രചന : ജ്യോതിശ്രീ ശ്രീക്കുട്ടി✍

മഞ്ഞുരുകുന്നുണ്ട്..
നോവിന്റെ ഇടനാഴികളിൽ കനലുകളൊരു പുഴയാകുന്നുണ്ട്..
അഗ്നിവീണു പൊള്ളിയ ജീവനിലൊരു നിലാവിന്റെ തഴുകലുണ്ട്..
വേനൽചിരിച്ച കണ്ണാടിച്ചില്ലുകളിൽ
ഇന്നൊരു വസന്തം പൂക്കാലം നിറയ്ക്കുന്നു..
ഒറ്റയാണെന്നെഴുതിയ
താളുകളിൽ അക്ഷരങ്ങൾ
നിറഞ്ഞുപൂക്കുന്നു..
വാക്ശരങ്ങൾ നിറഞ്ഞ വേനൽച്ചുരങ്ങളിൽ
മഞ്ഞുതുള്ളികൾ മൊട്ടിടുന്നു..
അവിടെയൊരു കവിതയുടെ സന്ധ്യയുണ്ട്..
സ്വപ്നങ്ങളൂറ്റി അതിൽ
മഞ്ഞുനീർ തളിക്കുന്ന,
ചിരിയിലേക്കൊരു
വെളിച്ചംനീട്ടുന്ന,
കണ്ണുകളിലേക്കൊരു
കടലു വരയ്ക്കുന്ന
കവിതതുടിക്കുന്ന സന്ധ്യ!
മഞ്ഞുരുകുന്നത് ചിലപ്പോൾ ഇരുട്ടുപതുങ്ങുന്ന
മുൾപ്പൂവുകൾക്ക് മീതെയാകും..
പ്രതീക്ഷയുടെ വേരിടങ്ങളിലൊലിച്ചിറങ്ങി
പുതിയൊരു പകലിനു ജന്മംകൊടുക്കാൻ!

ജ്യോതിശ്രീ ശ്രീക്കുട്ടി

By ivayana