ഒരു B M W കാർ ക്ലിനിക്കിന് മുന്നിൽ നിന്നു, കാറിൽ നിന്നും ഒരു ആജാനുബാഹുവും ഡ്രൈവറും ഇറങ്ങി. ആജാനുബാഹുവായ ആ മനുഷ്യൻ ക്ലിനിക്കിന് മുന്നിലുള്ള ബോർഡ് വായിച്ചു. “ഡോ: ഉൽപ്പലാക്ഷൻ”. കൂടെയുള്ള ഡ്രൈവറോട് പറഞ്ഞു: എടാ വിനോദെ ഈ പേര് കണ്ടിട്ട് പുരാവസ്‌തുവാണെന്ന് തോന്നുന്നു. ഏതായാലും കാണിക്കാം അല്ലെ. ഡ്രൈവർ അതെയെന്ന് തലയാട്ടി.

ക്ലിനിക്കിനകത്തേക്ക് പ്രവേശിച്ച അയാൾ എല്ലാവരെയും ഗൗരവത്തോടെ നോക്കി. എന്നിട്ട് ഡോക്‌ടറുടെ റൂമിലേക്ക് കടക്കാൻ തുനിഞ്ഞു.വഴിമുടക്കി ടോക്കൺ കൊടുക്കുന്ന ശശി വിലങ്ങിട്ട് നിന്നിട്ട് പറഞ്ഞു. ടോക്കൺ എടുക്കാതെ പോകാൻ പറ്റില്ല. വന്നയാൾ ശബ്ദമുയർത്തി: “ഞാനാരാണെന്ന് അറിയുമോ തനിക്ക് , ഞാനാണ് ദാമോദർജി , മുംബൈ അധോലോകത്ത് നിന്നാണ് ഞാൻ വരുന്നത്”.

ശശി : നിങ്ങൾ ഏത് അധോലോകത്ത് നിന്ന് വന്നാലും ഇവിടെ ടോക്കൺ എടുത്ത് കാത്ത് നിൽക്കണം.
ദാമോദർജി : ഉറപ്പാണോ
ശശി : ആ ഉറപ്പ്.
ദാമോദർജി (ബലം വിട്ട്) : ആ എന്നാൽ ഒരു ടോക്കൺ എടുക്ക്.
ശശി അയാളെ തുറിച്ചു നോക്കിക്കൊണ്ട് ടോക്കൺ കൊടുത്തു.
ടോക്കൺ കിട്ടിയ ദാമോദർജി മറ്റുള്ളവരുടെയെല്ലാം ടോക്കൺ നമ്പർ ചോദിച്ചറിയാൻ തുടങ്ങി, താനാണ് ലാസ്റ്റ് എന്ന് മനസ്സിലാക്കിയ അയാൾ അടുത്ത് കടക്കാനിരിക്കുന്ന ആളുടെ അടുത്ത് പോയി പറഞ്ഞു, എവിടെ നിങ്ങളെ ടോക്കൺ . അയാൾ ചോദിച്ചു : എന്തിനാ. ഒരു മാജിക് കാണിച്ചു തരാമെന്നു പറഞ്ഞു ആ ടോക്കൺ വാങ്ങി അകത്തേക്ക് തള്ളിക്കയറാൻ തുടങ്ങി. ശശി പിടിച്ചു മാറ്റി , ടോക്കൺ പിടിച്ചു വാങ്ങി. എന്നിട്ട് ചോദിച്ചു : എടൊ തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലെടോ. ഇരിയെടോ അവിടെ.

സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ദാമോദർജി അവിടെയുള്ള ബെഞ്ചിലിരുന്നു. തൊട്ടടുത്ത് ഒരു തടിച്ച സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. മെല്ലെ പോക്കെറ്റിൽ നിന്നും ഒരു കുപ്പി സാനിറ്റൈസർ എടുത്തിട്ട് പറഞ്ഞു”അതെ , ഒരു പീസേ ഉള്ളൂ , നൂറു രൂപ , വല്ലതും നടക്കുമോ “.

ഇത് പാതി കേട്ട സ്ത്രീ : പ്ഫെ കാട്ട് കോഴീ , നിനക്ക് ഞാൻ നടത്തി തരാടാ…….

ആളുകളൊക്കെ കൂടി ദാമോദർജിയെ കൈവീശി അനുമോദിക്കുമെന്ന അവസ്ഥ വന്നപ്പോൾ ഡ്രൈവർ വിനോദ് വട്ടം പിടിച്ചു . പ്ലീസ് അങ്ങേരെ അടിക്കരുത് , അങ്ങേര് സാനിറ്റൈസർ ബിസിനസ് ചെയ്യാൻ നോക്കിയതാ, പെങ്ങൾ അത് തെറ്റിദ്ധരിച്ചു. ബഹളം കേട്ട് ഡോക്ടർ വിളിച്ചു ചോദിച്ചു എന്താ ശശി അവിടെ പ്രശ്‌നം.

ശശി : അത് ഒരു അലമ്പനാ .

ഡോക്ടർ : ഞാൻ വരണോ .

ശശി : വേണ്ട , ഞാൻ സോൾവ് ചെയ്‌തോളാം.

