അവലോകനം : ബിന്ദു ബാലകൃഷ്ണൻ ✍

പ്ലസ്ടുവും കുറച്ച് കാലങ്ങളായി നാട്ടിലുടനീളം കൂണുപോലെ മുളച്ചു പൊന്തിയിരിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലൊന്നിൽ ബിടെക് പഠനവും കഴിഞ്ഞ് ജയിച്ചതിനേക്കാൾ അഞ്ചാറിരട്ടി സപ്ലിയുമായി വീട്ടിൽ ഇരുന്നും കിടന്നും നേരം കളയുമ്പോഴാണ് ശിവരാമന്റെയും കോമള വല്ലിയുടെയും മൂത്ത മകനായ സച്ചിതാനന്ദന് സ്വന്തം ബിസിനസ് എന്നൊരു എമണ്ടൻ ഐഡിയ തലയിൽ ഉദിക്കുന്നത്.

യൂറേക്കാ…. വിളിയോടെ ഉടുമുണ്ടും മുറുക്കിക്കുത്തി ബിസ്സിനസ്സ് ആശയം പങ്കുവെക്കാൻ അടുക്കളയിലേക്കോടിയ കഥാനായകൻ അടുക്കളയിൽ അമ്മ കോമളവല്ലി കപ്പക്കിഴങ്ങിനെ കണ്ടം തുണ്ടം വെട്ടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു കയ്യകലത്തിൽ മാറിനിന്നു അമ്മയുടെ കഴുത്തിൽ കിടക്കുന്ന ഒന്നര പവന്റെ മാലയിൽ കണ്ണും നട്ട് തന്റെ ബിസിനസ് ആശയം പങ്കുവെച്ച കഥാനായകന് “മര്യാദക്ക് വല്ല പണിക്കും പോടാ ” എന്നൊരു ഉപദേശവും ആട്ടും മാത്രമാണ് കിട്ടിയത്.

അച്ഛൻ ശിവരാമന് കള്ള് ഷാപ്പിലെ പറ്റ് എന്ന ഭീമമായ ബാധ്യത തലയിൽ ഉള്ളതുകൊണ്ട് അങ്ങോട്ട് ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല. പക്ഷേ നമ്മുടെ നായകൻ ഒട്ടും തളർന്നില്ല. പലപല ബിസിനസുകളെ പറ്റി തലപുകഞ്ഞാലോചിച്ചു.ബാങ്ക് ലോണുകളുടെ അപാരസാദ്ധ്യതകൾ അറിയാൻ ബാങ്കുകൾ തോറും കയറിയിറങ്ങൽ ഒരു ദിനചര്യയാക്കി. അങ്ങനെ കുറേക്കാലം നായകൻ സ്റ്റാർട്ടപ്പുകളുടെ പിറകെ തേരാപാര നടന്ന് പുത്തൻ ചെരുപ്പ് ഒരെണ്ണം തേഞ്ഞതല്ലാതെ കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തിൽ ഉണ്ടായില്ല.


അങ്ങനെയിരിക്കെയാണ് നായകൻ ഒരു ധനാകർഷണയന്ത്രത്തിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലിയിലേക്കുള്ള പരസ്യം പത്രത്തിൽ കാണുന്നത്. തേടിയ വള്ളി എവിടൊക്കെയോ ചുറ്റിയ നായകന്റെ ബിടെക് തലക്കുള്ളിൽ ബൾബ് പലപ്രാവശ്യം മിന്നിത്തെളിഞ്ഞു.അമ്മ പലിശക്കാരൻ അണ്ണാച്ചിയുടെ കടം വീട്ടുവാൻ വെച്ചിരുന്ന തൊഴിലുറപ്പ് കാശും അടിച്ചുമാറ്റി പുള്ളിക്കാരൻ സ്ഥലം വിട്ടു. അതായിരുന്നു കമ്പനിയുടെ ഏക മൂലധനം.

പുതിയ പാത്രത്തിൽ പഴയ വീഞ്ഞ് എന്നോണം നായകനും ഒരു ധനാകർഷണയന്ത്രം പുറത്തിറക്കി.”ലക്കി ബസാങ്” “അതായിരുന്നു അതിന്റെ പേര്. താനത് ചൈനയിലെ ബുദ്ധസന്യാസിമാരിൽ നിന്നും പഠിച്ചെടുത്തതാണെന്നു നായകൻ അവകാശപ്പെട്ടു. സത്യത്തിൽ അയാളീ കേരളം അല്ല മ്മടെ തൃശ്ശൂര് വിട്ടു പുറത്തു പോയിട്ടില്ലെന്ന് നമുക്കല്ലേ അറിയൂ…പതിവ് പോലേ കുറേ മണ്ടന്മാർ അതിന് പിറകെ പോയി.

