രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍

ആ “നിക്കാഹ്
ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.
പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.
…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.
കൂടാതെ വലിയ ബിസിനസ്‌ കാരനായ
പോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ രൂപം കൊണ്ടു.
പോക്കർ എത്ര നല്ലവൻ…!
മറന്നില്ലല്ലോ… ഞങ്ങളെ…
…..അല്ലേലും , പോക്കറുടെ വേരുകൾ ഇവിടെ ആണ്.
പോക്കറുടെ ഉപ്പ ചുക്കിനിപ്പറമ്പിൽ നിന്നു പോയതാണ്.
ചുക്കിനിപ്പറമ്പിലെ കൊടിയ ദാരിദ്രം , അയാളെ
മഴനിഴൽ പ്രദേശമായാ മാണിക്ക്യപ്പാടത്തേക്ക് നയിച്ചു.
അയാൾ അവിടെ അധ്വാനിച്ചു.
സ്വർണം കൊയ്തു.
‘വിതച്ചത് കൊയ്യും ‘…
…..ഉറപ്പുണ്ടായിരുന്നു.
…..കാലങ്ങൾ മടിയില്ലാതെ
സമ്മാനിച്ച
‘ മടി ‘ കൂടെ കൊണ്ടു നടന്ന് ആണ് പലതും ചെയ്തത്.
അതോണ്ട് , എനിക്ക്
മടി പണി തന്നു…
ഇക്കാലത്ത് പറയേച്ചാൽ.
ഇരുപതു കൊല്ലം മുൻപ് എങ്ങനേണ്ടോ… അത് പോലെ തന്നെ ഇന്ന്…
ശങ്കരൻ
തെങ്ങിൽത്തന്നെ.
തെങ്ങിൽക്കേറി മാനത്തെ ചന്ദ്രനെ വരെ പിടിക്കും…ന്നൊ ക്കെ വിചാരിച്ചു.
വീമ്പടിച്ചു..
വീമ്പൻ..ന്നുള്ളതിന്നുള്ള പര്യായം സ്വയം ഏറെക്കുറെ ബുദ്ധിമുട്ടി നേടിയെടുത്തു.
പിൽക്കാലത്തു അതോർത്തു വേണ്ടീരിന്നില്ല ന്നും തോന്നി.
പാകക്കുറവ് ഏറെ ജീവിതത്തിൽ കാണപ്പെട്ടു.
പക്ഷെ ,
വിചാരം മാത്രമേ ഉണ്ടായിള്ളൂ.
അതിനൊക്കെ രാപകൽ പണിയെടുക്കണം പറഞ്ഞപ്പം
അത് വേണ്ടാ ന്നു വെച്ചു.
പക്ഷെ ,
എഴുത്തിൽ, മടി കണ്ടില്ല…
അതോണ്ട് സംഭവിച്ചത് മടിയില്ലാതെ ഞാൻ നിങ്ങൾക്കു മുന്നിൽ പറയുന്നു…
എഴുതുന്നു…
ഒറ്റയിരിപ്പിനു വായിച്ചതും , എഴുതിയതും കുറേ ഉണ്ട്.
പ്രിയ M.T കഥകൾ , നോവലുകൾ ഒക്കെ അതിൽപ്പെടും.
ഇന്റർമെഡിയറ്റിനു പഠിക്കുമ്പോൾ പലതും ഇഷ്ട്ടപ്പെട്ട
പടിഞ്ഞാറേ മുറിയിൽ വെച്ചു വായിച്ചു.
സമയം കിട്ടിയിരുന്നു അതിനൊക്കെ.
പോരാത്തതിന്
മുണ്ടൂരിലെ വായനത്തുരുത്ത് സഹായിച്ചു.
മറക്കില്ലൊരിക്കലും.
മാണിക്ക്യപ്പാടത്തെ
മുഖ്യ കവലയിൽ
മുളക്…ചെലവ് വിൽക്കുന്ന…,
ച്ചാൽ….പലചരക്കു വിൽക്കുന്ന പോക്കർ ,
ഞങ്ങളെ ,
അയാളുടെ മകളുടെ കല്യാണത്തിന്…
നിക്കാഹിനു ക്ഷണിച്ചിരുന്നു.
