അവലോകനം : വാസുദേവൻ. കെ. വി✍

“പെണ്ണുങ്ങൾ എഴുതുന്നത് വായിക്കാറില്ല. അടുക്കളയിൽ ആരംഭിച്ച് വരാന്തയിൽ അവസാനിക്കുന്ന കഥകളാണെല്ലാം. “
‘ സർപ്പയജ്ഞം’ എന്ന കെ ആർ മീരയുടെ ആദ്യകാലകഥ വായിച്ച് സഹപ്രവർത്തകന്റെ പ്രതികരണം. അത് ഗൗരവത്തിലെടുത്ത് എഴുത്തുകാരിയുടെ അതിജീവനശ്രമം. പിന്നീട് ഒരുപിടി വേറിട്ട രചനകൾക്ക് അത് കാരണമായി .
പെണ്ണിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ, അനുഭവങ്ങൾ ഒക്കെത്തന്നെയാവും അവൾ കുറിച്ചിടുമ്പോൾ.അതിൽ വേദനയുടെ, രോഷത്തിന്റെ, ചെറുത്തുനിൽപ്പിന്റെ, സ്ഫുലിംഗങ്ങൾ ഉണ്ടാവും. പരാജയത്തിന്റെ കയ്പ്പുനീരും കാണാതെ വയ്യ.
“ജിയാ ജലേ ജാൻ ജലേ
നൈനോൻ തലെ ദുവാ ചലെ..”
ഇന്ത്യൻ വാനമ്പാടിയുടെ ശബ്ദമാധുരി. പാട്ടോർമ്മയ്ക്കൊപ്പം മനീഷ കൊയ്‌രാളയുടെ മുഖവും.


‘സൗദാഗർ’ എന്ന സിനിമയിലൂടെ വന്ന്‌ പ്രേക്ഷക മനം കവർന്ന താരസുന്ദരി.
നേപ്പാൾ മന്ത്രി പുത്രിക്ക് ബാല്യം വേദന നിറഞ്ഞത്. കൈകുഞ്ഞിനെ അവളുടെ മുത്തശ്ശിയെ ഏൽപ്പിച്ചു പോയ അമ്മ.ഡോക്ടർ ആവാൻ കൗമാര മോഹം..
വളർന്നപ്പോൾ സിനിമാമോഹം.
നേപ്പാളി സിനിമയിൽ തുടക്കം. 1942 എ ലവ് സ്റ്റോറി എന്ന സിനിമയിലേക്കുള്ള ഓഡിഷനിൽ ആദ്യദിനപരാജയം. ഗൃഹപാഠം ചെയ്ത് പിറ്റേന്ന് വീണ്ടുമെത്തി കഥാപാത്രത്തെ അവതരിപ്പിച്ചു പ്രീതി പിടിച്ചുപറ്റി. സംവിധായകൻ വിധു വിനോദ് ചോപ്ര മാധുരി ദീക്ഷിതിനെ മാറ്റി മനീഷയെ നായികയാക്കി. തുടർന്ന് കൈനിറയെ ഹിറ്റ് സിനിമകൾ.


ബോളിവുഡ് താരപ്രഭയോടെ വാഴുമ്പോൾ ശാരീരികാസ്വസ്ഥതകൾ.
അണ്ഠാശയമുഴ അർബുദമായി വളർന്നു. സിനിമയോട് അകന്ന് ചികിത്സ. ഇന്ത്യയിൽ വിജയം കാണാതെ ന്യൂയോർക്കിലേക്ക്. സമ്പാദ്യമൊക്കെ തീരാൻ ഏറെനാൾ വേണ്ടി വന്നില്ല.മുത്തച്ഛൻ നേപ്പാൾ മുൻ പ്രധാനമന്ത്രിയും, അച്ഛനും അമ്മാവന്മാരും അവിടെ മുൻ മന്ത്രിമാരും ആയിരുന്നിട്ടും.. കുറ്റാരോപിതനായ സഹാറ ഗ്രൂപ്പ്‌ മേധാവി സുബ്രത റായ് തന്റെ ന്യൂയോർക്ക് പ്ലാസ ആഡംബരഹോട്ടലിൽ ഇഷ്ടനടിയ്ക്ക് സൗജന്യ താമസം നൽകി. സ്ലോവാൻ കേറ്ററിങ് ക്യാൻസർ സെന്ററിൽ ചികിത്സാ നാൽപ്പത്തി രണ്ടാമത്തെ വയസ്സിൽ. തേർഡ് സ്റ്റേജ് ഓവറി ക്യാൻസറിന്.