ബിസിനസ് പുരോഗമിച്ചു.99.9 ഫലസിദ്ധി അവർ ഉറപ്പ് നൽകി.യന്ത്രം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് ഉയർന്നു വന്നതിനെക്കുറിച്ച് സാക്ഷ്യം പറയാനും വാഴ്ത്തിപ്പാടാനും ബിസിനസ്സുകാരും സിനിമാതാരങ്ങളും ഉണ്ടായി..അതും വിശ്വസിച്ചു മുഴുപ്പട്ടിണിക്കാർ കുറെയെണ്ണം ഭാര്യയുടെ കെട്ടുതാലി പണയം വെച്ചും പണം കടം വാങ്ങിയും പലിശക്കെടുത്തും യന്ത്രം വാങ്ങി നിർവൃതി അടഞ്ഞു.കേളത്തിലുടനീളവും പിന്നീട് ഇന്ത്യയൊട്ടാകെയും കമ്പനിക്ക് ബ്രാഞ്ചുകളുണ്ടായി ജോലിക്കാരുണ്ടായി.അച്ഛൻ ശിവരാമന്റെ പേരും ചേർത്ത് “ശിവറാംജി ആൻഡ് സൺസ് ലക്കി ബസാങ് ” എന്നൊരു അടിപൊളി പേരും കമ്പനിക്കുണ്ടായി.


പിന്നീട് കമ്പനി പുറത്തിറക്കിയത് “ലിങ്ഹ്വൻ” എന്ന പേരിൽ മറ്റുള്ളവരുടെ മനസ്സറിയാൻ കഴിവുള്ള യന്ത്രമായിരുന്നു.അതിനും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. രാഷ്ട്രീയക്കാരും പ്രണയിതാക്കളും ഭാര്യയെ സംശയിക്കുന്ന ഭർത്താക്കന്മാരും ഭർത്താവിനെ സംശയിക്കുന്ന ഭാര്യമാരുമായിരുന്നു ഈ യന്ത്രത്തിന്റെ മുഖ്യ ഉപഭോക്താക്കൾ.99.9 ഫലസിദ്ധിയുള്ള യന്ത്രത്തിനു ഇടക്കൊക്കെ തെറ്റ് പറ്റുമല്ലോ അത് സ്വാഭാവികം.എങ്കിലും ഒട്ടേറെ ഡിവോഴ്സ് കേസുകൾ തങ്ങൾക്ക് നേടിത്തന്ന “ശിവറാംജി ആൻഡ് സൺസ് ലക്കി ബസാങ്” നെ വക്കീലന്മാരും വാഴ്ത്തിപ്പാടി.


ഇപ്പോൾ കമ്പനി “സൈഷാങ്” എന്നൊരു പുതിയൊരു യന്ത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണത്രെ.ആ യന്ത്രം വഴി ഇഷ്ടരൂപത്തിൽ പുനർജന്മം എടുക്കാനുള്ള അവസരം ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5000 രൂപയടച്ചു മുൻ‌കൂർ ബുക്ക്‌ ചെയ്യാവുന്നതാണ് നല്കപ്പെടുന്ന ടോക്കൺ അനുസരിച്ച് മുൻഗണനക്രമത്തിൽ അവസരം ലഭിക്കും. ഇവരിൽ നിന്നും നറുക്കിട്ടെടുക്കുന്നവർക്ക് വിവിധ തരം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.ലോകസുന്ദരി ഐശ്വര്യ റായ്, ഫുട്ബോൾ വിസ്മയം റൊണാൾഡോ തുടങ്ങി ബിൻലാദൻ വരെ ചിലരുടെ പുനർജ്ജന്മ ലിസ്റ്റിലുണ്ടെന്നാണ് കേട്ടത്.യന്ത്രത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾക്കായി പുള്ളിക്കാരൻ ഇപ്പോൾ കുടുംബസമേതം ചൈനയിലാണുള്ളത്. ബുക്കിങ് ഇപ്പോഴും തുടരുന്നു….

ബിന്ദു ബാലകൃഷ്ണൻ

By ivayana