പട്ടണത്തിലെ
വല്യ കച്ചവടക്കാരനായ പൈസയിൽ , സ്വത്തിൽ , പോക്കറിനൊപ്പം
സമാ…സമം നിൽക്കുന്ന പട്ടണക്കാട് വലിയ വീട്ടിൽ അഹമ്മദ്കോയയുടെ ദുബായിൽ ജോലിയുള്ള , അഞ്ചക്ക ശമ്പളമുള്ള മകൻ ആണ് വരൻ.
പേര്… സുൽഫി.
അന്നൊക്കെ
ദുബായ്ക്കാരൻ പറഞ്ഞാൽ
പുതുമ ആയിരുന്നു.
…. “ദുബായിക്കാരാൻ പുതു മണവാളൻ..
നിക്കാഹ് പൊടിപൊടിച്ചു “… ന്നൊരു സിനിമാ ഗാനം ഉണ്ടാർന്നു.
ദുബായിലൊക്കെ ചുരുക്കം ചിലർക്കേ പോവാൻ പറ്റിയിരുന്നുള്ളു.
തെക്കു നിന്നുള്ള ആൾക്കാരെ ഒഴിച്ച്.
മലപ്പുറം അതിൽ നിന്നു
അന്യo നിന്നു…
അവിടെയും കുറേ ആൾക്കാർ ദുബായിലേക്ക് പറന്നു.
മലബാർ ഇന്ന് കാണുന്ന ദുബായ് മയം ആവാനുള്ള മുന്നൊരുക്കം ആയിരുന്നു ആ കുടിയേറ്റങ്ങൾ.
നല്ല മണമുള്ള അത്തറുകളും , സെന്റും കൊണ്ടു വന്നു അവർ…
കൊതിയുണ്ടാക്കുന്ന ഈന്തപ്പഴം അങ്ങിനെ പരിചയം വന്നു.
പൊള്ളുന്ന ചൂടിന് മറുപടി കൊടുക്കാൻ ശീതികരിച്ച മുറികൾ
സമ്മാനിച്ചു ദുബായിപ്പണം.
ദുബായിൽ നിന്നൊക്കെ ചിലർ കുറേ കൊണ്ടു വന്നു…
പണമായിട്ടും…
സ്വർണ്ണമായിട്ടും..
970 ന് ശേഷം കേരളരാജ്യo ഒരു കുതിപ്പ് നടത്തി.
കുറഞ്ഞെങ്കിലും ആ കുതിപ്പ് അന്നും തുടർന്നു.
ചുക്കിനിപ്പറമ്പ് അതിൽ നിന്നോക്കെ അന്യം നിന്നു.
ചെറുവരബോടിൽ കുറെ മാപ്പിളമാർ ദുബായ് കണ്ടു.
കണ്ടവനെ ഒക്കെ ഞാൻ അത്ഭുതത്തോടെ നോക്കി.
ആ കുതിപ്പിൽപ്പെട്ടു നമ്മുടെ പോക്കറിന്റെ മരുമകൻ.
രാജ്യങ്ങൾ ചുറ്റുന്ന സുൽഫി..
ഓർമ്മയിൽ
മണിക്ക്യപ്പാടത്തിൽ നിന്നുള്ള ആദ്യ
കല്യാണ കത്താണ്.
നിക്കാഹ് കത്തിലൂടെ ഉള്ള വിളിയാണ്.
പണ്ടൊക്കെ ബന്ധുക്കൾ , നാട്ടുപ്പ്രമാണികൾ ഒക്കെ ആണേൽ വീട്ടിൽ വന്നു കല്യാണം ക്ഷണിക്കുകയാ പതിവ്.
വാക്കാലെയുള്ള പറച്ചിൽ.
കാലം മാറിയപ്പോ ക്ഷണം കത്തിന്റെ രൂപത്തിലായി.
അന്യ നാട്ടിൽ ഉള്ളവർ പലരും വിവാഹം കത്ത് മുഖേനെ അറിയിച്ചു.
