രചന : ശിവൻ മണ്ണയം.✍

താൻ നീർക്കോലിയെപ്പോലാണ് ഇരിക്കുന്നതെന്ന് ബിജു സുഹൃത്സദസുകളിൽ പലവുരു പറഞ്ഞിട്ടുണ്ട്.ഇത് ബിജു പറഞ്ഞതാണേ. ബോഡി ഷെയ്മിങ്ങ് എന്ന് പറഞ്ഞ് എന്നെ തല്ലാൻ വരരുതേ .ഒരപകർഷതാബോധമോ, തന്നെ മെലിഞ്ഞവനായി വളർത്തിയ ദൈവത്തിനോടുള്ള ദേഷ്യമോ ആയിരിക്കാം ബിജുവിനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്.


പക്ഷേ ബിജു മുൻ കോപിയാണ്, യുക്തിവാദിയും.
എതിരെ നില്ക്കുന്നവൻ പറയുന്നത് ,അതാരായാലും ബിജു ശ്രദ്ധിച്ചു കേൾക്കും. അതിൽ സമ്പന്ന നോ ദരിദ്രനോ, പണ്ഡിതനോ പാമരനോ ഭേദമില്ല. ആദിമദ്ധ്യാന്തം ശ്രദ്ധിച്ചു കേൾക്കും. ഇടക്ക് എന്തെങ്കിലും പ്രകോപനമുണ്ടാക്കുന്ന ഒരു വാക്ക് എതിരാളിയിൽ (എതിരെ നില്ക്കുന്നവരെല്ലാം ബിജുവിന് എതിരാളികളാണ് ) നിന്നും വന്നാൽ, അപ്പോൾ ബിജു വയലൻ്റാകും.


അങ്ങനെയുള്ള ബിജു ഒരിക്കൽ ബിവറേജിലേക്ക് പോയി. കയ്യിൽ കത്തിയുമായാണ് പോയത്.ദുർബലനാണ് ആയുധത്തിൻ്റെ ആവശ്യം.
നീണ്ട ക്യൂ കണ്ട് ബിജു ആകെയൊന്ന് കിടുങ്ങി. ആരോഗ്യമധികമില്ലാത്തതു കൊണ്ട് ആറു മണി കഴിഞ്ഞാൽ വിറക്കുന്നവനാണ് ബിജു.ക്യൂവിൻ്റെ നീളം കണ്ടാൽ സാധനം കിട്ടാൻ ഏഴ് മണി കഴിയും. അധികൃതർ ചുമ്മായിരുന്ന് വില കൂട്ടുകയാണ്. ജസ്റ്റ് ഫോർ ഹൊറർ ! എന്നിട്ടും കുടിയൻമാർക്ക് ഒരു ഉളുപ്പുമില്ല. ഒരു ദേഷ്യവുമില്ല. ചിരിച്ചോണ്ട് വന്ന് നിരന്ന് നില്ക്കുകയാണ്. മദ്യം, സർക്കാർ എന്ന സർവേശ്വരൻ കനിഞ്ഞു നല്കുന്ന ദാനമാണ്. നമ്മൾ പകരം കുറച്ചു പേപ്പറുകൾ നല്കുന്നു. ഇതാണ് കുടിയൻമാരുടെ ഭാവം!
വിറയൽ കേറിത്തുടങ്ങിയ ബിജു കത്തിയുമെടുത്തോണ്ട് ക്യൂവിൻ്റെ ഫ്രണ്ടിലേക്ക് നടന്നു. കാത്ത് നില്ക്കാൻ വയ്യ. ആദ്യം നില്ക്കുന്നവനെ വിരട്ടി, ക്യൂവിലേക്ക് തിരുകി കയറി സാധനവുമെടുത്ത് സ്ഥലം വിടണം.


ബിജു ആവേശത്തോടെ എടാ.. എന്നലറി നടന്നു ചെന്നപ്പോഴുണ്ട് അവിടെ നില്ക്കുന്നവൻ ഒരു ആജാനബാഹു.
അവൻ മുഴപ്പിച്ച് നോക്കുന്നു.
ബിജുവിൻ്റെ അടിവയറ്റിലൊരാളൽ.എടാ.. എന്നലറിയതു കൊണ്ടും, കയ്യിൽ കത്തിയുള്ളതുകൊണ്ടും എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ വല്ലാത്ത നാണക്കേട്.
നീങ്ങി നില്ലടാ…. എന്ന് തടിയൻറ മുഖത്ത് നോക്കാതെ വല്ലച്ചാതീം ബിജു അലറി.
നീങ്ങി നില്ക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ..
എന്തിന്..?


