രചന : ശ്രീകുമാർ എം പി✍

എങ്ങു വിടർന്നു നീ, യെൻപ്രിയസൂനമെ
ഇമ്പത്തിലാനന്ദ കാന്തിയോടെ
എങ്ങു വിലസുന്നു ചന്തത്തിലങ്ങനെ
ചന്ദ്രന്റെ ചാരുതയെന്ന പോലെ
കാടു പോലുള്ളൊരീ പച്ചിലച്ചാർത്തിലായ്
കോൾമയിർകൊളളും സർഗ്ഗലാവണ്യമെ
എന്തു പരിമളം ! അന്തരംഗത്തിലേ-
യ്ക്കാഴത്തിൽ വന്നിറങ്ങുന്നുവല്ലൊ
നേർത്ത പദസ്വനം പോലുമില്ലാതേതു
തേർത്തടത്തിങ്കൽ വിളങ്ങി നില്പൂ
നീലനിലാവിൻ പുളകമായി വന്നു
നീഹാരമുത്തുകൾ മുത്തമേകി
പുലരൊളിച്ചന്ദനം ചാർത്തി യൊരുങ്ങി
പൂന്തേൻ നിറഞ്ഞു പരിലസിച്ച്
കാണാത്തിടത്തു നറും മുഗ്ദ്ധ പുഷ്പമായ്
കാന്തി ചൊരിഞ്ഞു നീ നിന്നെന്നാലും
ആത്മസുഗന്ധം നിറഞ്ഞൊഴുകി യെങ്ങൊ
ആരുമറിയാതൊതുങ്ങിയാലും
പാരിൽ പരത്തും പവനനാ പരിമളം
പാലൊളിച്ചന്ദ്രനായ് നീ വിളങ്ങും
അഗ്നി ജ്വലിക്കുന്നിടമൊക്കെ വെട്ടമാ-
ണവിടെ യിരുളെയകന്നു പോകൂ
നൻമലർ പൂത്തു പരിലസിച്ചാലിതും
നല്ല പൂങ്കാവനമായി മാറും
പുണ്യം നിറഞ്ഞു കവിയുന്ന പുഷ്പമെ
നവ്യാനുഭൂതിയാലുജ്ജ്വലമാകുക
ഭാവോജ്ജ്വലങ്ങളാം ഭാവങ്ങളിൽ നിറ-
ഞ്ഞാനന്ദമോടെ ലയിക്കട്ടെ യേവരും.

ശ്രീകുമാർ എം പി

By ivayana