അകത്തുണ്ടായിരുന്ന രോഗി പുറത്തിറങ്ങിയപ്പോൾ ദാമോദർജി രോഗിയോട് : അതെ , കുറേ നേരമായല്ലോ പോയിട്ട് , ഡോക്ടർ എങ്ങനെ പരിശോധിക്കാനൊക്കെ അറിയാമോ. ശശി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

ഡോക്ടർ അകത്ത് നിന്ന് വീണ്ടും എന്താണ് കാര്യം എന്ന് ചോദിച്ചു. ശശി വാ തുറക്കുന്നതിനു മുൻപേ ദാമോദർജി വിളിച്ചു പറഞ്ഞു. ഡോക്ടർ ഇവിടെ നല്ല തിരക്കാണ് , ഒന്ന് സ്‌പീഡ്‌ ആക്കണേ.

ഡോക്ടർ : എല്ലാവരെയും നോക്കും , അക്ഷമരാകാതെ ഇരിക്കൂ. തിരക്ക് എന്ന് കേട്ട ഡോക്ടർ പുറത്തേക്ക് വന്നു. ആകെ അഞ്ച് പേർ. ഇതാണോ തിരക്ക് അങ്ങേരെ ചോദ്യം.

ദാമോദർജി : അത് , ഡോക്ടർക്ക് ഒരു ആവേശം ഉണ്ടാവാൻ വേണ്ടി പറഞ്ഞതാ..

ഡോക്ടർ : അതെ താൻ എനിക്ക് ആവേശം ഉണ്ടാക്കേണ്ട , മര്യാദക്ക് അടങ്ങി അവിടെ ഇരുന്നോ.

ദാമോദർജി ബെഞ്ചിന്റെ ഒരു സൈഡിൽ ഇരുന്നു , മറ്റേ സൈഡിൽ ആ സ്ത്രീയും. അവരുടെ ടോക്കൺ വിളിച്ചപ്പോൾ അവർ എഴുന്നേറ്റതും ബെഞ്ചിന്റെ ഒരു സൈഡ് പൊങ്ങി. ദാമോദർജി ദാ കിടക്കുന്നു താഴെ. കൂടി നിന്നവരൊക്കെ ചിരി തുടങ്ങി.

ദാമോദർജി : ആ ചിരിക്കെടാ , തന്റെയൊക്കെ തന്ത വീണു എന്ന് വിചാരിച്ചു ചിരിക്ക്.

അത് കേട്ടപ്പോൾ ആളുകൾ ചിരി നിർത്തി.

ദാമോദർജിയുടെ കൈമുട്ടിന്‌ പോറലേറ്റു. അതോടൊപ്പം ബെഞ്ചിന്റെ കാലൊടിയുകയും ചെയ്‌തു. ശശി ബഹളം വെച്ചു. ഡോക്ടറേ ഇയാൾ ബെഞ്ചൊടിച്ചു. ഡോക്ടർ പുറത്തേക്ക് വന്നു. എടോ താൻ ഡോക്ടറെ കാണാൻ വന്നതോ അതോ ഈ ക്ലിനിക്ക് തകർക്കാൻ വന്നതോ.

ദാമോദർജി : അത് ഞാനല്ല , ആ സ്ത്രീയാ…അവർ ചാടി എണീറ്റതാ. പരിക്ക് പറ്റിയത് എനിക്കാ.

ആ സ്ത്രീയും ദാമോദർജിയും തമ്മിൽ വാക്ക് തർക്കമായി , രണ്ട് പേരെയും പിടിച്ചു മാറ്റാൻ ചെന്ന ശശിക്കും ഡോക്ടർക്കും പൊതിരെ തല്ല് കിട്ടി. കിട്ടിയ ചാൻസ് മുതലാക്കി ദാമോദർജി. അടിപിടിക്കിടയിൽ വിനോദിനോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആംഗ്യം കാട്ടി. ഒരു ഗ്യാപ് കിട്ടിയപ്പോൾ ദാമോദർജി ഓടി വണ്ടിയിൽ കയറി. കാർ പറപറന്നു.

കുറേ ദൂരം ചെന്നപ്പോൾ ദാമോദർജി പറഞ്ഞു. ഇവിടെ നിർത്ത് , ഇവിടെ കുറച്ചു ജനക്കൂട്ടം കാണുന്നുണ്ട്. വണ്ടി നിർത്തി ദാമോദർജി സാനിറ്റൈസർ , മാസ്‌ക് പുറത്തെടുത്ത് വിൽപന തുടങ്ങി. ദാമോദർജി തൊണ്ട പൊട്ടി അലറി. ആദായ വില്പന , ആദായ വില്പന.ജനം കൂടി. കച്ചവടം പൊടിപൊടിച്ചു കൊണ്ടിരുന്നു.

അപ്പോഴാണ് സുമേഷും സുരേഷും അത് വഴി വരുന്നത്.
സുരേഷ് പറഞ്ഞു , എടാ നിന്റെ അതെ പോലെ ഒരു കാർ. സുമേശ് സൂക്ഷിച്ചു നോക്കി , അതെ അത് തന്റെ കാറാണ്. അയൽവാസിയായ ദാമോദർജി ഒരു ഹോസ്പിറ്റൽ കേസുണ്ട് , ഭാര്യക്ക് വയ്യ എന്ന് പറഞ്ഞു കൊണ്ടുപോയതാണ്.

