രചന : ഉഷാ റോയ് ✍

വഴിയോരത്തെ കടയിൽ കൂട്ടമായി തൂക്കിയിട്ടിരിക്കുന്ന, അത്ര വലുതല്ലാത്ത പ്ലാസ്റ്റിക് പച്ചത്തത്തകളെ മാളൂട്ടി കുറെ നേരമായി നോക്കി നിൽക്കുന്നു.അച്ഛനോടും അമ്മയോടുമൊപ്പം കുറച്ച് അകലെയുള്ള ചെറിയ ടൗണിൽ വന്നതാണ് ഏഴുവയസ്സുകാരി മാളൂട്ടി. അവൾക്ക് ആവശ്യമുള്ളതൊക്ക അച്ഛൻ വാങ്ങിക്കൊടുത്തു. അവർ ഗ്രാമത്തിലേക്കുള്ള ബസ് കാത്തു നിൽക്കുമ്പോഴാണ് മാളൂട്ടിയുടെ നോട്ടം തത്തമ്മയിൽ ഉടക്കിയത്.

ചുവന്നു വളഞ്ഞ തടിച്ച ചുണ്ടുകൾ, വരച്ചു വച്ചതുപോലെയുള്ള കൊച്ചുകണ്ണുകൾ,
ആകർഷകമായ പച്ചനിറമുള്ള, ജീവൻ തുടിക്കുന്ന സുന്ദരിപ്പാവകൾ.
തൊടിയിലെ ഇലുമ്പിപ്പുളിമരത്തിലെ മൂപ്പെത്താത്ത
കായകളുടെ നിറം. അവൾ ജനിക്കുന്നതിനും മുൻപേയുള്ളതാണത്രെ
ആ മരം. ഉയരം കുറഞ്ഞ് പടർന്ന ഇലുമ്പിപ്പുളിമരച്ചുവട് മാളൂട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഇരിപ്പിടമാണ്. അവിടെയിരുന്നാണ് അവൾ ചിത്രകഥാപുസ്തകങ്ങൾ വായിക്കുന്നത്.
ശിഖരങ്ങളിലും തായ്ത്തടിയിലും കുലകുലയായി ഉണ്ടാകുന്ന കായകൾ കാണാൻ നല്ല രസമാണ് . തളിരിലച്ചാർത്തിനിടയിൽ പച്ചത്തത്തയെ
വച്ചാൽ നല്ല ഭംഗിയുണ്ടാകും.

ചുവന്ന ചുണ്ട് മാത്രമേ തിരിച്ചറിയാൻ കഴിയൂ… അത് ഭാവനയിൽ കണ്ട് അവളുടെ നേർത്ത അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അടുത്തു നിൽക്കുന്ന അമ്മയുടെ
സാരിത്തുമ്പിൽ പിടിച്ചുവലിച്ച് അവൾ ശ്രദ്ധയാകർഷിച്ചു.. “എന്താ മാളൂ…”…. അമ്മ ചോദിച്ചു. ” അമ്മേ പച്ചത്തത്തയെ വാങ്ങിത്തരുമോ… ” അവൾ ആവശ്യം അറിയിച്ചു. “അച്ഛനോട് പറഞ്ഞു നോക്കു…” അമ്മ പറഞ്ഞു. അവൾ ഒന്നു രണ്ടു വട്ടം അതിന് തുനിഞ്ഞു എങ്കിലും ദൂരത്തുനിന്ന് തങ്ങളുടെ ബസ് വരുന്നുണ്ടോ എന്ന് ഉറ്റുനോക്കി നിൽക്കുന്ന അച്ഛനോട് ചോദിക്കാൻ അവൾക്കു ധൈര്യം വന്നില്ല. ബസ് വരാൻ താമസിച്ചപ്പോൾ അടുത്തുള്ള കടയിൽ നിന്ന് അച്ഛൻ അവൾക്കു കുടിക്കാൻ നാരങ്ങാവെള്ളം വാങ്ങിക്കൊടുത്തു.


” ഒരു തത്തമ്മയെ കൂടി വാങ്ങൂ…. മാളൂട്ടി കുറേ നേരമായി അതിനെ നോക്കി നിൽക്കുന്നു…. ” അമ്മ പറഞ്ഞത് കേട്ട്
അച്ഛന്റെ മുഖം കനത്തു. അച്ഛന് പാവകളെ ഇഷ്ടമല്ല… തനിക്കുള്ള കളിപ്പാട്ടങ്ങൾ ഒക്കെ അമ്മമ്മയും മാമനും വാങ്ങിത്തന്നവയാണ്.ഒരിക്കൽ അമ്മ, അമ്പലത്തിന് അടുത്തുള്ള കടയിൽ നിന്ന്
ഫ്ലവർവേസിലുള്ള പ്ലാസ്റ്റിക് പൂവ് വാങ്ങിയതിന് അച്ഛൻ വഴക്ക് പറഞ്ഞു. അതൊക്കെ പണം കളയാനുള്ള ഓരോ വഴികളാണ് എന്നാണ് അച്ഛൻ പറയുന്നത്.


