രചന : സണ്ണി കല്ലൂർ✍️

നാലു ദിവസമായി കടൽ കോപിച്ചിരിക്കയാണ്. ഉച്ച തിരിഞ്ഞപ്പോൾ ആകാശത്ത് അൽപം തെളിവ്. അയാൾ കടൽകരയിലേക്ക് നടന്നു. എത്ര സമയം വേണമെങ്കിലും കണ്ണുകൾ അടച്ച് അവിടെ മലർന്നു കിടക്കുവാൻ അയാൾക്ക് ഇഷ്ടം. നഗ്നമായ പിന്നാമ്പുറത്ത് മണൽ തരികൾ അമരുമ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നും. ശരീരം ഭാരമില്ലാതെ ഒഴുകുന്നതു പോലെ.


നനഞ്ഞ മണ്ണിൽ കാൽ പതിയുന്ന സ്വരം അയാൾ കണ്ണുകൾ തുറന്നു. ഏച്ചിയാണ്. നാലു കുടിക്കപ്പുറം ചേട്ടനൊരുമിച്ച് താമസിക്കുന്നു. ബധിരയാണ് അവൾ തന്നെ നോക്കി കൊണ്ട് കടന്നു പോയി അയാൾ വീണ്ടും കണ്ണുകൾ അടച്ചു.
നാളെ കടൽ ശാന്തമായാൽ ചൂണ്ടക്കു പോകണം. രണ്ടുമൈൽ ദൂരെ അയാൾക്കിഷ്ടമുള്ള സ്ഥലം നാലുപാടും വെള്ളം.. കരകാണില്ല. പക്ഷേ അയാൾക്ക് ചുറ്റും ആഴത്തിലും മീനുകൾ ഉണ്ട്. ഒന്നോ രണ്ടോ എണ്ണം മാത്രം മതി. തിരിച്ചു വരുമ്പോൾ സമയം പോകുന്നതറിയില്ല. മീനുകളെ നോക്കി അയാൾ തുഴയും.


തൻറ മീൻ വാങ്ങാൻ വട്ടമുഖമുള്ള അരയിൽ ബെൽട്ടിട്ട കറുത്ത മനുഷ്യൻ കാത്തു നിൽപ്പുണ്ടാവും. മീൻ വലുതാണെങ്കിലും ചെറുതാണെങ്കിലും എന്നും അയാൾ ഒരു വിലയെ തരികയുള്ളു. അതു തന്നെ തനിക്ക് ധാരാളം.
മഴയിലും വെയിലിലും ഭാവം മാറുന്ന മണൽ പറമ്പ്. കരുംപച്ചനിറമുള്ള ഓലതലപ്പുകൾ, മറ്റു വൃക്ഷങ്ങൾ കുറവ്.


വെറുതേ വീട്ടിലിരിക്കുമ്പോൾ ഇടക്ക് ചായ തിളപ്പിക്കും. കഞ്ഞി വയ്ക്കുമ്പോൾ അടുത്തവീട്ടിലെ ശാലിചേച്ചിയുടെ ഉണക്കമീൻ ആ തിയിലിട്ട് ചുടും നല്ല രുചിയാണ്.
കടൽ അലറുമ്പോൾ തിരകൾ ഒന്നിനൊന്ന് വലുതായി കരയിലേക്കടിച്ച് കയറുമ്പോൾ വഞ്ചിയിറക്കാൻ കഴിയില്ല.


ചൂണ്ടയിട്ടപ്പോൾ ദൂരെ ഇടിമുഴക്കം, ഉരുണ്ടു കൂടുന്ന കാര്. പിന്നെ വേഗം കരയിലേക്ക് തിരിക്കും വലിയ കാറ്റിനും മഴക്കും തൻറ വഞ്ചിയെ മുക്കികളയാൻ കഴിയില്ല. അയാൾക്ക് ധൈര്യം.
എഴുന്നേറ്റ് കടലിലേക്ക് നോക്കി. കോള് കുറഞ്ഞിട്ടുണ്ട്. നാളെ രാവിലെ പോകണം.
ആടിൻറ കരച്ചിൽ അയാൾ തെക്കോട്ട് നോക്കി. ഏച്ചി തെങ്ങിൽ ചാരി നിന്ന് തന്നെ നോക്കുന്നു. അയാൾ പതിയെ ചിരിച്ചു. അവൾ ഭാവഭേദമില്ലാതെ അതേ നിൽപ്പ്. പാവം സംസാരിക്കാൻ കഴിയില്ല.


എത്ര സമയം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഇരുട്ടായി കുടിലുകളിൽ വിളക്കുകൾ തെളിഞ്ഞു. തണുപ്പ് കാറ്റ്.
അയാൾ കുടിലിലെത്തി. ഭക്ഷണം കഴിച്ചു. ചൂണ്ടയും വട്ടവലയും ഒരുക്കി. നാളെ പോകണം അയയിൽ നിന്നും പഴയ മുണ്ട് എടുത്തു പുതച്ചു.
അടുത്ത കുടിലിലെ പിള്ളേർ രാമനാമം ജപിക്കുനനത് കേട്ടു.
ദുരെ നിന്ന് മഴയുടെ എരവം… അയാൾ വാതിൽ അടച്ചു. ഓലപ്പുറത്ത് വലിയ മഴതുള്ളികൾ വീഴുന്നു. വിളക്കു കെടുത്തി. കാലുകൾ കൂട്ടിവച്ച് മൂടിപ്പുതച്ചു.

