രചന : ജോജോൺസൺ ✍

സുധി പതിവ് പോലെ മുത്തശ്ശന്റെ വീട്ടിലേക്ക് നടന്നു.
അവിടെ ചെന്നാൽ എന്തെങ്കിലും ജോലി ചെയ്യിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒട്ടും ഇഷ്ടമില്ലാതെയാണ് എപ്പോഴുമവൻ അങ്ങോട്ടേയ്ക്ക് പോകാറുള്ളത്.
ചെന്നപാടെ കയ്യിലുള്ള സ്‍മാർട്ട് ഫോൺ സുധിയുടെ കയ്യിൽ കൊടുത്തു കൊണ്ട്
മുത്തശ്ശൻ പറഞ്ഞു
” മോനെ ആ അരവിന്ദന്റെ നമ്പർ ഒന്ന് എടുത്ത് തന്നെ…”
” എത്ര വർഷമായി മുത്തശ്ശാ ഈ ഫോൺ ഉപയോഗിക്കുന്നു.. ഒന്ന് വിളിക്കാൻ പോലും ഇത് വരെ അറിയില്ലേ..”
” കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന ഞാൻ ഇതിപ്പോ പഠിച്ചിട്ട് എന്തിനാടാ…”
” അതിപ്പോ പഠിച്ചില്ലെങ്കിൽ ഞാൻ തന്നെ വേണ്ടേ ഇതൊക്ക ചെയ്തു തരാൻ അത് കൊണ്ട് പറഞ്ഞതാ.. “
സുധി പറഞ്ഞത് കേട്ട് വിഷമത്തോടെ മുത്തശ്ശൻ പറഞ്ഞു..
” എങ്കിൽ പിന്നെ നിന്നെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ ഞാനുമിതൊന്നു പഠിച്ചു നോക്കട്ടെ..”
ഇത് കേട്ടപ്പോൾ സുധിക്ക് ആശ്വാസമായി അവൻ കാൾ ചെയ്യേണ്ടതെങ്ങനെയെന്നും, ആവശ്യമുള്ള മറ്റു കാര്യങ്ങളുമൊക്കെയും പഠിപ്പിച്ചു കൊടുത്തു.


വീണ്ടും ഫോണിലെ ഓരോ ഫീച്ചേർസ് സുധി നിർത്താതെ വിശദീകരിക്കുന്നത് കേട്ട മുത്തശ്ശൻ പറഞ്ഞു.
” മോനെ ഇതൊന്നും എനിക്ക് അറിയണ്ട ആവശ്യമേയില്ല…
നീ പറഞ്ഞിട്ട് ഒന്നും മനസിലാവുന്നുമില്ല.
എനിക്ക് കാൾ വിളിക്കാൻ മാത്രം പറഞ്ഞു തന്നാൽ മതിയെടാ. എല്ലാം കൂടി കേട്ടാൽ എനിക്ക് അറിയാവുന്നത് കൂടി മറന്നു പോകും..”
ഇത് കേട്ടതും സുധിക്ക് വല്ലാതെ ദേഷ്യം വന്നു ,
” ഞാൻ പോകുന്നു മുത്തശ്ശാ ,
മുത്തശ്ശനെ പഠിപ്പിച്ച് സമയം കളയാനില്ല ” അവൻ സംസാരിച്ചു കൊണ്ട് ഇറങ്ങി നടന്നു.
പോകും വഴി തന്റെ ഉറ്റ സുഹൃത്തു രാകേഷിനെ കണ്ടു.
” ടാ നിന്നെ കാണാൻ ഇരിക്കുവായിരുന്നു..
ഏതെങ്കിലും സിനിമ കിടപ്പുണ്ടോ” എന്ന് സുധി ചോദിച്ചു.. “
” ഉണ്ടെടാ.. രണ്ടോ മൂന്നോ കിടപ്പുണ്ട്..”
” എനിക്ക് ഒന്ന് സെൻറ് ചെയ്ത് താടാ..”
” ഞാൻ ലിങ്ക് തരാം സുധി.
ഫോണിൽ സ്പേസ് ഇല്ലാത്ത കൊണ്ട് പടമെല്ലാം ഗൂഗിൾ ഡ്രൈവിൽ കിടക്കുവാ.
നിന്റെ വീട്ടിൽ വൈഫൈ ഇല്ലേ ഡൌൺലോഡ് ചെയ്ത് എടുത്തോ..”
” ഗൂഗിൾ ഡ്രൈവോ അതെന്താ,


സുധി കൗതുകത്തോടെ വീണ്ടും ചോദിച്ചു..”
” അയ്യേ നീ ഫോണിന്റെ വലിയ കൊണാണ്ടറല്ലേ.. എന്നിട്ട് ഇതൊന്നും അറിയില്ലേ..ഇപ്പൊ ആരാ ഫോണിൽ ഫയലും കൊണ്ട് നടക്കുന്നത്.. എല്ലാം ഓൺലൈൻ സ്റ്റോറേജ് ആയില്ലേ..”
രാകേഷിന്റെ പരിഹാസം നിറഞ്ഞ മറുപടിയിൽ വേദന തോന്നിയ സുധി ” എനിക്ക് തൽക്കാലം നിന്റെ പടമൊന്നും വേണ്ടടാ “എന്ന് ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവിടെ നിന്ന് നടന്നു പോയ്‌..
പോകും വഴി അവന്റെ ചിന്ത മുഴുവൻ മുത്തശ്ശനോട് താൻ പെരുമാറിയതിനെ കുറിച്ച് ആയിരുന്നു..


