രചന : രാഗേഷ് ചേറ്റുവ✍

‘പ്രകാശനം ചെയ്യാൻ ഞാനേതു സമയവും തയ്യാർ”എന്ന്
പുറത്ത് പാർക്ക്‌ ചെയ്ത
എന്റെ പുതിയ കറുപ്പ് കാറിന്റെ പുറത്ത് തൂറി
കാക്കച്ചി സിഗ്നൽ തരുന്നുണ്ട്.!
പലചരക്കു കടക്കാരൻ ജോർജേട്ടന്റെ
‘പ്രകാശനം ചെയ്യാൻ അവസരം തന്നാൽ
പലചരക്ക് കടക്കെണിയിൽ നിന്നുള്ള
പൂർണ്ണസ്വരാജ്’വാഗ്ദാനം
എന്റെ തൊണ്ടയിൽ കുരുങ്ങി കിടപ്പുണ്ട്.
പ്രകാശനവും പട്ടുസാരിയും തൂക്കി നോക്കിയപ്പോൾ
താഴ്ന്ന പട്ടുസാരിത്തട്ട് അവളെ
നേരത്തെ തന്നെ
കാഴ്ചക്കാരിൽ ഒരാൾ മാത്രം
ആക്കി മാറ്റിയിരുന്നു.
അവളും കാക്കച്ചിയും ജോർജേട്ടനും
തട്ടിൻപുറത്തെ പൂച്ചയും ഒരുപോലെ പറഞ്ഞിരുന്നു
മീൻ ചതിക്കുമെന്ന്,
വരാൽ വഴുതിപ്പോവുമെന്ന്.!
അലസിപ്പോയ പ്രകാശനച്ചടങ്ങിന്നൊടുക്കം രാത്രിയിൽ ഞാൻ
മീൻ കേന്ദ്രകഥാപാത്രമായ
മൂന്ന് സ്വപ്നങ്ങൾ കാണുന്നു.
പലചരക്കു കടക്കാരനായ ജോർജേട്ടൻ
ചന്തയിൽ ഒരേ ഒരു മീനുമായി കച്ചവടം ചെയ്യുന്നതായിരുന്നു ആദ്യത്തേത്,
പിന്നെ തട്ടിൻപുറത്തെ പൂച്ചയും
മാവിൻകൊമ്പിലെ കാക്കച്ചിയും
ഒരു വരാലിനെ പങ്കിട്ടെടുക്കുന്നത്,
ഒടുവിലെ സ്വപ്നത്തിൽ പ്രിയതമ
കൊടംപുളി ഇട്ട വരാലുകറി എന്നെ
സ്നേഹത്തോടെ ഊട്ടുന്നത്.
ഞാനും അവളും മീനും കാക്കച്ചിയും
നൂറു ശതമാനം സസ്യഭുക്കുകൾ ആണെന്നുള്ളതിന്
സ്വപ്നത്തിൽ പ്രസക്തിയില്ലാതെ വരുന്നുവെങ്കിലും
ജോർജേട്ടൻ
സ്വപ്നത്തിൽ നിന്നിറങ്ങി വന്നെന്ന പോലെ
ചന്തയിൽ നിൽപ്പുണ്ടാകുമെന്ന്
എനിക്കുറപ്പാണ്.

രാഗേഷ് ചേറ്റുവ

By ivayana