ഒരു ചോദ്യമാണ് മറുപടിയായി കിട്ടിയത്.ആജാന ബാഹു പ്രശ്നക്കാരനാണ് എന്ന് ബിജു മനസിലാക്കി. ബിജുവിന് മൂക്കത്താണ് ശുണ്ഠി. ബിജുവിലേക്ക് ദേഷ്യം ആർത്തിരമ്പിക്കയറി ഉയർന്ന് നിറഞ്ഞ് നുരഞ്ഞു.
ബിജു അലറി: പുറകോട്ട് മാറടാ….
ആജാന ബാഹു: ചത്താലും പുറകോട്ടില്ല ..
ബിജു: കത്തികൊണ്ട് കുത്തിവരയും ഞാൻ..
ആജാന: നിനക്കതിനുള്ള ധൈര്യമുണ്ടെങ്കിൽ ചെയ്യു..


ബിജു: കൊല്ലും ഞാൻ ..
ആജാന: മരിക്കാനെനിക്ക് പേടിയില്ല..
ബിജു: നിനക്കറിയില്ല.ഞാൻ തീയാണ്…സംജാ..
ആജാന: എങ്കിൽ കുളിക്കരുത്. കുളിച്ചാൽ അണഞ്ഞുപോകും.ഇവിടെ വല്ലാത്ത നാറ്റം. ഇപ്പോ കാര്യം പിടികിട്ടി.
ബിജു: കത്തി കണ്ടിട്ടും ഭയമില്ലേടാ കാലമാടാ .. നിൻ്റെ നാക്ക് ഞാൻ നിലപ്പിക്കും. നീ മരിക്കും.


ആജാന: മരിക്കാനല്ല ചിരിക്കാനാണ് ഞാൻ വന്നത്.. മദ്യപിച്ചാൽ ഞാനൊരു പാട് ചിരിക്കും, കുടിയൻമാരെ ഓർമ്മിച്ച് .. ഹ് ഹ് ഹ് ഹ..
ബിജു: വാചകമടിക്കാതെ പുറകോട്ട് നീങ്ങി നില്ക്കടാ ശുനക സുതാ..
ആജാന:ശുനക സുതൻ നിൻ്റെ പിതാമഹൻ ..
ബിജു: പോടാ ബെഗ്ഗറേ ..
ആജാന: പോടാ യോനീ പുത്രാ ..
ബിജു: നീ പോടാ ലിംഗ സുതാ..
ആ ജാന: നീ പോടാ തമിഴ് രോമമേ..
ബിജു: അത്രക്കായോ. പോടാ മാതാ ഭോഗീ..
ആജാ ന :നീ പോടാ പിതാവിന് മുമ്പ് ഭൂജാതനായവനേ..
ചീത്ത വിളി കൗണ്ടർ തുറന്നതോടെ അവസാനിച്ചു.


ബിജു ത്സടുതിയിൽ ആജാന ബാഹുവിനെ ഓടിക്കേറി ഗാഢമായി പുണർന്നു. ബിജു മന്ത്രിച്ചു: സുഹൃത്തേ…
എന്തിന് ..ഇതെന്തിന്..? ആജാന ബാഹുഅത്ഭുതപ്പെട്ടു.
ബിജു പറഞ്ഞു: ഞാൻ മെലിഞ്ഞവനാണ്.ദുർബലൻ .ഈ നാട്ടിലുള്ള ശക്തൻമാരൊക്കെ ഒരു വാക്കേറ്റമുണ്ടാകുമ്പോൾ, എതിരെ ഒരു ദുർബലനാണെങ്കിൽ, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലുകയാണ് പതിവ്.ഒരുപാട് കിട്ടിയിട്ടുണ്ട്. നിയമത്തിനും മീതെയാണ് കൈക്കരുത്ത് എന്നവർ എപ്പോഴും വിചാരിക്കുന്നു. തൻ്റെ ഭാഗത്ത് ന്യായമാണെങ്കിലും, അന്യായമാണെങ്കിലും അവർ ദുർബലനെ തല്ലും. നീതി, നിയമം.. കോടതി.. അതൊന്നും അവർക്കൊരു വിഷയമേ അല്ല.പക്ഷേ നീയെന്നോട് എതിരിട്ടു.. ഞാൻ ചീത്ത വിളിച്ചപ്പോൾ തിരിച്ച് ചീത്ത വിളിച്ചു.. ഞാൻ ദുർബലനായിട്ടും ഒരിക്കൽ പോലും നിൻ്റെ കൈ എനിക്കെതിരെ ഉയർന്നില്ല ..നിന്നെപ്പോലെ ഒരാൾ സുഹൃത്തായി വേണം എല്ലാ ദുർബലർക്കും.. എങ്കിലേ അവർക്കീ ജീവിത സാഗരം പരുക്കില്ലാതെ നീന്തിക്കടക്കാനാകൂ.


ആജാനബാഹുവിൻ്റെ കണ്ണുകൾ ആർദ്രമായി. അയാൾ ബിജുവിനെ ചുറ്റിപ്പുണർന്നു. ഈ ആജാന ബാഹുക്കളൊക്കെ എത്ര പാവങ്ങളാണ് ….

By ivayana