അറിവ്… എന്നത് ഒരാൾക്ക് മുഴുവനായും ഒരിക്കലും സ്വയത്തമാക്കാൻ കഴിയില്ല.
നമ്മെക്കാൾ അറിവ് കൂടിയവരും, കുറഞ്ഞവരും നമുക്ക് ചുറ്റിലുമുണ്ടാവും.
ഇന്ന് എന്നേക്കാൾ അറിവുള്ള ഒരാളെ ഞാൻ കണ്ടു..
ഇന്ന് ഞാനെന്റെ മുത്തശ്ശനോട് ചെയ്തത് എന്താണോ അതിപ്പോ വേറൊരാൾ എന്നോട് തിരിച്ചും ചെയ്തു.
പരിമിതമായ അറിവുകൾ വച്ചു കൊണ്ട് അത് മനസിലാക്കാൻ കഴിവില്ലാത്തവരെ കളിയാക്കുമ്പോഴും വേദനിപ്പിക്കുമ്പോഴും എന്റെ അറിവിനും പരിമിതികൾ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർത്തതേയില്ല.


അവന്റ കണ്ണുകൾ നിറഞ്ഞോഴുകി… അവൻ അതി വേഗം മുത്തശ്ശന്റെ വീട്ടിലേക്ക് പോയി.
മുത്തശ്ശനോട് ക്ഷമ യാചിച്ചു..
” അതൊന്നും കുഴപ്പമില്ലെടാ..
ഞാൻ അത് അപ്പൊഴെ വിട്ടു ” എന്ന് പറഞ്ഞു കൊണ്ട്
മുത്തശ്ശൻ അവനെ ആശ്വസിപ്പിച്ചു.
പിന്നീടും പതിവ് പോലെയവൻ മുത്തശ്ശന്റെ വീട്ടിൽ പോകുമെങ്കിലും അങ്ങോട്ട് പോകുമ്പോൾ നേരത്തെ ഉണ്ടായിരുന്ന അസ്വസ്ഥത അവന് അന്നേ നഷ്ടപെട്ടിരുന്നു..
ഇതൊരു കഥ ആയിരിക്കാം എന്നാൽ ഇതിൽ ഒരു ഉപദേശം മറഞ്ഞിരിപ്പുണ്ട്.
നമുക്കും ഒരുപാട് അറിവുകളുണ്ട്. അത് നമ്മുടെ വളർച്ചയ്ക്കും മുന്നോടുള്ള ജീവിതത്തിനും തീർച്ചയായും പ്രയോചനകരവുമാണ് പക്ഷെ ആ അറിവിൽ അഹങ്ക
രിക്കാനോ ആ അഹങ്കാരം മറ്റുള്ളവർക്ക് നേരെ പ്രകടിപ്പിച്ചു കൊണ്ട് അവരെ വേദനിപ്പിക്കാനോ ശ്രമിക്കുന്നിടത്തു ഒരുപക്ഷെ നമ്മളും അവരെ പോലെ മറ്റൊരുവന്റെ അറിവിന്‌ മുന്നിൽ വാലു മുറിഞ്ഞു കൊണ്ട് വേദനിച്ചു നിൽക്കേണ്ടി വന്നേക്കാം.


മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങളെ പരസ്പരം അംഗീകരിക്കുമ്പോഴും ആ കണ്ടു പിടുത്തങ്ങളെ വേണ്ട വിധം മനസിലാക്കാൻ പാകത്തിന് അറിവില്ലാതെ നാം ഉപയോഗപ്പെടുത്തുന്നില്ലേ…
അതിന്റ സാങ്കേതിക വശം പൂർണമായും മനസിലായിട്ടേ ഉപയോഗിക്കുള്ളു എന്ന് വാശി പിടിക്കാറില്ലല്ലോ.
അത് പോലെ നമുക്കുള്ള അറിവ് പൂർണ്ണമായും മനസിലാക്കാൻ സാധിക്കാത്തവർക്ക് ലളിതമായി അവർക്ക് വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊടുത്താൽ മതിയാവുമെന്ന് ചുരുക്കം പറയാം.

ജോജോൺസൺ

By ivayana