരു ജ്ഞാതജീവിയിലേക്കു
സുന്ദരിയായ പ്രഭ്വിയിപ്പോഴെന്നും
ഉറങ്ങിയുണരുവാൻ തുടങ്ങി..
✍️ ദിജീഷ് കെ.എസ് പുരം.