തത്തമ്മയെ ലഭിക്കാനുള്ള സാധ്യത ഇല്ല എന്ന് മനസ്സിലാക്കിയ മാളൂട്ടിയുടെ മുഖം മങ്ങി. ” അച്ഛൻ അത് കണ്ട് കുറച്ചപ്പുറത്തെ കടയിൽ നിന്ന് നല്ല മധുരമുള്ള ഒരു കിലോ ഓറഞ്ച് വാങ്ങി അമ്മയുടെ കയ്യിലെ കവറിൽ വച്ചു. “ഒന്നെടുത്തു പൊളിച്ചു തിന്നോളൂ…” അച്ഛൻ വാത്സല്യത്തോടെ മാളൂട്ടിയോട് പറഞ്ഞു. ‘അപ്പോൾ ഓറഞ്ച് വാങ്ങാൻ അച്ഛന് പണമുണ്ട്… തത്തമ്മയെ വാങ്ങിയാൽ എന്താ…’ അവൾ അങ്ങനെ ചിന്തിച്ച് ഗൗരവം നടിച്ച് നിന്നു.അവളുടെ മനോഗതം അറിഞ്ഞെന്നപോലെ അച്ഛൻ സ്വരം താഴ്ത്തിപ്പറഞ്ഞു… ” മോൾക്ക്‌ ഇഷ്ടമുള്ള ഉടുപ്പും ചെരിപ്പും കിട്ടിയില്ലേ.. “
“ഉം…” അവൾ മൂളി. “കഴിക്കാൻ ഇഷ്ടമുള്ളതൊക്കെ അച്ഛൻ വാങ്ങിത്തന്നില്ലേ…” ഉം…” അവൾ പിന്നെയും മൂളി. ” അത്ര അത്യാവശ്യമല്ലാത്തവ നാം ഒഴിവാക്കണം… എന്നാലേ ആവശ്യങ്ങൾക്ക് സമയത്തിന്
പണമുണ്ടാകൂ… ” അച്ഛൻ പറഞ്ഞുകൊടുത്തു. അവൾ തലയാട്ടി. “…ന്നാലും ഇലുമ്പിപ്പുളിമരത്തിൽ പച്ചത്തത്തമ്മ ഇരിക്കുന്നത് ഒരു അത്യാവശ്യം തന്നെയാണ്… ഈ അച്ഛന് ഒന്നും അറിയില്ല….” അച്ഛൻ അവളെ നോക്കുമ്പോഴൊക്കെയും അവൾ പിണക്കത്തോടെ ഇടം കണ്ണിട്ട്, അയാളെ നോക്കിക്കൊണ്ടിരുന്നു.


ദൂരത്തു നിന്ന് ബസ് വരുന്നല്ലോ… കുറേ പേർ ഇറങ്ങാനുണ്ട്. അമ്മയോടൊപ്പം മുൻവാതിലിൽ കൂടി അവൾ കയറി. കുറച്ച് പിറകിലായി ഒഴിവായിക്കിടക്കുന്ന സീറ്റിൽ അമ്മയുടെ അടുത്ത് അവൾ ഇരുന്നു. അച്ഛൻ പതിയെ പിറകിൽ നിന്ന് വന്ന് അവരുടെ അടുത്തിരുന്നു… അവളെ എടുത്തു മടിയിൽ വച്ചു… അപ്പോഴും അവൾ പിണക്കം ഭാവിച്ചിരുന്നു. താഴെ വച്ചിരുന്ന വലിയ സഞ്ചിയിൽ നിന്ന് അച്ഛൻ ഒരു പച്ചത്തത്തമ്മയെ എടുത്തു…എന്നിട്ട് മകൾക്കു കൊടുത്തു. അവൾ അതിശയത്തോടെ അതിനെ നെഞ്ചോട്‌ ചേർത്തു. ‘അച്ഛൻ സന്തോഷത്തോടെയാണോ ഇത് വാങ്ങിയത്…’ അവൾ സന്ദേഹത്തോടെ തിരിഞ്ഞ് അച്ഛന്റെ മുഖത്തേക്ക് നോക്കി.


മകളുടെ മനസ്സറിഞ്ഞ് അച്ഛൻ അവളെ ചേർത്തു പിടിച്ച് പുഞ്ചിരിയോടെ ചെവിയിൽ പറഞ്ഞു ” പച്ചത്തത്തമ്മ ഒരു അത്യാവശ്യം തന്നെയാണ്…. “

ചിത്രം കടപ്പാട് :സഫാ

ഉഷാ റോയ്

By ivayana