രചന : ചോറ്റാനിക്കര റെജികുമാർ✍

കറുത്തു വെളുത്തു കനം വച്ച ദിനങ്ങൾക്ക് കൂട്ടായി,
കരിമ്പടം പുതച്ച പുലരികളിൽ
കനം തൂങ്ങിനിന്ന കറുത്ത കാഴ്ചകളിലേക്ക്
കണ്ണുകൾ തുറക്കുമ്പോൾ…

കാലത്തിന്റെ അത്താണികളിൽ വയറെരിഞ്ഞുറങ്ങുന്ന
കൂട്ടം തെറ്റിയ കൂത്താടിക്കൂട്ടം പോൽ
നീണ്ട നിശ്വാസങ്ങൾ പൊഴിക്കുന്ന
ജീവന്റെ നേർത്ത വിങ്ങലുകൾ..

ഉള്ളിലുറയുന്ന ദൈന്യതയ്ക്കുത്തരം
കാണാൻ കളിമണ്ണിൽ കുഴച്ച
സ്വപ്‌നങ്ങൾ വാടിക്കരിഞ്ഞ ഗന്ധം
തേടിയലയുന്ന കരുവാളിച്ച കതിരുണങ്ങിയ
സ്വാർത്ഥതയുടെ അതിർവരമ്പുകളിൽ
വീണുകിടക്കുന്ന മൺതരികൾ..

മയക്കത്തിന്റെ മൗനങ്ങൾക്കിടയിൽ വീണ
നിഴലനക്കങ്ങളിൽ നിർവൃതികൊണ്ട
മനസ്സും ശരീരവും മായക്കാഴ്ച്ചകളുടെ മരുഭൂമിയിൽ
ദാഹനിവൃത്തിക്കായി കേഴുന്നു..

പാൽക്കടലിൽ പനിനീർത്തുള്ളികൾ
ചാഞ്ചക്കം ചാടുന്ന മഴമേഘപാളികളിൽ
തുളുമ്പി വീഴുന്നത് കണ്ണുനീരല്ല,
കരളുകുറുകിയ കൊഴുപ്പാണെന്ന തിരിച്ചറിവിൽ..

തിരികെ നടക്കാൻ കൊതിച്ച്,
വഴിയമ്പലത്തിലെ തുറന്ന വാതിൽപ്പടിമേൽ
തലചായ്ച്ച് ഗതകാലത്തിന്റെ സ്മരണകൾ
ഉരുട്ടി വിഴുങ്ങുമ്പോൾ എവിടെയോ
തനിയ്ക്കായ് പച്ചമണ്ണനങ്ങുന്ന സുഗന്ധം
ഒരു തഴുകലായി ചാരേയണയുന്നു..

ചോറ്റാനിക്കര റെജികുമാർ

By ivayana