കടൽ ഇവിടെയുണ്ടെന്ന് പോലും തോന്നില്ല. അത്രക്ക് ശാന്തം വഞ്ചി തള്ളി ഇറക്കി. ആദ്യത്തെ തിര വഞ്ചിയിലടിച്ച് ചിതറിപ്പോയി. ഒരു മേഘശകലം പോലും കാണാനില്ല. വഞ്ചി വേഗത്തിൽ നീങ്ങുന്നു.
കഴിഞ്ഞയാഴ്ച ഇവിടെയായിരിക്കണം ആദ്യം ചൂണ്ടയിട്ടത്.
ഇര കൊളുത്തി അകലേയ്ക്ക് എറിഞ്ഞു. കുറച്ചു സമയം കഴിഞ്ഞു. യാതൊരു അനക്കവുമില്ല. ഈ മീനുകളെല്ലാം എവിടെപ്പോയി. നിരാശ തോന്നി ചൂണ്ട ഉയർത്തി. ഭാരം പോലെ… അയാൾ വീണ്ടും വലിച്ചു. എന്തോ കുടുങ്ങിയിട്ടുണ്ട്. മീൻ ആകാൻ സാദ്ധ്യതയില്ല.


ചെറിയ മൽസ്യം പോലും ചൂണ്ട പൊട്ടിച്ച് പോകാൻ സർവ്വശക്തിയുമെടുത്ത് ശ്രമിക്കും. ചിലപ്പോഴെല്ലാം ബലപരീക്ഷണത്തിൽ താൻ തോൽക്കും പൊട്ടിയ ചൂണ്ടയുമായി തിരിക്കും. അയാൾ സാവധാനം ചൂണ്ടനാര് വലിച്ചു. വഞ്ചിയിലേക്ക് അടുപ്പിച്ചു. വെള്ളിതാലം പോലെ ഒരു മീൻ..
അയാൾ രണ്ടു കൈയ്യും കൊണ്ട് അതിനെ എടുത്തു വഞ്ചിയിലേക്കിട്ടു. അതി മനോഹരം മയിൽപീലിയുടെ നിറം താൻ ആദ്യമായി കാണുകയാണ്. തടിച്ച ചുണ്ടുകൾക്കിടയിൽ നിന്നും അയാൾ കൊളുത്തു വേർപെടുത്തി. മീൻ തന്നെ നോക്കുന്നുണ്ടോ…. കുറച്ചു സമയം എന്തു ചെയ്യണമെന്നറിയാതെ അയാൾ പകച്ചു പോയി. പിന്നെ താമസിച്ചില്ല. വഞ്ചി തിരിച്ചു. നേരെ കരയിലേക്ക്.


കടൽ ഇപ്പോഴും ശാന്തം. വെയിലിന് തണുപ്പ്. പിന്നിൽ കുഞ്ഞോളങ്ങൾ ചുഴികൾ. വഞ്ചിയുടെ വേഗത വർദ്ധിച്ചോ….. കര കണ്ടു തുടങ്ങി കാറ്റ് അനുകൂലം.
അയാൾ മീനിനെ നോക്കി. അനങ്ങാതെ കിടക്കുന്നു. ചുണ്ട് അനങ്ങുന്നുണ്ട്, പിന്നിൽ എന്തോ മിന്നി മറഞ്ഞതുപോലെ സൂക്ഷിച്ചു നോക്കി, മീനുകൾ വഞ്ചിയുടെ പിന്നാലെ ആയിരം മീനുകൾ അൽഭുതം അയാൾ ആഞ്ഞു വലിച്ചു.
കടവ് അടുത്തു കൊണ്ടിരിക്കുകയാണ്. അവൾ തന്നെ കാത്തു നിൽക്കുകയാണോ…. നീല ബ്ലൗസ് ആച്ചി.


വഞ്ചി കരയിലേക്ക് ഓടിച്ചു കയറ്റി പിന്നിൽ മൽസ്യങ്ങൾ മണ്ണിലൂടെ പിടച്ച് കയറാൻ ശ്രമിക്കുന്നു. തലതല്ലി കരയുന്നതു പോലെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടോ…..
അയാൾ ചാടി എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി…….കാലിൽ നനവ്. രാത്രിയുടെ അന്ത്യയാമമായി കാണണം. പെരുമീൻ ഉദിച്ചിട്ടില്ല. കുടിലുകൾ ഉറക്കത്തിലാണ്. കുടത്തിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.
അന്ന് ആദ്യമായി അയാൾക്ക് കടലിൽ പോകാൻ ഭയം തോന്നി.

സണ്ണി കല്ലൂർ

By ivayana