‘ഇൻഷാ അള്ളാ ‘… ന്നൊ ക്കെഴുതിയ ക്ഷണക്കത്തിന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
ഒരു ചന്ദ്രക്കല രൂപം , കൊല്ലവും അടയാളമായി അതിൽ ഉണ്ടാർന്നു.
കൂടെ അതുവരെ കണ്ടിട്ടില്ലാത്ത ,
കഴിച്ചിട്ടില്ലാത്ത
‘കോയിബിരിയാണി’…യുടെ മണവും കത്തിനുണ്ടാർന്നു.
കത്ത് ,
കോഴിയിൽ പൊരിച്ചെടുത്ത പോലെ..?!
ഒരു “കോയി”ബിരിയാണി തരപ്പെടുമല്ലോ ന്നത് എന്റെ മനസ്സിനെ ആഹ്ലാദിപ്പിച്ചു.
പരിചയമില്ലാത്ത പലഹാരാ കോഴിബിരിയാണി.
അതൊന്നു ഒരു പിടി പിടിക്കണം..
….ന്നായി എന്റെ ചിന്ത.
ചുക്കിനിപ്പറമ്പിൽ വേറെ ചിലർക്കും ക്ഷണം ഉണ്ടായി.
പിലാക്കോട്ടിലെക്കും ക്ഷണം വന്നു.
മാണിക്യപ്പാടത്തെ മരപ്പണിക്കാരുമായുള്ള ബന്ധമാണ് അവർക്കു ക്ഷണം വരാൻ കാരണം.
പോക്കർ അതിൽ ഇടനിലക്കാരനായിരുന്നു.
മാളികയേയും , ചെറോ ത്തിനെയും പോക്കർ കത്ത് രൂപേണ ഞങ്ങളെ ക്ഷണിച്ച പോലെ ക്ഷണിച്ചു.
ആള് വന്ന് ഷണിക്കാത്തത്തിൽ മാളിക മനയ്ക്കും ,
ചെറോത്തിനും
ഇത്തിരി അലോസരം ഉണ്ടായി.
അവരുടെ ഒക്കെ വർത്താനത്തിൽ അത് മുഴച്ചിരുന്നു.
“പോക്കറിന് ഇവിടെ അറിയാത്തതോ…
വന്ന വഴി മറന്നു അവൻ”
… ന്നൊക്കെ.
ഞാൻ ആ കാലത്ത് അവരിൽ നിന്നു കേട്ട പരാതികളും ,
പരിഭവങ്ങളും.
കാലം വരുത്തിയ വിലയില്ലാത്ത ‘മുതലാളിത്തം ‘ അവർക്കു ചോരയിൽ ഉള്ളതാണല്ലോ…
അടിമകളോടുള്ള കൂട്ടാണല്ലോ..
കാലം മാറി..
അതവർ അറിയാൻ വൈകിപ്പോയി.
അവരുടെ പരിഭവം കാണേണ്ടത് തന്നെ.
ഉണ്ണാൻ ഇല്ലേലും ,
മുണ്ട് മുറുക്കി അവരുടെ
താവഴികളായി ചിലർ അഭിമാനികളായി നടന്നു.
വേണ്ടേ…പ്പോ ഇവരുടെ നെഞ്ചുവിരിച്ച നടത്തം.
ഏല്ലാർക്കും അറിയാം അവരൊക്കെ പൊളിഞ്ഞു ന്നു…
എന്നിട്ടും…
ഞാൻ മനസ്സിൽ അവർക്കു ഒരു സ്ഥാനവും കൊടുത്തില്ല.
ന്നാൽ… മെക്കിട്ടുകേറാനും പോയില്ല.
പക്ഷെ ,
നിക്കാഹ് ക്ഷണക്കത്തു കണ്ടു
പതിയപ്പാറയിലെ ഉണ്ണിക്കരണവർ ഒന്നും എതിര് പറഞ്ഞില്ല.
….”പോക്കറ് നിക്കാഹിന് ക്ഷണിച്ചല്ലോ “…എന്നാ അദ്ദേഹം പറഞ്ഞത്.
ഉയരങ്ങളിൽ എത്തിയ മനുഷ്യപ്രാണിയുടെ “ചെത്ത “മായിരുന്നു അത്.
