രചന : മോഹൻദാസ് എവർഷൈൻ ✍

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെയൊരു കത്ത് അയാളെ തേടിയെത്തുന്നത്!. മേൽവിലാസം തെറ്റിയിട്ടില്ല, കിറുക്രുത്യം!.അയച്ച ആളിന്റെ പേര് പുറകിൽ കുറിച്ചിട്ടുള്ളത് ഒരു പരിചയവും ഉള്ളതായിരുന്നി
ഉച്ചയൂണിന് അടുക്കളയിൽ അമ്മ തിരക്കിട്ടൊരുക്കം നടത്തുന്ന സമയത്താണ് പോസ്റ്റുമാൻ ഗേറ്റിന് മുന്നിൽ വന്ന് സൈക്കിൾ ബെൽ മുഴക്കിയത്!. പട്ടാളത്തിൽ നിന്നും ചേട്ടൻ അച്ഛന് മണിയോർഡർ അയക്കുന്ന പതിവുണ്ട്, പക്ഷെ അതായിരുന്നെങ്കിൽ ഈ മണിമുഴക്കിയ പോസ്റ്റുമാൻ ഇതിനകം മുറ്റത്തെത്തിയേനെ!. മണിയോർഡർ വരുമ്പോഴേല്ലാം സന്തോഷത്തിന്റെ ചെറിയൊരു വിഹിതം അയാൾക്കും അച്ഛൻ കൊടുക്കാറുണ്ട്!.


ഗേറ്റിനടുത്തെത്തിയപ്പോൾ പോസ്റ്റുമാൻ പറഞ്ഞു. രാജുവിന് ഒരു രജിസ്റ്റേർഡ് കത്തുണ്ട്!.
‘എനിക്കിതിപ്പോ ആരാ ഇങ്ങെനെ ഒരു കത്ത് അയക്കുവാൻ!.?.
ഒപ്പിട്ട് വാങ്ങുമ്പോൾ, മുഖത്തെ അത്ഭുതം കണ്ടു പോസ്റ്റുമാൻ പറഞ്ഞു.
“വല്ല ജോലിയുടെ കാര്യവും അറിയിച്ചു കൊണ്ടുള്ളതാകും, അങ്ങനെയാണെങ്കിൽ അതിന്റെ ചിലവ് നടത്താൻ മറക്കണ്ടാ!”.


മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും ഉള്ളിലെ അങ്കലാപ്പ് കാരണം അതൊട്ട് വിടർന്ന് വന്നതുമില്ല, സൈക്കിളിൽ കയറി പോസ്റ്റ്‌മാൻ അടുത്ത വിലാസക്കാരനെ തേടിപ്പോകുമ്പോൾ, കയ്യിലിരിക്കുന്ന കത്ത് ആരുടേയും കണ്ണിൽപ്പെടാതെ ഷർട്ടിനുള്ളിൽ തിരുകിവെച്ചു.


മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന തേങ്ങയിൽ നിന്നും ഒരു പൂളെടുത്ത് ചവച്ച് കൊണ്ട് മുറിയിലേക്ക് ഊളിയിട്ടു.
‘രാജുവേ… ഊണ് കഴിക്കാൻ വാ.. ‘അമ്മ അടുക്കളയിൽ നിന്നും ഉച്ചത്തിൽ വിളിച്ചു.
വിളിച്ചത് കേട്ടില്ലെന്ന് വെച്ചാൽ കേൾക്കുന്നത് വരെ വിളിച്ച്കളയുമെന്നറിയാവുന്നത് കൊണ്ട്, മറുപടി കൊടുത്തു.


“ഇതാ വരുന്നമ്മെ”
ഊണ് പുരയിൽ നിന്നും അച്ഛന്റെ ചുമയും കേട്ടു,
അച്ഛൻ ഊണ് കഴിക്കാൻ എത്തിയിരിക്കുന്നു.
ഇനിയിപ്പോൾ അമ്മയുടെ അടുത്ത വിളി ഉടനെ വരും.
‘ദേ… അച്ഛൻ വന്നു. നീ അവിടെ എന്തെടുക്കുവാ?’.
“ഞാൻ ഇതാ വരുന്നു ‘.
ഉടുപ്പിന്റെ ഉള്ളിൽ തിരുകിയ കത്ത് മെത്തക്കടിയിൽ ഒളിച്ചു വെച്ചു. അത്‌ കിട്ടിയപ്പോൾ മുതൽ വല്ലാത്തൊരു ആശങ്ക ഉള്ള് പൊള്ളിച്ചു കൊണ്ടിരിക്കയാണ്!. കത്ത് വായിക്കാനുള്ള പരവേശം ഒരു വശത്ത്,


എല്ലാവരും ഊണ് കഴിക്കാനിരിക്കുമ്പോൾ ചെന്നില്ലെങ്കിൽ കൊലക്കുറ്റം തെളിയിക്കുന്നതുപോലുള്ള ചോദ്യങ്ങളുണ്ടാകും.അത്‌ അസഹനീയമാണ്.
ഊണ് മേശയിൽ എല്ലാവരുമൊന്നിച്ചിരുന്നു ആഹാരം കഴിക്കുന്നത് അച്ഛന്റെ ഒരു നിർബന്ധമാണ്!


