ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍

പിഞ്ചു ദേഹത്തെ അതിശക്തമായി ഞെരിച്ചുടയ്ക്കുകയാണ് അയാൾ…
കാമം ഒടുങ്ങാത്തൊരു ഭ്രാന്തു പോലെ അത്രമേലയാളിൽ ആവേശിച്ചിരിക്കുന്നു…
കടുത്ത ഉപദ്രവത്തിൽ കുരുന്നിന്റെ പ്രതിരോധം ദുർബലമായി…
കുതറിപ്പിടച്ചിലിനിടയിലും അലറിക്കരഞ്ഞവൾ ദൈവത്തെ വിളിച്ചു കൊണ്ടേയിരുന്നു…


കുരുന്നു കൈ കാലുകൾ അമർത്തി ഞെരിച്ചയാൾ രക്ഷയ്ക്കായി കേണ ആ പിഞ്ചുചുണ്ടുകളെ കടിച്ചമർത്തി തടവിലാക്കി…
അപ്പോൾ ദേവാലയമച്ചകത്തിലെ ഇണപ്രാവുകൾ പോലും കുറുകൽ നിർത്തി നിശബ്ദരായി…


കണ്മുന്നിലെ അനീതിയ്ക്കെതിരെ പ്രതികരിക്കാൻ ആവാത്തത്തിന്റെ നിരാശ നിശ്ശബ്ദതയായി ഘനീഭവിച്ചതാവണം അവരിൽപ്പോലും…
ഷെയർമാർക്കറ്റിലെ ഇടിവു പരിഹരിക്കാൻ കുത്തക മുതലാളി കൊളുത്തിയ ആയിരം മെഴുകുതിരികൾ എണ്ണി നോക്കുന്ന ശ്രദ്ധയിലായിരുന്നു ദൈവമപ്പോൾ…
അതിസൂഷ്മ ജോലിയ്ക്കിടെ ആ കുരുന്നിന്റെ നിലവിളി കേട്ടതായിപ്പോലും ദൈവം നടിച്ചില്ല…


അല്ലെങ്കിലും തന്നെ നിലനിർത്തുകയും തന്റെ മഹത്വം പ്രഘോഷിക്കുകയും ചെയ്യുന്ന പുരോഹിതനെ പിണക്കാതെ നിർത്തുക എന്ന നയമാണ് കൂടുതൽ ഫലപ്രദം എന്നു ചിന്തിച്ചു കാണണം ദൈവം…
എത്രയോ അന്യായങ്ങൾക്കു പലപ്പോഴായി കണ്ണടച്ചിരിക്കുന്നു…
ചരിത്രാതീത കാലം മുതൽ…
ശ്രീകോവിൽ സ്വർണ്ണം പൊതിയാനും
സ്വർണ്ണക്കുരിശു പണിയാനും ആണ്ടുനേർച്ചയാഘോഷങ്ങൾ നടത്താനും പ്രാപ്തിയുള്ളവനൊപ്പം നിൽക്കുമ്പോൾ
ചിലത് കണ്ടില്ല കേട്ടില്ല എന്നു തന്നെ നടിക്കേണ്ടി വരും…


ഒടുവിലൊരുനാൾ പുരോഹിതന്റെ പ്രകൃതി വിരുദ്ധത്തിൽ നിന്നു രക്ഷപെടാൻ ഉടുമുണ്ടും വാരിപ്പിടിച്ചു ദേവാലയത്തിൽ നിന്നും ഇറങ്ങിയോടേണ്ടി വന്നപ്പോൾ
മാത്രമാണി ദൈവത്തിന്റെ മനസ്സിൽ
ആ കുരുന്നിന്റെ നിലവിളി അവഗണിക്കരുതായിരുന്നുവെന്ന തോന്നൽ ഉദിച്ചത്…
ഓടുന്നതിനിടയിലാണ് സെമിത്തേരിയും കഴിഞ്ഞുള്ള റബ്ബർ തോട്ടത്തിൽ നിന്നും ചെറിയൊരു ഞരക്കം കേട്ടത്…


മാലാഖമാരുടെ വേഷമണിഞ്ഞ സമപ്രായക്കാരായ മൂന്നു കുട്ടികൾ…
കമിഴ്ന്നു കിടക്കുന്നു…
അതിലൊരുത്തി മരിച്ചിരിക്കുന്നു…
അൽപ്പശ്വാസം മാത്രമുള്ള ഇരു കുട്ടികളുടെയും ചുണ്ടിൽ “ദൈവമേ”…


എന്ന യാചന വളരെ ദുർബലമായി ഉയരുന്നുണ്ടായിരുന്നു…
തന്നെ വിളിച്ചു കേഴുന്ന ആ കുഞ്ഞിനെ ഒന്നു തലോടി ആശ്വസിപ്പിക്കുവാൻ പോലുമാവാതെ നിസ്സഹായനായി ദൈവം
കണ്ണുകൾ നിറഞ്ഞൊഴുകി…
അന്ന് ആദ്യമായി ദൈവം കരഞ്ഞു….
ചങ്കു പൊട്ടിക്കരഞ്ഞു…

ഷാഫി മുഹമ്മദ് റാവുത്തർ

By ivayana