ആ ഉത്തരത്തിൽ ഞാൻ ഉണ്ണിയുടെ കൂടെ നിന്നു.
ച്ചാൽ ചന്ദനം ചാരി നിന്നൂ… ന്ന്.
ചന്ദനം മണത്തിരുന്നു എന്നേ ആക്കാലങ്ങളിൽ.
പക്ഷെ ,
S. K യുടെ മണം ചാണകത്തിന്റെ ആയിരുന്നു.
മാളിക കണ്ട ഏറ്റവും മോശായ തമ്പുരാൻ നമ്പർ ആറിന്റെ ഒപ്പമായിരുന്നല്ലോ S. k.
S. K. അടുത്തു വരുമ്പോൾ ചാണക നാറ്റം…മൂക്കിലേക്ക് അടിച്ചു കേറും.
സഹിച്ചു അതൊക്കെ.
നിക്കാഹിന് എന്റെ കൂടെ വന്ന പിലാക്കോട്ടുകാർക്ക്
പോക്കർ തരാൻ പോവുന്ന
കോഴി ബിരിയാണിയിൽ ഒരു കണ്ണുണ്ടാർന്നു.
എനിക്കും ഇല്ലെന്നു പറയാതെ വയ്യ…
“കോയി ബിരിയാണി ” കാണാത്ത ഒരാളായിരുന്നു ഞാനും.
കൂടെ വന്ന പിലാക്കോട്ടെ ഒരുത്തൻ എവിടുന്നോ അത് രുചിച്ചിട്ടുണ്ടെന്നു വീമ്പു പറഞ്ഞു നടന്നു.
ആക്കാലത്ത് വീമ്പു പറഞ്ഞു നടക്കാനാ പാട്…
ഞാൻ അതിനൊന്നും ചെവി കൊടുത്തില്ല.
കോഴിയെ കൊന്നു തിന്നിട്ടുണ്ട്.
തറവാട്ടിലെ , ആണ്ടറു തികളിൽ.
പക്ഷെ , അവസാനം കിട്ടുന്നത് ,
രണ്ടു എല്ലുള്ള
രണ്ടു കഷ്ണങ്ങൾ….
പിന്നെ കുറേ ചാറും..
എത്രയോ നേരത്തെ മുൻപേ അടുക്കളകാരികൾ ഉണ്ടാക്കിയ ഉണങ്ങിയ ദോശ… പിന്നെ കുറേ പുഴുക്കും.
വാടിയ ചെറു പഴവും.
അതും കിട്ടുക കാരണവന്മ്മാർക്ക് കൊടുത്ത ശേഷം…
അപ്പോഴേക്കും വിശപ്പ്‌ ചത്തിരിക്കും.
മണി പതിനൊന്നാവും ഞങ്ങൾക്ക് വിളമ്പുമ്പോൾ.
അങ്ങനെ ഒരു കോഴി ശാപ്പാടെ ഓർമയിലുള്ളു.
പോക്കറുടെ കോഴി ബിരിയാണി അങ്ങിനെ ആവില്ല…
പോക്കറ് ചതിക്കില്ല…
ആ വിശ്വാസം എന്നേ ബിരിയാണി സ്വപ്നത്തിലേക്കു വലിച്ചിഴച്ചു.
ദൈവം ‘കൊക്കരക്കോ’
…ന്നു പറയുന്ന കോഴിയെ സൃഷ്ടിച്ചതിൽ അഭിമാനിച്ചു.
കൂടെ , പാമ്പിനെ തിന്നുന്ന നാടായാ ചൈനയെ അപലപിച്ചു.
എങ്ങനാ അത് തിന്നുക…
അറയ്ക്കില്ലേ…
പോരാത്തതിന് അതിന്റെ ജ്യൂസും അവർ കുടിക്കും..
നല്ല നാട്ടുകാർ…
ഞാൻ നിരീച്ചു.
അങ്ങനെ സമയം പോവാൻ മണ്ഡപത്തിൽ ഇരുന്നു ഞങ്ങൾ പലതും സംസാരിച്ചു.
കോഴിയെ മനസ്സിൽ സ്തുതിച്ചു.
കോഴി രുചിയെ മനസ്സിൽ കൊതി പോലെ ഊറിച്ചു.