അച്ഛന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും തെറ്റ് ചെയ്തുവെന്നാൽ പിന്നെ കൂട്ടത്തിൽ ഇരുത്തില്ല. എല്ലാവരും കഴിച്ച് കൈകഴുകി പോയതിന് ശേഷം ഒറ്റയ്ക്കിരുന്ന് കഴിക്കണം. അതൊരു വല്ലാത്ത പിരിമുറുക്കം ഉണ്ടാക്കുന്ന ശിക്ഷയാണെന്ന് പറയാതെ വയ്യ!. മിക്കവാറും ആ ശിക്ഷയ്ക്ക് വിധേയനാകാനുള്ള യോഗം ഇടയ്ക്കിടെ വന്ന് ചേരാറുമുണ്ട്!.


ഊണ് കഴിക്കാനിരിക്കുമ്പോൾ അമ്മ ചോദിച്ചു.
‘എന്താടാ നിന്റെ മുഖത്തൊരു വാട്ടം?’.
അമ്മമാർക്ക് മക്കളുടെ മുഖത്ത് നോക്കി അവരുടെ മനസ്സ് നന്നായി വായിക്കുവാൻ കഴിയുമെന്ന് പറയുന്നതെത്ര സത്യമാണ്.
“ഏയ്‌ ഒന്നുമില്ല,..”എന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും മുഖത്ത് വന്ന ചിരിക്ക് ജീവനുണ്ടായിരുന്നില്ല.


അമ്മ അച്ഛന്റെ പാത്രത്തിൽ തീർന്ന കറികൾ വീണ്ടും വിളമ്പുന്നതിലേക്ക് ശ്രദ്ധതിരിച്ചപ്പോൾ ആശ്വാസം തോന്നി.നല്ല വെയിലത്ത്‌ നടന്ന് തളർന്ന് തൊണ്ടവരണ്ട് വരുമ്പോൾ കൂജയിലെ തണുത്ത വെള്ളം എടുത്ത് കുടിച്ചാൽ കിട്ടുന്ന ആശ്വാസം പോലെയൊന്ന്.
തളം കെട്ടിയ മൗനത്തിന്റെ കുമിള പൊട്ടിച്ചത് അച്ഛനാണ്.
‘എന്താ നിന്റെ ഉദ്ദേശം? എത്ര നാളെന്ന് കരുതിയ ഈ പാരലൽ കോളേജ് വാദ്ധ്യാരുടെവേഷം കെട്ടി നടക്കുക?.’
അച്ഛൻ ചോദിച്ചു.


തലയുയർത്തി ദയനീയമായി അച്ഛനെ നോക്കി.എന്നും ഇതെ ചോദ്യം തന്നെ നിരന്തരം ചോദിക്കുകയും, മറുപടി പറയാൻ കഴിയാതെപോകുന്ന തന്റെ നിസ്സഹായവസ്ഥയും ആ നോട്ടത്തിലുണ്ടായിരുന്നു. തൊഴിലില്ലായ്‌മയുടെ ഭീകരതയും, പീഡനവും ഏറ്റവും കൂടുതലറിയുന്നത് തീൻമേശയിലാണെന്ന് പറയാതെ വയ്യ.
അച്ഛന്റെ ആശങ്കകളിൽ കൊഴിഞ്ഞ് വീഴുന്നത് മകനെ കുറിച്ച് കണ്ട സ്വപ്‌നങ്ങളുടെ ഇതളുകളാണ്.ആ സ്നേഹത്തിന്റെ തുലാസ്സിൽ ഭാരം കുറഞ്ഞ്, കുറഞ്ഞ്, താൻ ഇല്ലാതാവുകയാണ്!.


പഠിത്തം കഴിഞ്ഞാൽ നാടുവിടുക എന്ന പൊതുതത്വം അംഗീകരിച്ചു കൊടുക്കണം.
വിയർക്കാതെ ഉണ്ണാനിരുന്നാൽ,ഉണ്ണുമ്പോൾ വിയർക്കേണ്ടിവരും.
ഊണ് കഴിഞ്ഞ് അച്ഛൻ ഒരു ബീഡിക്ക് തീ കൊടുത്തു പുറത്തേക്കിറങ്ങി.
‘ഡേയ് മഴ വരുന്ന ലക്ഷണം കാണുന്നു. നീ ഈ തേങ്ങ വാരി മാറ്റാൻ നോക്ക്!’.
അച്ഛൻ അമ്മയോട് വിളിച്ചു പറഞ്ഞു.
ആകാശം കറുത്തിരുണ്ട് മഴക്കാറ് വന്നപ്പോൾ മുറ്റത്ത് നിന്നും ഇരുട്ട് മുറിയിലേക്കും കയറിവന്നു.


