രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍

അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേ
നീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുക
കനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍
മറവികൾക്കേകി നീ മകനേ മയങ്ങുക.

ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെ
ജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതും
നോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-
യടരാതെനിന്നതും മകനേ മറക്കുക.

കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥ
അരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്
രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍
തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ

മൌനപാത്രങ്ങളിലെരിയുന്ന ചിന്തകള്‍.
വിറപൂണ്ടുനില്ക്കുന്ന കാലം മറക്കുക
ഓര്‍മ്മതന്‍ പടവിലെ നിഴലായ്ക്കൊഴിയു-
ന്നൊരു കുഞ്ഞുസ്വപ്നമായ് തളരേണ്ട മകനേ.

കോപതാപത്തിന്റെ കരിപൂണ്ടകോലങ്ങ-
ളെഴുതുന്ന വിധിതീര്‍ത്ത വ്യഥയും മറക്ക നീ
സ്നേഹബന്ധത്തിന്റെ ലയമോടു ചേരുമോ
രക്തബന്ധത്തിന്റെ പാഴ്ശ്രുതിയെന്നുമേ ?

എന്നില്‍പ്പിറക്കാത്തോരരുമയാം കുഞ്ഞേ
നിന്നെയോര്‍ത്തെന്‍മനമുരുകുന്നു മകനേ.
തീരാത്ത നോവെരിഞ്ഞുരുകുന്നഹൃത്തിലേ-
ക്കൊരുസ്നേഹപുഷ്പമായ് തഴുകിടാമിനിയും.

ശിവരാജൻ കോവിലഴികം, മയ്യനാട്

By ivayana