രചന : മനോജ്‌.കെ.സി.✍

എവിടെയാണ്,
ഞാൻ ആത്മാവിലെന്നേ സപ്തനിറരാജികൾ
ചാർത്തി വരച്ചിട്ടയെൻ മാനസി…?
എവിടെ തിരയേണ്ടു പ്രണയാർദ്രേ നിന്നെ ഞാൻ
വിരൽത്തുമ്പിൽ വിരിയും
ജീവൻ തുടിക്കും വർണ്ണമേളത്തിലോ…?
മെയ്‌മാസരാവുകളിൽ പൂത്തുനിറഞ്ഞാടിയുലഞ്ഞിടും
വാകതൻ തളിർച്ചില്ല മേലോ…?
വൃശ്ചിക കുളിർക്കാറ്റു തത്തിലസിക്കും പ്രഭാതങ്ങളിൽ
അർക്കരശ്മിയാൽ നിൻമുഖം ചോക്കും
അമ്പലനടയിലെ ആൽമരച്ചോട്ടിലോ…?
നെറ്റിയിൽ കളഭം ചാർത്തുവാൻ നീ നിൽക്കും
കളിമണ്ഡപത്തിൽ കുറിതൊട്ട് തിരിയും
മുഹൂർത്തത്തിൽ അവിടെ നിന്നരികിലോ…?
വറ്റിവരണ്ടു മെലിഞ്ഞ പുഴയേ
നീ കണ്ണിമ ചിമ്മാതെ നോക്കി നിന്നീടുന്ന
ആറാട്ടുകടവിൻ ഒതുക്കിന്റെ ചാരെയോ…?
ധാവണി തേല്ലൊന്നുലച്ചതികോപഭാവേന
കുതറിമാറീടും
മധുര മാന്തോപ്പിലോ…?
ഇടക്കെപ്പഴൊക്കെയോ പതിവുതെറ്റിച്ചിടും
പെരുമാറ്റവ്യതിയാന ഘടികാരസൂചിത്തലപ്പിലോ…?
അർദ്ധവ്യാഖ്യാനം ചമയ്ക്കും
നിൻ പുസ്തകത്താളിലെ വരികൾക്കിടയിലോ…?
നീ ദുരൂഹമായി മൗനം ചവയ്ക്കുന്ന
നിഴലാർന്ന മനസ്സിന്നിടനാഴികൾക്കുള്ളിലോ …?
ഇന്ദുമുഖി നിന്നിലുതിർത്ത ചേലൊത്ത നീലിച്ച നൂൽമഴയിൽ…
നിൻ കണ്മുനകോണുകളിൽ കാണ്മു ഞാൻ
അനിർവ്വചനീയയനുഭൂതിദായക പ്രണയലോകം…!!!

By ivayana