അമ്മ മുറ്റത്തെ ഉണക്കപ്പായയിലെ തേങ്ങ വാരിയെടുക്കാൻ തിടുക്കം കാണിച്ചു. അച്ഛനും അമ്മയെ സഹായിക്കുവാൻ കൂടെ ചേരുന്നത് കണ്ട് കൊണ്ട്, അതൊന്നും തന്നെ ബാധിക്കുന്ന വിഷയമെ അല്ലാത്തതിനാൽ അങ്ങോട്ട് ശ്രദ്ധിക്കാനെ പോയില്ല.
മെത്തക്കടിയിൽ നിന്നും കത്ത് കയ്യിലെടുത്ത്,


തുറന്നിട്ട ജനാലക്കരികിൽ വന്നിരുന്നു. മങ്ങിയ വെളിച്ചത്തിൽ കത്തിന്റെ കവർ കീറി അകത്തെ എഴുത്ത് പുറത്തേക്ക് വലിച്ചെടുത്തു.നല്ല കൈപ്പടയിൽ എഴുതിയ വരികൾ.
എന്തനാവശ്യമായ പരവേശമാണിത്, ഉള്ളിലാരോ ഉടുക്ക് കൊട്ടുന്നത് പോലെ. താൻ എന്തിനാണിത്ര വ്യാകുലപ്പെടുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല.
കത്ത് തുറന്ന് ആദ്യത്തെ വരി വായിച്ചു.


പ്രിയപ്പെട്ട……….. വിന്. സംബോധനയിൽ പേര് കാണാഞ്ഞപ്പോൾ കത്തിന്റെ അവസാനം നോക്കി..അവിടെയും സ്നേഹപൂർവ്വം…… അതെ ആ രണ്ട് വാക്കുകൾക്കിടയിൽ ഒളിച്ചിരിക്കുന്നത് അവൾ തന്നെ.
‘ശാലിനി…’.
പുറത്ത് മഴചാറ്റൽ തുടങ്ങിയിരുന്നു. പുതുമണ്ണിന്റെമണം ഉയർന്ന് വന്നു. മെല്ലെ മഴയുടെ ശക്തി കൂടി. ഓലമേഞ്ഞ വീടിന്റെ എറമ്പുകളിൽ കൂടി പെയ്തിറങ്ങുന്ന മഴയുടെ ശബ്ദം എന്നും ഇഷ്ടമുള്ള സംഗീതം പോലെയായിരുന്നു.


കയ്യിലിരിക്കുന്ന കത്തിൽ, അവൾ എന്തോ പറയുവാൻ കാത്തിരിക്കുകയാണ്.
പ്രിയപ്പെട്ട……….ന്
ഒരിക്കൽ പോലും നീ തന്ന കത്തുകൾക്ക് മറുപടിഎഴുതുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനൊരിക്കലും നീ പരിഭവിച്ചിട്ടുമില്ല.
മറുപടികൾ എന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുമെന്ന് ഒരിക്കൽ നീ പറഞ്ഞു.
എങ്കിലും ആദ്യമായി ഞാൻ നിനക്കൊരു കത്തെഴുതുകയാണ്!
ബി എസ് സി നഴ്സിംഗ് പാസ്സായ ഉടനെ ഗൾഫിൽ ജോലി ശരിയായി പോരുമ്പോൾ നിന്നോട് യാത്രപോലും പറയാതിരുന്നത് മനഃപൂർവം തന്നെയാണ്!. നിനക്ക് യോജിപ്പുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു.എന്നോട് ക്ഷമിക്കുക.
ഒരുമിച്ച് ജീവിക്കുന്ന കാര്യം പലപ്പോഴും നീ സൂചിപ്പിച്ചിട്ടുണ്ട്, എങ്ങനെ ജീവിക്കുമെന്ന് കൂടി ചിന്തിക്കാതെ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം അങ്ങനെ പറയുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.


നമ്മൾ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് നമ്മളെവളർത്തിയവരുടെ സന്തോഷം തല്ലിക്കെടുത്തിയിട്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്!.ഒളിച്ചോട്ടവും, ഒളിവിലെ ജീവിതവുമൊന്നും നമുക്ക് വേണ്ടാ.
ആദ്യം മനസ്സ് കീഴടക്കുന്ന ഒരു പുരുഷനെ മറക്കാൻ ഒരു പെണ്ണിനും കഴിയില്ല. നീ ഒരു ജോലി സമ്പാദിച്ച് സുരക്ഷിതമായി നില്കാൻ ശ്രമിക്കുക. വിധിയോട് നമ്മളെ വേർപിരിക്കരുതെന്ന് പ്രാർത്ഥിക്കാം.
കാത്തിരിക്കുവാൻ ഒരു പെൺക്കുട്ടിക്ക് പരിമിതികളുണ്ട്!. എന്നാലും രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ വരുന്നത് വരെ സമയമുണ്ട്.


