രചന : സെഹ്റാൻ✍

മണ്ണുമാന്തിയന്ത്രം കാണാൻ കുന്നിൻമുകളിലേക്ക് പോയത് ഞങ്ങൾ നാല് കുട്ടികൾ ചേർന്നായിരുന്നു. കുന്ന് എന്ന് പറയാൻ മാത്രമായി ഒന്നുമവിടെ ഉണ്ടായിരുന്നില്ല.
അവിടവിടെ മൺകൂനകൾ…
വേരു പുറത്തായ വൃക്ഷങ്ങൾ…
മണ്ണുമാന്തിയന്ത്രങ്ങളുടെ മുരൾച്ചകൾ…
ടിപ്പർലോറികളുടെ അലർച്ചകൾ…
മണ്ണുപണിയ്ക്ക് വന്ന തൊഴിലാളികളുടെ ബഹളങ്ങൾ…


കുന്നിൻപുറം അവശനായൊരു വൃദ്ധനെപ്പോലെ വശംചെരിഞ്ഞു കിടപ്പുണ്ടായിരുന്നു. ചെമ്മൺനിറമുള്ള താടി… നിറഞ്ഞുകലങ്ങിയ കണ്ണുകൾ…
വലിയ മണ്ണുമാന്തിയന്ത്രങ്ങൾ വൃദ്ധന്റെ പിളർന്ന മാറിൽ നിന്നും മണ്ണ് വാരിയെടുത്ത് കൊണ്ടിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന കാഴ്ച! കൗതുകം വളരെപ്പെട്ടെന്ന് ആവിയാവുന്നതറിഞ്ഞു.


വരേണ്ടിയിരുന്നില്ലെന്ന് മനസ്സ് പേർത്തുംപേർത്തും പറഞ്ഞുകൊണ്ടേയിരുന്നു…
അകലേക്ക് നോക്കിയപ്പോൾ പച്ചവിരിച്ച് പരന്നുകിടക്കുന്ന കോടന്നൂർപ്പാടം കണ്ടു.
തൊട്ടടുത്ത് വധശിക്ഷ കാത്തുനിൽക്കുന്ന കശുമാവിൻതോപ്പ് കണ്ടു.
തലയെടുപ്പോടെ നിൽക്കുന്ന അഞ്ച് കുന്നുകളുണ്ടായിരുന്നത്രേ അവിടെ. അയ്യൻകുന്ന് (ഐകുന്ന്) എന്നറിയപ്പെട്ടു അവിടം. അവശേഷിക്കുന്ന ഒന്നിന്റെ ഊർദ്ധ്വൻവലി മാത്രം കേട്ടു ഞങ്ങൾ നാല് കുട്ടികൾ.


വർഷങ്ങൾക്കപ്പുറം മറ്റൊരു ദേശത്ത് അത്തരത്തിൽ മണ്ണെടുത്തുപോയൊരു ഭൂമിയിൽ താമസിക്കാനിടയായി. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒരു കൂറ്റൻ അസ്ഥിപഞ്ജരത്തിനുള്ളിൽ കഴിയുംപോലെ! ‘പെദ്രൊ പരാമോ’യിലെ ‘കൊമാല’യെ ഓർമ്മിപ്പിക്കുന്ന ഭൂപ്രദേശം.


മണ്ണുമാന്തിയന്ത്രങ്ങൾ അവശേഷിപ്പിച്ച മൺതിട്ടകൾ, കുഴികൾ…
ഒട്ടനവധി മാനസിക അസ്വാസ്ഥ്യങ്ങൾക്കിടയിലൂടെ നീണ്ട ബോഗികളുള്ളൊരു ഗുഡ്സ് ട്രെയിൻപോലെ ഇഴഞ്ഞുനീങ്ങിയ ദിനങ്ങൾ…
അവിടെ മനുഷ്യരും വ്യത്യസ്തരായിരുന്നില്ല. അവർ മണ്ണുമാന്തിയന്ത്രങ്ങളെപ്പോലെ ചിന്തിച്ചു.


മണ്ണുമാന്തിയന്ത്രങ്ങളെപ്പോലെ ചരിച്ചു. പണ്ടൊരിക്കൽ, അയ്യൻകുന്ന് കയറിയ പോൽ ഇവിടെ വരേണ്ടിയിരുന്നില്ലയെന്ന് മനസ്സ് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.
മനുഷ്യൻ സ്വയമേവ ഒരു യന്ത്രമാണ്. നിൽക്കുന്നിടം വരെ മാന്തിയെടുക്കുന്ന യന്ത്രം. ചിന്തിക്കുന്ന യന്ത്രമെന്ന് പറയാമോ? അത് പൂർണമായും ശരിയാവില്ല.
മണ്ണ് മാത്രമല്ല, മനുഷ്യൻ മാന്തിയെടുക്കാത്തതായി എന്താണ് ഉള്ളത്? അപരനെപ്പോലും!
ക്രൂരമായി മാന്തിയെടുക്കപ്പെട്ട ശേഷം നിഷ്ക്കരുണം ഉപേക്ഷിക്കപ്പെടുന്ന എത്രയോ മനുഷ്യജൻമങ്ങളുണ്ട്!


പല പ്രായങ്ങളിലുള്ള…
പല അവസ്ഥകളിലുള്ള…
ഭൂമിയ്ക്കൊപ്പം ഊർദ്ധ്വൻ വലിച്ച്. അവരങ്ങനെ…
എല്ലാറ്റിനും മുകളിൽ തീർത്തും നിസംഗരായി ‘നിലനിൽപ്പ് ‘ എന്നൊരു വാക്ക് ഒട്ടിച്ചുചേർക്കുന്നു നമ്മൾ.
എല്ലാതരം ന്യായീകരണങ്ങളെയും സമർത്ഥമായി ക്രോഡീകരിക്കുന്നു നാം.
ക്രോഡീകരണങ്ങളുടെ ഭൂമി!
വാസ്തവത്തിൽ ഭൂമി ഒരു ശവപ്പറമ്പാണ്. ‘കൊമാല’ പോലെ,

സെഹ്റാൻ

By ivayana