ശരീരവും മനസ്സും ബാങ്ക് ബാലൻസുമൊക്കെ ഒരു പോലെ തളർത്തിയ നാളുകൾ. അവിടെ പരിചയപ്പെട്ട റിൻപോഷ് എന്ന ടിബറ്റൻ ടീച്ചറാണ് വേദന അതിജീവിക്കാനുള്ള മാർഗ്ഗം നടിക്ക് പരിചയപ്പെടുത്തിയത്.. എല്ലാം എഴുതി ആശ്വാസം നേടാൻ. ടീച്ചർ നൽകിയ നോട്പാഡിൽ അനുഭവങ്ങളും ചിന്തകളും പ്രതീക്ഷകളും കുത്തി കുറിക്കപ്പെട്ടു. രോഗത്തെ ശാസ്ത്രസഹായത്താൽ അതിജീവിച്ചു.കീമോ കൊണ്ട് മുടിയൊക്കെ കൊഴിഞ്ഞു. പുരികങ്ങൾ ഇല്ലാതായി. ചികിത്സക്കു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്ര സങ്കോച പൂരിതം. ഐബ്രോ പെൻസിൽ കൊണ്ട് പുരികങ്ങൾ വരച്ചു. തല സ്‌കാർഫ് കൊണ്ട് മൂടി ഫ്ലൈറ്റിൽ ഒതുങ്ങിക്കൂടി. മുന്നിൽ അന്നത്തെ സൂപ്പർതാരം ഋതിക് റോഷൻ. അയാൾക്ക് കാണാനാവാത വിധം തലകുമ്പിട്ടിരുന്നു. യാത്രക്കാരുടെ ലിസ്റ്റിൽ തന്റെ പ്രിയ താരത്തിന്റെ പേർ ശ്രദ്ധിച്ചു ഋതിക് മനീഷയെ തേടിയെത്തി. എല്ലാം അറിഞ്ഞിരുന്ന നടൻ മൊഴിഞ്ഞു. “മനീഷാ താങ്കൾ ഇപ്പോഴും എന്തു സുന്ദരിയാണ്.. ഈ വേഷത്തിലും. “
അതും മനീഷ കുറിച്ചിട്ടു. വാക്കുകൾക്ക് മാന്ത്രിക ശക്തി. എത്ര താഴ്ന്നൊടുങ്ങുന്ന മനസ്സിനെയും ഉണർത്തി പറപ്പിക്കാൻ..


നാട്ടിലെത്തി വീണ്ടും ക്യാമറയ്ക്കു മുമ്പിൽ മനീഷയെത്തി കൂടുതൽ ഊർജ്ജസ്വലതയോടെ.. ഡിയർ മായ, ലസ്റ്റ് സ്റ്റോറീസ് എന്നിവയിലൂടെ ഒ ടി ടി പ്ലാറ്റ്ഫോമിൽ. സഞ്ജു എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും.
രോഗബാധിത നാളുകളിൽ കുറിച്ചിട്ടവ വിപുലീകരിച്ച് പുസ്തക പിറവി. 242 പേജുകളുള്ള ഹീൽഡ് എന്ന ബയോ മെമ്മറി പുറത്തിറക്കിയത് പെൻഗ്വിൻ ഇന്ത്യ . ചികിത്സാ വേളകളിൽ ഡോക്ടർ ചി, ഡോക്ടർ മാക്കർ എന്നിവരുടെ സേവനതൊടൊപ്പം, തന്റെ ആരാധികയല്ലാത്ത അപരിചിതയായ ഡോക്ടർ നെറുള്ള എല്ലാ ഞായറാഴ്ച്ചകളിലും തന്റെ അടുത്തുവന്നിരുന്നു സംസാരിക്കാൻ തയ്യാറായതും പ്രത്യേകം അനുസ്മരിക്കുന്നു. അവർ വാക്കുകൾ കൊണ്ട് മനസ്സിന് ശക്തി പകർന്നതും. ക്യാൻസർ സർവൈവർ എന്നതിന് പകരം കാൻസർ ക്രൂസേഡർ എന്ന വാക്കാണ് മനീഷ ഉപയോഗിച്ചത്. രോഗവിമുക്തിയോടൊപ്പം ഒതുങ്ങിക്കൂടാതെ നേപ്പാളിൽ നിന്നുള്ള യൂ എൻ ഗൂഡ്‌വിൽ അംബാസഡറായും , നേപ്പാൾ ഭൂകമ്പ ദുരിതാശ്വാസ സംഘടന പ്രവർത്തകയായും മനീഷയുടെ സേവനം.


പ്രബുദ്ധ മലയാളികൾക്ക് വേണ്ടി അതിന്റെ മൊഴിമാറ്റം “അമരതാരം” തയ്യാറാക്കിയത് മാധ്യമപ്രവർത്തകൻ അജിത് ലോറൻസ്.
അതേ വാക്കുകൾക്ക് മാന്ത്രിക ശക്തി. അതു ള്ളിൽ തട്ടിയാൽ അതിജീവനം ഏറെയെളുപ്പം . ആക്ഷേപമായാലും അംഗീകാരമായാലും.

വാസുദേവൻ. കെ. വി
വാസുദേവൻ. കെ. വി

By ivayana