രചന : പള്ളിയിൽ മണികണ്ഠൻ✍

ആലാപനം : ബിന്ദു വിജയൻ കടവല്ലൂർ

എൻപാട്ട് കേൾക്കുവാനേതെങ്കിലും ദിക്കി-
ലാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും
ആരാരുമറിയാതെ എന്നെ സ്നേഹിയ്ക്കുവാ-
നാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും.

ഇവിടെയേതെങ്കിലും വഴിയിൽ എനിയ്ക്കായി
വിരിയുവാനൊരു പുഷ്പമുണ്ടായിരിയ്ക്കും
ഒരു വണ്ടുമറിയാതെ ഒരുതുള്ളി മധുരമാ-
പൂവെനിയ്ക്കായി കരുതിവയ്ക്കും.

വെയിലുള്ള വീഥിയിൽ തണലേകുവാനൊരു
മരമെനിയ്ക്കായി തളിർത്തുനിൽക്കും
വിജനമാം വഴിയിലെൻ വിരസത മാറ്റുവാൻ
ഒരു കുയിൽപാട്ട് വിരുന്നിനെത്തും.

ആരൊക്കെ കൂട്ടിനില്ലെങ്കിലും വാനിലായ്
ആയിരം താരകൾ പൂത്തിരിയ്ക്കും
ഏതെങ്കിലും കൊച്ചു നക്ഷത്രമെപ്പൊഴും-
എന്നെനോക്കി ചിരി തൂകിനിൽക്കും.

അകലെ ആകാശത്ത് വെൺമേഘമായിരം
അലസമായ് നൃത്തം നടത്തിയാലും
ഇടയിൽ എനിയ്ക്കായി അശ്രുവിറ്റിയ്ക്കുവാൻ
ഒരു മഴമേഘമുണ്ടായിരിയ്ക്കും.

ആരുമില്ലാത്തവർക്കാശ്വാസമേകുവാൻ
ആരെങ്കിലും ഒരാളുണ്ടായിരിയ്ക്കും
ആരോരുമറിയാതെ ആ സ്നേഹമെപ്പൊഴും
ഏതെങ്കിലും കോണിലുണ്ടായിരിയ്ക്കും.

പള്ളിയിൽ മണികണ്ഠൻ

By ivayana