രചന : അഹ്‌മദ് മുഈനുദ്ദീൻ.✍

വെട്ടം വീഴും മുന്നേ
വീട് വിട്ടിറങ്ങിയതാണ്
ഒരു ചായ പോലും കുടിക്കാതെ.
എന്നെപ്പോലെ
കാലിവയറിൽ
ഈ ബസിന് കൈ കാണിച്ചവർ
വേറെയുമുണ്ടാകാം
അവർക്കൊക്കെ
അവരുടേതായ കാരണങ്ങളുമുണ്ടാകാം
സ്റ്റാന്റിൽ
തുറക്കാത്ത പീടികവരാന്തയിൽ
ആളുകൾ ചിതറിക്കിടപ്പുണ്ട്
തിമിരം ബാധിച്ച
മങ്ങിയ വെളിച്ചത്തെ
മഞ്ഞ്,പൊതിഞ്ഞു പിടിച്ചിരിക്കുന്നു
ഇളം തണുപ്പിൽ
ഒന്നുകൂടി
ചുരുണ്ട് കിടക്കാമായിരുന്നില്ലേ
ഇവർക്കൊക്കെ.
തണുപ്പിലേക്ക്
പാട്ടിലേക്ക്
തല നീട്ടുന്നവർ
കാറ്റിലേക്ക്
കാഴ്ചയിലേക്ക്
നീങ്ങിയിരിക്കുന്നവർ.
വളഞ്ഞുപുളഞ്ഞ വഴിയിൽ
വയസ്സൻ ബസ്സിന്റെ കിതപ്പ്
ഒരു നേർരേഖ വരക്കുന്നു
അടുത്തിരിക്കുന്നവരുടെ
തോളിലേക്ക് ചായാതെ
മടിയിലെ ബാഗ്
ഉതിർന്നു വീഴാതെ
ഉറക്കത്തെ കെട്ടിപ്പിടിക്കുന്നു
ഹോണുകൾ
കുഴികൾ
ഉറക്കത്തെ പല കഷ്ണങ്ങളാക്കുന്നു
വഴിതെറ്റുമെന്ന
ആശങ്കയില്ലാത്തത് കൊണ്ടാണ്
ചിലരൊക്കെ സ്വിച്ചിട്ട പോലെ
ഉറങ്ങിപ്പോകുന്നത്.
ഉറക്കം, യാത്രക്കുള്ളിലെ
സമാന്തര യാത്രയാണ്.
ഒരേ സമയം രണ്ട് കാര്യങ്ങൾ
ഫലപ്രദമായി നിറവേറ്റുന്നുണ്ട്
ബസ്സുറക്കം.
ഈ യാത്ര എന്തിനായിരുന്നു?
ചോദ്യം അപ്രസക്തമാണ്
എഴുത്തിലെന്നപോലെ
അജ്ഞാത കാരണങ്ങൾ
ഓരോ യാത്രയിലുമുണ്ട്.

അഹ്‌മദ് മുഈനുദ്ദീൻ.

By ivayana