രചന : അഫ്സൽ ബഷീർ തൃക്കോമല✍

1927 മേയ് 10-ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു.വിദ്യാഭ്യാസാനന്തരം ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു .1953 മുതൽ 1982 വരെ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി.
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത്. പതിനഞ്ചാം വയസിൽ “യുഗപ്രപഞ്ചം” എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടു തുടങ്ങി.പിന്നീട് പഴഞ്ചൊല്ലുകൾ പോലെയോ കടങ്കഥകൾ പോലെയോ നാല് വരിയിലൊതുങ്ങുന്ന കവിതകൾ എഴുതി .

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “കുട്ടേട്ടൻ” എന്ന പേരിൽ ബാലപംക്തി എഴുതിയിരുന്നു.അതിനു ശേഷം “മലർവാടി” എന്ന കുട്ടികളുടെ മാസികയിൽ1981ജനുവരി മുതൽ അദ്ദേഹം “കുഞ്ഞുണ്ണിമാഷും കുട്ട്യോളും” നീണ്ട 22 വർഷം പ്രസിദ്ധീകരിച്ചു.അവസാനഅഞ്ചു വര്ഷം “കുഞ്ഞുണ്ണി മാഷുടെ പേജ്”എന്ന പേരിലായിരുന്നു. “നേതാവ് എന്നാൽ “നീ താഴ് നീ താഴ് ” എന്ന് അണികളോട് പറയുന്നവനാണ്” എന്നദ്ദേഹത്തിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടു .
“സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ”എന്ന തത്വ
ശാസ്ത്ര സമീപനവും
“പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.”എന്ന ഗൗരവമായ നർമ്മവും “
“കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെൻ പരാജയം”എന്ന നൂറ്റാണ്ടിന്റെ ശബ്ദവും അദ്ദേഹത്തിന്റേതാണ് ആത്യന്തികമായി ബാല സാഹിത്യകാരനായ അദ്ദേഹം പറഞ്ഞതൊക്കെയും എല്ലാ കാലത്തേക്കും ആബാലവൃദ്ധം ജനങ്ങൾക്കും കൂടിയുള്ളതായിരുന്നു .
” നന്നായാൽ ഒന്നായി, ഒന്നായാൽ നന്നായി” ഓർക്കേണ്ടത് മറക്കരുത്, മറക്കേണ്ടത് ഓർക്കരുത്”
എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

     അവിവാഹിതനായിരുന്ന അദ്ദേഹം കുട്ടികളോട്  നിരന്തരം സല്ലപിക്കുമായിരുന്നു. കുഞ്ഞുണ്ണിമാഷ്  2006 മാർച്ച് 26-നു അന്തരിച്ചു....

“ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല” എന്നും കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്നു .

By ivayana