രചന : ഹരിദാസ് കൊടകര✍

വീട് പൊളിച്ച് മേയുന്നു.
അതിൻ വടക്കു മൂലയിൽ-
ഇലഞ്ഞി വാക്കുകൾ,
വിരൽ വികാരങ്ങൾ,
വിചാരങ്ങളെല്ലാം ഒട്ടി,
തനതു ശീലിൽ പൊടിതട്ടി-
മുഖം തുടയ്ക്കുന്നു.

വനം.. വരജലം..
ജന്മാവകാശങ്ങൾ.
വറ്റ് നിലത്തുകീഴാതെ;
ഉണ്ണാൻ പഠിക്കുന്നു.
ചുവരിണങ്ങുന്നു.

കൈതോല കീറി-
തഴപ്പായ നെയ്തു,
പകൽ വായ്പ-
കൊള്ളുന്നു തീരം.
ഇത്തി, കൊട്ടം,
ഹരിതവേഗത്തെ-
പുറപ്പെടായ്മകൾ;
കിളുർപ്പ് കാണാതെ,
അകന്നു നില്ക്കുന്നു.
അതിരിണക്കി-
കുമ്പളം കുത്തുന്നു.

ചിലന്തികൾ..
അതിജീവനക്കെണി-
നെയ്യാത്ത കാലം.
അരി കഴുകി വാരി,
നിലത്തൂറ വെയ്ക്കുന്നു.
പകൽ പഴമപ്പുഴുക്കിൽ-
ഇല തളിയ്ക്കുന്നു.
നിഴൽ വിറപ്പുകൾ.

വിയർക്കുന്ന പൂവിനെ-
പുറമേയിരുത്തി;
നിനവും നിലാവും,
അടക്കം പറച്ചലിൽ-
തെക്കോട്ടിറങ്ങുന്നു;
അതിഥി പാരങ്ങൾ.
പിന്നാമ്പുറം കെട്ടിൽ,
കാണാത്തരം കാഴ്ചകൾ.
സസ്യം പറച്ചിലും,
ശലഭം വഴികളും,
പക്വം പതിവുകൾ.

ഒന്നിൽ കൂടുതൽ-
ഒന്നിലുമില്ലപോൽ;
മാനം മരം മൃഗങ്ങൾ,
സസ്യങ്ങളൊക്കെയും,
ജനി മരിപ്പുകൾ രതി.
ഇണ ചേർന്നതെന്തും;
മിനുപ്പെന്ന തോഷം.

ഉടൽ വർഗ്ഗങ്ങളിൽ,
പൊളിച്ചിട്ട വീടുകൾ;
പകച്ചു നില്ക്കുന്നു.
പുഴയെ നോല്ക്കുന്നു.
വേരിൽ പുതയിടുംവരെ;
അടുത്തു നില്ക്കുന്നു.
വികല്പരൂപങ്ങൾ;
ജനിച്ച കുമിളയിൽ.

By ivayana