“പാരമ്പര്യമായി , തലമുറകളായി കോഴിയെ തിന്നുന്നത് കൊണ്ട് നമ്മൾക്കും അതിന്റെ രുചി പിടിക്കുന്നു “
ചില രാജ്യക്കാർക്ക് കോഴിയിറച്ചി ഹറാമാ… അറിയുമോ..?
ചത്തതും , കെട്ടതും ആണ് കോഴി തിന്നുന്നത്…
അതിനെ പിടിച്ചാ നമ്മൾ തിന്നുന്നത്…
….പിലാക്കോട്ടിലെ ഒരു ചെക്കനാ അത് പറഞ്ഞത്.
അത് ഞാൻ ശരി വെച്ചു.
വളർന്നു വരുന്ന പിലാക്കോട്ടിലെ പൈതലിന്റെ ബുദ്ധിയിൽ ഒരു കണ്ണ് വെച്ചു.
ബുദ്ധി എനിക്ക് മാത്രം ഉണ്ടായാൽ മതിയോ ,
പിലാക്കൊട്ടിനും വേണ്ടേ…
അതും ആ നിമിഷത്തിൽ ചിന്തിച്ചു.
ബിരിയാണി നേരം ആവുന്നത് വരെ തിരിച്ചും , മറിച്ചും ചിന്തിച്ചു.
മണ്ഡപത്തിലെ സ്റ്റേജിൽ നിക്കാഹു പൊടിപൊടിച്ചു.
പക്ഷെ , ജീവിതത്തിൽ ബിരിയാണി രുചിച്ചിട്ടില്ല.
അതൊരു കുറവായി ആക്കാലത്ത്… പോക്കറുടെ കഴിക്കുന്നത്‌ വരെ.
നാട്ടിലൊക്കെ
ഹിന്ദു കല്യാണത്തിന് സംബന്ധിച്ച ഞങ്ങൾക്ക് ഒരു
സസ്സേയ്തര ശാപ്പാട് ആലോചിക്കുമ്പോൾ വായിൽ വെള്ളം
സ്വഭാവികമായും ഉണ്ടായി.
‘കോഴി ‘….ന്ന് പറഞ്ഞപ്പോ അത് ഇപ്പൊ വേണെമെ ന്നായി.
ഞങ്ങൾ ആ
നിക്കാഹ് ദിവസത്തിന് വേണ്ടി ദിവസം എണ്ണിയെണ്ണി കാത്തിരിപ്പായി.
തലേ ദിവസം ആൽത്തറയിൽ പറഞ്ഞു…
“നാളേ ഈ നേരത്ത് “…
….നോക്കണേ ഒരു ബിരിയാണിക്കൊതി…
പിന്നെ ഒരു പ്രത്യേകത കൂടി ഉണ്ടാർന്നു ആ നിക്കാഹിന്..
അന്നൊക്കെ
വീടുകളിൽ നടത്തിയിരുന്ന കല്യാണം
കല്യാണമണ്ഡപത്തിലേക്കു മാറ്റി എന്നുള്ളത്.
പട്ടണത്തിലെ മണ്ഡപത്തിൽ ചോദിച്ചു ചോദിച്ചു ഞങ്ങൾ എത്തി.
അത്രക്കഞ്ടു പട്ടണം അറിയാത്ത പ്രായം ആയിരുന്നു.
അവിടേം ഒരു വെല്ലുവിളി…
അവിടെ മാത്രമല്ല…
പിന്നേം കണ്ടു…
ഇപ്പോഴും.
ചില വലിയ വെല്ലു വിളികൾക്ക് തല കുനിച്ചു കൊടുത്തു.
നിക്കാഹ് കഴിയാൻ കാത്തു നിന്നതിൽ നാട്ടിൽ നിന്ന് അറിയുന്ന ചില പഹയന്മ്മാർ കൂടി ഉണ്ടായിരുന്നു.
ചെറുവരബോടിൽ നിന്നൊക്കെ…
അവരെ പോക്കറുടെ അനുയായികൾ വായാൽ വിളിച്ചിരുന്നു.