ഇന്ന് ഞാൻ കാണുന്ന സ്വപ്‌നങ്ങളിലെ കുഞ്ഞുങ്ങൾക്ക് നിന്റെ മുഖഛായയാണ്. അത്‌ നീ മറക്കാതിരിക്കുക.
നിനക്കെത്രയും പെട്ടെന്ന് ഒരു ജോലി കിട്ടുവാൻ ഞാനും പ്രാർത്ഥിക്കുന്നു.
എന്ന് സ്നേഹ പൂർവ്വം………
കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു പിടച്ചിൽ പോലെ. അവളോട് പരിഭവമൊന്നും തോന്നിയില്ലെങ്കിലും ഉണങ്ങാത്ത മുറിവുകളിൽ ഉപ്പുവെള്ളം വീണത് പോലെ..,


പ്രണയത്തിന് മൂല്യം അളക്കുമ്പോൾ തൊഴിലില്ലാത്തവന്റ അസ്പൃശ്യതയാണ് അവളുടെ വാക്കുകളിലെന്ന് തോന്നി.
പ്രണയത്തിന്റെ പുതിയ സമവാക്യങ്ങൾ തനിക്ക് തീരെ പരിചയമില്ലാത്തപോലെ. അവൾ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്നതിനെ തെറ്റായി കാണാൻ തോന്നുന്നില്ല.
മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ, അമ്മ വലിയ പാത്രങ്ങളിൽ മഴവെള്ളം ശേഖരിച്ചു വെയ്ക്കുന്ന തിരക്കിലായിരുന്നു.
‘നീ ചെന്ന് ആ പിന്നാമ്പുറത്തെ വാതിലടയ്ക്ക്, അല്ലെങ്കിൽ നായ കയറി നിരങ്ങീട്ട് പോകും, എത്ര പറഞ്ഞാലും ശ്രദ്ധിക്കില്ല ‘.
അച്ഛൻ അല്പം ഈർഷ്യയോടെ അമ്മയോട് പറഞ്ഞു.


“എടാ വേണമെങ്കിൽ മഴയത്തിറങ്ങി കുളിക്ക്, ചൂട് കുരു മാറാൻ നല്ലതാ.. “. അമ്മ എന്നോട് പറഞ്ഞിട്ട് പിന്നാമ്പുറത്തെ വാതിലടയ്ക്കുവാൻ ധൃതിയിൽ അകത്തേക്ക് കയറിപ്പോയി.
ഉള്ളാകെ പൊള്ളുകയാണ്!. മഴയിലൊന്നലിഞ്ഞിറങ്ങുവാൻ ഞാനും അപ്പോൾ വല്ലാതെ മോഹിച്ചു.
പടിയിറങ്ങി ചെന്ന് മഴയിൽ നനഞ്ഞു കുതിരുമ്പോഴും മനസ്സിലെ ചൂള അണയാതെ നീറ്റുന്നുണ്ടായിരുന്നു.
മഴ നനയുന്ന എന്നെ നോക്കി അച്ഛൻ പറഞ്ഞു.


“കൂടുതൽ മഴക്കൊള്ളാൻ നില്കണ്ടാ.. പനിപിടിക്കും ഇങ്ങ് കയറിപോരെ “.
തിണ്ണയിൽ കയറി നിന്ന് തലതുവർത്തുമ്പോൾ, ‘ മനസ്സിലേക്ക് തികട്ടി വന്നത്,കത്തിലെ അവസാന വാചകങ്ങളാണ്.
അവൾ കാണുന്ന സ്വപ്‌നങ്ങളിലെ കുഞ്ഞുങ്ങൾക്ക് എന്റെ
മുഖഛായയാണെന്ന’ ആ വാക്കുകൾ
പ്രണയത്തിന്റെ, സ്നേഹത്തിന്റെ നിഗൂഢതകളിലേക്ക് ചൂണ്ട കൊളുത്തുപോലെ കോർത്ത്‌ വലിക്കുമ്പോൾ, ഉള്ളിലിരുന്ന് ഏതോ കുഞ്ഞുങ്ങൾ പുന്നാരം പറയുന്നത് പോലെ മനസ്സിലൊരു മണികിലുക്കം.
മഴ അപ്പോഴും തോരാതെ പെയ്യുകയായിരുന്നു.

By ivayana