രചന : വാസുദേവൻ. കെ. വി✍

“വരും ജന്മങ്ങളിൽ നീയെനിക്ക് തുണയാവണം. എനിക്ക് നിന്റെ പ്രിയമുള്ളവളും.. പൂത്തുലഞ്ഞ ശിഖരങ്ങളിൽ ചേക്കേറി
നമുക്ക് ഇണക്കുരുവികളായി കൊക്കുരുമ്മണം. ചുംബനധാരകളാൽ മൂടണം പരസ്പരം . നിന്റെ ഇടനെഞ്ചിൽ മുഖം പൂഴ്ത്തണം. ഒരുമിച്ച് പറന്നുപറന്ന് ചെന്ന് നീർമാതളം പൂത്തോ, മുല്ലവള്ളി തളിർത്തോ എന്ന് നോക്കണം.”
പ്രണയമാപിനിയിൽ ചൂട് നൂറ്റിരണ്ടിലെത്തിയവളുടെ സായന്തനക്കിറുക്ക്!!! .
അവൻ മറുമൊഴിയുതിർത്തു.,
“അതേ പെണ്ണേ,, കുരുവികളല്ലാ തുമ്പികളാവണം നമുക്കപ്പോൾ … കുഞ്ഞിച്ചിറകടിച്ച് പറക്കണം പ്രണയാത്മാക്കളായി.”
“അതിഭൌതികരഹസ്യങ്ങളുടെ ഗർഭം പേറുന്ന അറബിസമുദ്രത്തിൽ അങ്ങകലെ, ജന്മങ്ങൾക്കിടയിൽ ആത്മാക്കളുടെ വിശ്രമകേന്ദ്രമെന്ന് മയ്യഴിയുടെ കഥാകാരൻ വർണ്ണിച്ച വെള്ളിയാങ്കല്ലിലേക്ക് പോണം നമുക്ക്. കോഴിക്കോട് തിക്കൊടിയന്റെ തട്ടകത്തിൽ നിന്ന് കൃത്യം ആറ് നോട്ടിക്കൽ മൈൽ ദൂരെ. അനാദിയായി പരന്നുകിടക്കുന്ന അറബിക്കടലിൽ പൊലിഞ്ഞുവീണ മിഴിനീർത്തുള്ളി പോലെ കിടക്കുന്ന വെള്ളിയാങ്കല്ല്. അവിടിപ്പോഴും പ്രണയാത്മാക്കളായി രണ്ടു തുമ്പികൾ പാറിപറക്കുന്നുണ്ട്.
ഇണതുമ്പികളായി ദാസനും ചന്ദ്രികയും.
ഭാഷാഖ്യാനതന്ത്രത്താൽ മാസ്മരികത സൃഷ്ടിച്ചെടുത്ത പ്രണയത്തുമ്പികളെ അത്‍ഭുതവിസ്മയത്തോടെ കാണാൻ നമ്മളെ ആനയിച്ചത് അനുഗ്രഹീത നോവലിസ്റ്റ് എം, മുകുന്ദൻ .രസാവഹമായ മറ്റൊരു കഥനചരിത്ര തിരുശേഷിപ്പായി അത് .കാല്പനിക തീവ്ര പ്രണയത്തിലെ ദാസനേയും ചന്ദ്രികയെയും തേടി കമിതാക്കളെത്തി പാദസ്പർശമേല്പിച്ച വെള്ളിയാങ്കല്ലിന് പ്രിയകഥാകാരന്റെ പാദമലരുകൾ തൊട്ടറിയാന് ഇനിയും അ വസരമില്ലാതെ,.
“എനിക്കെന്തോ അവിടെ പോവാൻ തോന്നിയിട്ടില്ല,അതങ്ങനെ കിടക്കട്ടേ. എന്നിലെ ഉറച്ചൊരു മിത്തായി നിലനിൽക്കട്ടേ.”
മുകുന്ദൻ വ്യക്തമാക്കുന്നു.
കടൽപ്പക്ഷികളുടെ ഇടത്താവളമാണിന്ന് ആ പാറക്കൂട്ടം.
അതെ.., അങ്ങ് ദൂരെ വെള്ളിയാങ്കല്ലിൽ ദാസന്റെയും ചന്ദ്രികയുടെയും ആത്മാക്കൾ തുമ്പികളായി ചുററിപറക്കുന്നു.
പെണ്ണേ..പോണം നമുക്കും.,
ചന്ദ്രിക്കും,ദാസനുമൊപ്പം പ്രണയപരവശതയോടെ ഇണത്തുമ്പികളായി നമുക്കും പാറിപ്പറക്കണം…
മംഗല്യനാളിന് തൊട്ടുമുമ്പ് അംബ പ്രിയമുള്ളവനെക്കൂട്ടി ഒരു രാവ് ചെന്നിരുന്നതും വെള്ളിയാങ്കല്ലിലല്ലേ..??
അനുരാഗത്തീ ആളിപ്പടർന്നപ്പോൾ അവൻ പുറത്തെടുത്ത സുരക്ഷാകവചം പിടിച്ചുവാങ്ങി അംബ അതിൽ കാറ്റൂതി നിറച്ച് കടൽത്തിരകളിലേക്ക് പറത്തിവിട്ടതിനും സാക്ഷ്യം ആ സമുദ്രശില.
വായന ലഹരിയാക്കി
രചനാകൌശലങ്ങളുടെ മായാലോകത്തിൽ രമിക്കുന്ന നമ്മൾക്ക് പോവാൻ വെള്ളിയാങ്കല്ലാതെ മറ്റേതൊരിടം ഈ മണ്ണിലും വീണ്ണിലും ?!!
കാത്തിരിക്കാം നമുക്ക് ജന്മസാഫല്യങ്ങൾ പൂത്തുലയും നാളുകൾക്കായി..
തല്ക്കാലം നീയീ വാക്ജാലങ്ങളാൽ തൃപ്തിയടയുക.

By ivayana