ബിരിയാണി രുചിക്കാൻ അവർ പട്ടണത്തിലെ നികാഹ് പുരയിൽ എത്തിയിരുന്നു.
ഞാൻ മണ്ഡപത്തിലേക്കു നോക്കി.
നിക്കാഹിന് വരൻ അടക്കം വീട്ടുക്കാർ ഒരകലെ…
വധു മണ്ഡപത്തിലെ വേറൊരു വശത്തു.
ഹിന്ദു കല്യാണം പോലെ
മാലയിടലും , മോതിരം കൈമാറലും കണ്ടില്ല.
പലർക്കും പല രീതികൾ.
പള്ളിയിൽ വന്ന പണ്ഡിതർ പലതും ചൊല്ലിക്കൊടുക്കുന്നത് കേട്ടു.
ചെക്കന്റേം , പെണ്ണിന്റേം ആൾക്കാർ , ഉപ്പമാർ കൈയ്യിനുമേൽ കൈ വെച്ചു പണ്ഡിതരെ സാക്ഷി നിർത്തി ചില
ശ്ലോകങ്ങൾ
ചൊല്ലുന്നു…
അവസാനം അവർ ആലിംഗനം ചെയ്യുന്നു.
ചെക്കൻ ഒരു വശത്ത്… പെണ്ണ് വേറൊരുവശത്ത്.
തട്ടം കൊണ്ടു മറച്ച പെണ്ണിന്റെ മുഖം കണ്ടില്ല..
കണ്ണുകൾ മാത്രം കണ്ടു.
…..ഇനി ബിരിയാണി സമയം…
കൂട്ടത്തിൽ ഒരാൾ ചടങ്ങ് കഴിഞ്ഞപ്പോൾ അങ്ങിനെ പറഞ്ഞു.
മനസ്സ് ബിരിയാണി
ചട്ടിയിലേക്ക് കുതിച്ചു.
ബിരിയാണി വിളുമ്പുന്ന ഹാളിന് മുന്നിൽ ഒരു ജനക്കൂട്ടം
തമ്പടിച്ചിരുന്നു.
അവരൊക്കെ ബിരിയാണിയെ കൊതിച്ചിരുന്നു.
ഇവരൊക്കെ കഴിച്ചു ബാക്കി ഉണ്ടാവുമോ ആവോ…
ഞാൻ ചിന്തിച്ചു.
ആണ്ടറുതിപോലെ വരുമോ…
ഇത്തറേം നേരം കാത്തിരുന്നത് വെറുതെ ആവുമോ…
തലയിൽ പലതും പാഞ്ഞു കേറി.
എല്ലാർക്കും കിട്ടും
സമാധാനമായി ഇരിക്കിൻ വിളമ്പുകാരി ൽ ഒരാൾ പറഞ്ഞു.
കിട്ടിയാൽ തന്നെ എത്ര
എനിക്ക് മനസ്സിൽ ആദ്യ സംശയം ഉണർന്നു.
നാട്ടിൽ നിന്നു വന്ന പഹയൻമാർ
ആ വിസിലടി കാത്തു നിൽക്കുക ആയിരുന്നു.
ബിരിയാണി എപ്പളാ വിളമ്പുക എന്നൊരു ഉന്നം.
അതിൽ ചിലർക്ക് നിക്കാഹ് നടന്നില്ലേലും വേണ്ടില്ല…
കോയിബിരിയാണി കിട്ടിയാൽ മതിയെന്ന്.
ഇനി പ്പോ നിക്കാഹ് നടന്നാലും മൊഴി ചൊല്ലിയാലും..
നമുക്ക് ബിരിയാണി താ ന്നാ അവരുടെ മുഖഭാവം.
വാതിൽ എപ്പളാ തുറക്കുക എന്നും നോക്കി ആ പഹയന്ന്മാർ നിന്നു.
വിളമ്പുന്ന മേശ്രി വിസിലടിച്ചപ്പോൾ അവരൊക്കെ കൂട്ടം കൂട്ടമായി
ബിരിയാണി ഹാളിലേക്ക് കുതിച്ചു.
വാശിയോടെ ഓടി…ന്നു വേണൽ പറയാം.