കാറിൽ കച്ചവടം പൊടിപൊടിക്കുന്നത് കണ്ട് സുമേഷ് ഞെട്ടി. ദേഷ്യത്തോടെ ഓടിയടുത്ത സുമേഷ് ദാമോദർജിയുടെ പെട്ടികളൊക്കെ റോട്ടിലേക്ക് വലിച്ചിട്ട് കീ തട്ടിപ്പറിച്ചു വണ്ടിയെടുത്ത് പറപ്പിച്ചു.

അന്തം വിട്ട് നിൽക്കുന്ന ദാമോദർജിയെ നോക്കി വിനോദ് പറഞ്ഞു. അണ്ണാ , അണ്ണന്റെ വണ്ടിയും കൊണ്ട് ദേ
അവന്മാർ മുങ്ങി, അണ്ണൻ തടഞ്ഞു നിർത്താത്തതെന്തേ.

ദാമോദർജി : അവന്റെ വണ്ടി , അവന്റെ കീ അവനെ ഞാനെന്തിന് തടയണം.

വിനോദ് : അപ്പൊ അത് അണ്ണന്റെ വേണ്ടിയല്ലേ

ദാമോദർജി : ഉണ്ടയാണ് ഉണ്ട.

വിനോദ് : അപ്പൊ അണ്ണനും എന്നെപ്പോലെ ഉടായിപ്പാണ്‌. ഇനി എന്താണ് പ്ലാൻ.

ദാമോദർജി : ഇനി , എന്ത്. മുംബൈ അധോലോകത്തിലേക്ക് തിരിച്ചു പോണം. നീ ഒരു കാര്യം ചെയ്യ്. ഈ ബാക്കി വന്ന സാനിറ്റൈസറും മാസ്‌കും ആ ബൈപാസ് റോട്ടിലെ ചേക്കുട്ടിയുടെ കടയില്ലേ അവിടെ കൊടുക്ക്. ദാമോദർജി കാശുമായി നാളെ വരും എന്ന് പറഞ്ഞേക്ക്. നിന്റെ കണക്കും ഞാൻ നാളെ തീർക്കും.

വിനോദ് : അപ്പൊ , ഇത് നിങ്ങൾ കാശ് കൊടുത്ത് വാങ്ങിയതല്ലെ .

ദാമോദർജി : പോയി പറഞ്ഞത് ചെയ്യടാ മണ്ടൻ കുണാപീ.

വിനോദ് ഒരു ഓട്ടോ വിളിച്ചു പെട്ടിയും കയറ്റി പുറപ്പെട്ടു.

ദാമോദർജി മറ്റൊരു ഓട്ടോയിൽ കയറി. ഓട്ടോ ഒരു വീടിന്റെ മുന്നിലെത്തിയപ്പോൾ ദാമോദർജി പറഞ്ഞു. ഇവിടെ നിർത്ത്. കാശ് കൊടുത്ത് ദാമോദർജി ഇറങ്ങി.

ഓട്ടോക്കാരൻ ചോദിച്ചു , ഇത് നിങ്ങളുടെ വീടാണോ.

ദാമോദർജിയുടെ മറുചോദ്യം എന്താ.

ഓട്ടോക്കാരൻ : ഏയ് , ഒന്നുമില്ല.

തിരിഞ്ഞു പോകുമ്പോൾ ഓട്ടോക്കാരൻ ആ വീടിന്റെ ഗേറ്റിലെ ബോർഡ് ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു “മുംബൈ അധോലോകം”.

ദാമോദർജി വീടിന്റെ അകത്തേക്ക് കയറി. സ്‌കൂളിൽ പഠിക്കുന്ന മോൻ ഓടി വന്നു. അച്ഛൻ ഇന്ന് വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ. ദാമോദർജി ഭാര്യയെ കനപ്പിച്ചു നോക്കിയിട്ട് പറഞ്ഞു അമ്മയുടെ കോച്ചിങ്ങാകും.

മകൻ പറഞ്ഞു : അച്ഛാ , എനിക്ക് കുറച്ചു കാശ് വേണം.

ദാമോദർജി : ഉം , എന്തിനാ.

മകൻ : അത് സ്‌കൂളിലെ മാഷ് പറഞ്ഞിട്ടാ. സ്‌കൂളിലെ ലോഗരിതം പൊളിഞ്ഞു വീണു , ലോഗരിതത്തിന്റെ കാലൊടിഞ്ഞു , അത് നന്നാക്കാനാ.

ദാമോദർജി : ഒരു ബെഞ്ചിന്റെ കാലൊടിഞ്ഞ ക്ഷീണം ഇതുവരെ മാറിയില്ല അപ്പോഴാണ് ലോഗരിതത്തിന്റെ കാൽ . ആ വിഷമിക്കേണ്ട , നാളെ തരാം.
Abdul Gafoor

By ivayana