രചന : എൻ.കെ.അജിത്ത് ആനാരി ✍

ചെയ്യേണ്ടിവന്നണ്ണാ…,
നിഷ്കളങ്കരായി കാട്ടിൽ മദിച്ചുനടന്ന രണ്ടു പേരേ ഞാൻ മനുഷ്യർക്കു വേണ്ടി തളയ്ക്കാൻ കൂട്ടുനിന്നു…
വേണ്ടിയിട്ടല്ല, സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന ഓരോ നിമിഷവും, പിടിക്കപ്പെടുന്ന ഓരോ കൊമ്പനേയും, കൊമ്പുയർത്തി പിന്നിൽ നിന്നും കുത്തുമ്പോഴും, പുറത്തിരിക്കുന്ന പാപ്പാൻ്റെ ആജ്ഞാനുവർത്തിയാകാൻ മാത്രമേ എനിക്കാകൂ….
മടുത്തൂ എന്നു ഞാൻ പറയുന്നില്ല, കുങ്കിയെന്ന വേഷം അണിഞ്ഞുപോയില്ലേ, ഇനി ആവതുള്ള കാലം മുഴുവൻ കുലങ്കുത്തിയായി ഞാൻ ജീവിച്ചല്ലേ പറ്റൂ….
കരയാതെ സുരേന്ദ്രാ…


ഒരു പക്ഷേ സ്രഷ്ടാവ് നിന്നെ ഇതിനുവേണ്ടിയാകും സൃഷ്ടിച്ചത്…
സ്രഷ്ടാവ്….
സ്രഷ്ടാവെന്തിനാ മനുഷ്യരെ മാത്രം ഇങ്ങനെ പുഴുക്കളേക്കാൾ പെരുപ്പിക്കുന്നത്?
യാതൊരു നിയന്ത്രണവുമില്ലാതെ അവർ കാട്ടിലേക്ക് ഇടിച്ചു കയറുന്നതല്ലേ ഞങ്ങടെ വർഗ്ഗത്തിന് ഇടമില്ലാതാകാൻ കാരണം…
സുരേന്ദ്രാ, നീ ഇങ്ങനെ വർഗ്ഗീയവാദിയാവാതെ…
മനുഷ്യരില്ലെങ്കിൽ കാടു പെരുക്കും,
കാട്ടിൽ ഹിംസ്ര ജന്തുക്കൾ പെരുക്കും, നിൻ്റെ വംശം കൂടുതൽ ആക്രമിക്കപ്പെടും അതെന്താ നീ ഓർക്കാത്തത്?


അണ്ണാ അതല്ലണ്ണാ,
ഏക്കറ്കണക്ക് ഭൂമി കൈവശം വയ്ക്കുന്ന മനുഷ്യരിവിടില്ലേ? ഏകീകരിച്ച ഒരു ഭൂ നയം ഉണ്ടാക്കി മനുഷ്യരെ നാട്ടിൽ പാർപ്പിക്കാൻ സർക്കാർ ഇടപെട്ടാൽ കാട്ടിലേക്കുള്ള ഈ കടന്നുകയറ്റം ഒഴിവാകില്ലേ അണ്ണാ? അങ്ങനെയൊക്കെ ഉണ്ടായാൽ
നിഷ്കളങ്കരായവരെ , ഒരു പാപവും ചെയ്യാത്ത ഭൂമിയുടെ അവകാശികളെ, പ്രകൃതി കല്പിച്ചു നല്കിയ ജീവിതം ജീവിക്കേണ്ട ഞങ്ങളെ നിങ്ങളോടൊപ്പം നിന്ന് ഒറ്റുകൊടുക്കേണ്ടി വരുമായിരുന്നോ? അണ്ണാ ഈ പാപമൊക്കെ ഏത് സമുദ്രത്തിലെത്തിയാണ് ഞാൻ കഴുകിക്കളയേണ്ടത്?
സുരേന്ദ്രാ… മോനേ കരയാതെടാ…


നീ ഗീത വായിച്ചിട്ടില്ലേ?
മഹാഭാരതം വായിച്ചിട്ടുണ്ടണ്ണാ, ഗീതയത്ര ശ്രദ്ധിച്ചില്ല, എനിക്കറിയാം അണ്ണാ, അതിലെ ഘടോൽക്കചൻ്റെ റോൾ ആണെനിക്ക്…
ഒന്നും ലഭിക്കില്ലെന്നറിഞ്ഞിട്ടും ആർക്കോ വേണ്ടി യുദ്ധം ചെയ്യുകയാണ് ഞാൻ,
സ്വന്തരക്തങ്ങളോട്….
അണ്ണാ…..
കരയാതെ സുരേന്ദ്രാ…
സംഭവിക്കുന്നതെല്ലാം നല്ലതിന്
സംഭവിച്ചതും നല്ലതിന്…


കുങ്കിയുടെ ജന്മം പൂർത്തീകരിക്കുമ്പോൾ നിനക്ക് ഞങ്ങൾ ഒരു സ്മാരകം പണിയും, അതിൽ ഞങ്ങൾ എഴുതിവയ്ക്കും, ഇവൻ കോന്നി സുരേന്ദ്രൻ, അക്രമകാരികളായ കാട്ടു കൊമ്പൻമാരെ വരുതിയിലാക്കിയവൻ എന്ന്… അതുപോരേ നിനക്ക്…
അണ്ണാ അത് ഞാൻ വായിക്കുന്നത് ” സുരേന്ദ്രൻ, ഇവൻ കുലംകുത്തി എന്നാകും “…
സുരേന്ദ്രാ….
അണ്ണാ…..
എവിടെ നിന്നോ ഉയരുന്ന മനുഷ്യാരവങ്ങൾക്കിടയിൽ കണ്ണുതുടച്ച് സുരേന്ദ്രൻ നടന്നകലുമ്പോൾ, കാട്ടിൽ അടുത്ത കൊമ്പൻ കാട് ഭേദിച്ച് നാട്ടിലേക്കെത്താൻ തയ്യാറാകുന്നുണ്ടായിരുന്നു….

എൻ.കെ.അജിത്ത് ആനാരി

By ivayana