കൂട്ടത്തിൽ ചിലർ വീണു…
ഹാളിലേക്ക് കടക്കുന്ന അവിടെ ഇരുമ്പുകമ്പി വാതിലപ്പെട്ടു ചിലരുടെ കൈവിരലുകൾ മുറിഞ്ഞു.
ചിലരുടെ കൈവിരലുകൾ ഇരുമ്പ് വാതിലിൽ കുടുങ്ങി.
നീക്കുന്ന വാതിലായിരുന്നു.
നല്ല രസായിരുന്നു ഓട്ടം കാണാൻ.
പോക്കറുടെ ബിരിയാണിക്കു നാട്ടുകാരുടെ തള്ള്…
ചായപ്പീടികയിൽ ഒരു വിഷയം ആയി നേരമ്പോക്കിന്.
….പഹയന്മ്മാരുടെ ഓട്ടം തുടർന്നു…നാട്ടിലെ ടൈലർ പ്രഭാകരനും , ചില കൂട്ടുകാരും ആ ഊഴത്തിൽ ഉണ്ടാർന്നു.
അവരൊക്കെ ചിലർ ബിരിയാണിയിൽ
ആറാടാൻ ചില വിദേശി വെള്ളം കഴിച്ചിരുന്നു.
ബിരിയാണിക്കു വിളിച്ച ആദ്യ പന്തിയായിരുന്നു അത്.
ആദ്യ പന്തിയിൽ എന്തോ ഞങ്ങൾക്ക് സീറ്റ്‌ കിട്ടിയില്ല.
അടഞ്ഞ വാതിൽ പ്പടി പിടിച്ചു ഞങ്ങൾ അടുത്ത പന്തിക്കു കാവൽ നിന്നു.
ഇത്രയ്ക്കോ ആക്രാന്തമോ ബിരിയാണിക്കു…
ഓടുന്നതിനിടയിൽ
കാളപൂട്ട് ശ്രീധരൻ പറയുന്നുണ്ടാർന്നു.
ഓടുന്നതിൽ വിദക്ധൻ ആയിരുന്നു അയാൾ.
എന്നിട്ടും അയാൾ
ആദ്യ പന്തിയിൽ കേറിയില്ല.
ഇരുമ്പ് വാതിലിൽ കൈ കുടുങ്ങി ആയാളും വിഷമിച്ചു.
വാതിലിന് മുന്നിൽ ഗുണ്ടകൾ പോലുള്ള രണ്ടാളുകൾ ആളുകളെ നിയന്ത്രിച്ചിരുന്നു.
ഞങ്ങൾക്ക് ആകെ നാണക്കേടായി.
ചുക്കിനിപ്പറമ്പിലെ ,
ചെറുവരാംബോട്ടിലെ ചിലർ ഒരു ബിരിയാണിക്കു വേണ്ടി അവിടെ കാശ പിശ കൂട്ടുന്നു..
ഉന്തുന്നു… തള്ളുന്നു…
മാനം കെടുത്തുമല്ലോ ഇവർ…
ഞാൻ കാളപൂട്ട് ശ്രീധരനെ ഒന്ന് അടങ്ങാൻ ആഗ്യത്തിലൂടെ കാണിച്ചു.
എവിടെ…
അയാൾ അടുത്ത പന്തിക്കുള്ള ബിരിയാണി ലഹരിയിൽ മുങ്ങി…പൊങ്ങുക ആയിരുന്നു.
പിന്നെ ഹാളിലും , പുറത്തും ,
ആകെ ഒച്ചയും , ബഹളവും.
മൂന്നാല് ദിവസായി തീറ്റ കിട്ടാത്ത മ്യൂസിയത്തിലെ ചില മൃഗങ്ങളെ പോലെ.
എന്തു ചെയ്യും..?
പന്തിയിൽ കുറച്ചുപേർക്കേ ഇരിക്കാൻ പറ്റു.
പോക്കറുടെ
ശിങ്കിടികൾ അടങ്ങാൻ പറയുന്നുണ്ട്…
ആര് കേൾക്കാൻ…?!
ബിരിയാണി മണം കൊണ്ട് ആളുകൾ
നാലു പാടും ഓടി…
ഒരു പഴുത് കിട്ടുമോ നോക്കി…
ഞങ്ങളുടെ ഊഴം വന്നു.
