രചന : താഹാ ജമാൽ✍

ശൂന്യതയ്ക്ക് മുഖമുണ്ടായിരുന്നില്ല, ഇരുട്ടിന് അദൃശ്യമായ കൈയ്യും, എന്നിട്ടും ഇരുട്ടിൽ നാം തപ്പിത്തടയുന്നു. വിരഹിണിയായ ആകാശം ഗർഭം ധരിച്ച നക്ഷത്രങ്ങളെ പഴി പറയുന്നവരുമുണ്ട്. കേൾവിയുടെ കാതകലങ്ങളിൽ മൂളുന്നവരും, ഞരങ്ങുന്നവരും, കൂർക്കം വലിയ്ക്കുന്നവരുമായിരുന്നു ചുറ്റും. ഉടവാളുകളില്ലാത്ത പടയാളികളെപ്പോലെ പകൽ എനിക്ക് കാവൽ നില്ക്കുന്നു. നിലയ്ക്കാത്ത ഉറവകളിൽ പ്രകൃതിയുടെ കണ്ണുനീർ കുരുങ്ങിക്കിടക്കുന്നു. ഒത്താശകൾ നഷ്ടപ്പെട്ട വായൂ ആവോളം മോന്തിക്കുടിച്ച്, പുതിയ തുടക്കത്തിൻ്റെ അമരക്കാരായി പലരും. ചിലർ കീശകൾ വീർപ്പിക്കുന്ന തിരക്കിലും, കാശടുക്കുന്ന തിരക്കിലുമായിരുന്നു.


തണുപ്പുകാലമാണ്, കുളിരുകായാതെ മുറ്റത്ത് നിന്നും കയറൂ. പൂവുകൾ മണം പരത്തട്ടെ, നിൻ്റെ ശബ്ദം അവയ്ക്ക് അരോചകം തന്നെയാണ്. തെണ്ടിത്തിരിഞ്ഞ് വരുന്ന പൂച്ചയുടെ മീശയിലേക്ക് നോക്കിയാലറിയാം അവൻ അയലത്തെ പൂച്ചയുടെ വായിൽ നോക്കി വരികയാണ്. കിളികൾ കുടുകൂട്ടിയ മരച്ചുവട്ടിൽ കാഷ്ടത്തിൻ്റെ വെളുത്ത പൂവുകൾ. ഒരു കുന്തിരിക്കം കത്തിച്ചു വെക്കു, കൊതുകുകൾ വീടുപേക്ഷിക്കട്ടെ.
ആകാശം നീല പുതച്ചിട്ട് രണ്ടുനാൾ പിന്നിട്ടു. ന്യൂനമർദ്ധമില്ലാത്തതിനാൽ മയിലുകൾ പീലി വിടർത്തിയാടുന്നില്ല. ആകാശത്ത് പല പർണ്ണങ്ങൾ കാണപ്പെടാത്തതിനാൽ മഴവില്ല് ചിന്തകളിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.


പറഞ്ഞു പറഞ്ഞു കാടുകയറിയ പ്രണയിനി റിസീവറിൻ്റെ അങ്ങേത്തലയ്ക്കലിരുന്ന് ഒരു പാട്ടു പാടി
” ബഹാരോം ഫൂലു ബർസാവോ
മേരാ മെഹബൂബ് ആയാഹേ… ” വസന്തങ്ങൾ പൂക്കൾ വർഷിച്ചതും, പ്രണയാധിതി ആഗതമായതും ഈ രാത്രിയെ സ്വപ്നതുല്യമാക്കി. ഇടയിൽ കോടമഞ്ഞിൻ്റെ തണുപ്പിൽ പാതിരാക്കാറ്റ് വട്ടമിട്ടതും നോക്കി ടെറസിൻ്റെ മുകളിലിരിയ്ക്കാൻ കൊതിച്ചു. ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പ്രസവിച്ചു കുട്ടിയത് എണ്ണിത്തുടങ്ങി. ഇടയിൽ എണ്ണം തെറ്റും അപ്പോളും കേൾക്കാം F m ൽ ജാനകിയമ്മാളിൻ്റെ ശബ്ദം.
ശബ്ദം
ചെവി ചേർത്തുവെച്ചുറങ്ങുമ്പോൾ ഒരാൾ തട്ടി വിളിച്ചു.ഇറങ്ങുന്നില്ലേ…? തിരുവല്ലയെത്തി. കാതിൽ ചായ വിളികൾ
പത്രക്കെട്ടടുക്കുന്ന ഏജൻ്റുമാർ, അവർക്കിടയിലൂടെ M C റോഡിലേക്കിറങ്ങി. നരച്ചയാകാശം, നേരം വെളുപ്പിക്കാൻ കാത്തിരിക്കുന്നു. രാവിലെ നടന്നാലോ., നടന്നു നടന്നു വെളുക്കുന്ന നേരവും കണ്ട് വീട്ടിലേക്ക്..


കാഴ്ചകൾ
അസ്തമിക്കാത്ത താഴ്വാരങ്ങളിലേക്ക് സൂര്യൻ. സൂര്യൻ്റെ പുറകെ ചെറുവണ്ടികളിൽ പോകുന്ന മീൻകാരും. അപ്പോളും AC റൂമിലെ തണുത്ത പുതപ്പിനുള്ളിൽ നിന്നും കട്ടൻ കാത്തിരിക്കുന്ന എത്രയെത്ര മുതലാളിമാർ.
ജീവിതം പകർത്താൻ തുടങ്ങിയപ്പോൾ പലരും പറഞ്ഞു. നിങ്ങളുടെ ഭാഷ മനസിലാകുന്നില്ല. അതു കൊണ്ട് ഞാൻ നിങ്ങളെ വായിക്കാതിരിക്കാൻ എന്നും ശ്രമിക്കുന്നു.
ആർക്കു വേണ്ടിയും ഒന്നും എഴുതുന്നില്ല. എനിക്ക് വേണ്ടി എഴുതിയവയിൽ ചിന്തയുടെ ഭ്രമാത്മകത ചുറ്റുപാടുകളെ വരിഞ്ഞുമുറുക്കുന്നതിൽ ഞാനുത്തരവാദിയുമല്ല. ചിന്തകളെ പൗഡറിട്ട് സുന്ദരമാക്കാൻ മോഹമില്ലാത്തതിനാൽ ഇങ്ങനെ പറഞ്ഞു പോകുന്നു.


” വാക്ക് തിരയുന്നത് തിമിരമുള്ള
വായനയെയല്ല
കണ്ണട വെച്ച ബോധത്തെയാണ്
കാഴ്ചയുടെ താഴ്വരയിൽ കളികൾ
എത്ര മനോഹരമായി പാട്ടുപാടിയാലും
അതിഷ്ടപ്പെടാത്തവരുമുണ്ട് “
എഴുത്തിൻ്റെ ആലയിൽ വെന്തു തുടങ്ങുന്ന വാക്കുമായി വീണ്ടും വരും.

By ivayana