രചന : ശ്രീകുമാർ എം പി✍

പുലർകാലമഞ്ഞു
തുള്ളികളിൽ സൂര്യൻ
പുതുരാഗവായ്പിൽ
ചിരിച്ചു നിന്നു
നറുമണം മാറാ
പൂവ്വിന്റെ ചുണ്ടത്തു
നിറവർണ്ണരാഗം
തുളുമ്പി നിന്നു!
മധുമണം പേറും
പൂങ്കാറ്റു വന്നിട്ടു
കാതിൽ മൊഴിഞ്ഞെന്തൊ
രഹസ്യമായി
ഇതുവഴി പാറി-
പ്പോയ കിളിയുടെ
ചുണ്ടിൽ നിന്നുതിർന്നു
ശ്രീ ദേവരാഗം
മാന്തളിരിളകും
തൊടിയിലുയർന്നു
പ്രകൃതിതൻ ലാസ്യ
മധുരനാദം
അകലെ നിന്നെങ്ങൊ
തിരകളിളകി
രാഗകല്ലോലിനി
യൊഴുകിയെത്തി
നീന്തിത്തുടിച്ചതി-
ലൂടെ രമിക്കുവാൻ
നിറപീലി നീർത്തി
യിറങ്ങിയാരൊ.

ശ്രീകുമാർ എം പി

By ivayana