മനസ്സിൽ വലിയ കൊതിയുണ്ടെങ്കിലും ഞാൻ അടക്കം ഉള്ളവർ സംയമനം പാലിച്ചു ചുക്കിനിപ്പറമ്പിന്റെ മാനം കാത്തു.
ഞങ്ങൾ ഹാളിലേക്ക് കടന്നു.
ഹാളിലെ മേശകളിൽ ഇലയിട്ടു ബിരിയാണി വിളമ്പിയിരിക്കുന്നു.
രണ്ടു കഷ്ണം ഇറച്ചി കിട്ടിയുമെന്നു ഉറപ്പായി.
ഞാൻ മെല്ലെ നല്ലോണം വിളമ്പിയ ബിരിയാണി ഇല കേന്ദ്രമാക്കി ഇരുന്നു.
ജെന്റിൽ ആയ ആക്കറാന്തത്തോടെ ഞങ്ങൾ അത് കഴിച്ചു.
വറത്തതും , പൊരിച്ചതും ആയി , രണ്ടാം
ബിരിയാണിച്ചോറും വാങ്ങി സുഖായയൊരു തട്ട് തട്ടി.
വേനൽക്കാലമായതു കൊണ്ടു വിശ്ശർത്തു കുളിച്ചു.
ഇടയ്ക്കു വായിലേക്ക് തലയിൽ നിന്നു വിയർപ്പുകണികകൾ
ഉപ്പു രസത്തോടെ മേൽച്ചുണ്ട് കഴിഞ്ഞു നാവിലേക്കു വീണു…
ഹായ്…
അതൊന്നു തുടക്കാൻ പോലും സമയം കിട്ടിയില്ല.
മുന്നിലുള്ള ബിരിയാണിയെ കൊന്നൊടുക്കുക ആയിരുന്നു ലക്ഷ്യം.
ഞങ്ങൾ ഒന്നും ഉരിയാടിയില്ല.
ഓട്ടത്തിനിടയിൽ സകല ശക്തിയും ക്ഷയിച്ചിരുന്നു.
വിളമ്പുകാർ കുറവായതു കൊണ്ടു ഹാളിൽ മണിക്കൂർ ഒന്ന് ഇരുന്നു കൊടുത്തു.
അതോർമ്മയുണ്ട്.
കോയി ബിരിയാണി മൂക്കറ്റം കഴിച്ചു കൈ കഴുകാൻ ഞങ്ങൾ പുറത്തേക്കു വന്നു.
കഞ്ഞി കുടിച്ച പരിചയം മാത്രം ഉള്ളത് കൊണ്ടു കൈ കഴുകാൻ അവിടെ കണ്ട സോപ്പ് എടുത്തില്ല.
ഹാളിന് പുറത്തു വന്നു എണ്ണ മയമുള്ള കൈ കൊണ്ടു മുഖം തുടച്ചു.
ബിരിയാണിയിലെ നെയ്യ് മുഴുവൻ മുഖത്തു…
നോക്കണേ…
മുഖത്ത് അപ്പടി
എണ്ണമയം.
അതൊക്കെ ആരും കാണാതെ മുണ്ടിന്റെ കൊന്തല കൊണ്ടു തുടച്ചു
പോക്കറുറാവുത്തരെ കാണാതെ ആ
ശ്യാദി മഹലിൽ നിന്നു പുറത്തു വന്നു.
എന്റമ്മോ…
ഇഷ്ട്ടപ്പെട്ട സിനിമക്കു പോലും ഇത്ര ബുദ്ധിമുട്ടിയിട്ടില്ല.
പരിചയമില്ലാത്ത ഇടത്ത്
പോക്കറ് തന്ന ബിരിയാണിക്കു സ്തുതി പാടി അടുത്ത ബസ്സിന്‌ ചെറുവരബോടിലേക്കു കുതിച്ചു…
പിന്നെ അവിടുന്ന് ഇഷ്ട്ടപ്പെട്ട ചുക്കിനി പ്പറമ്പിലേക്കും…

മങ്ങാട്ട് കൃഷ്ണപ്രസാദ്.

By ivayana