അവലോകനം : സുധീഷ് സുബ്രമണ്യം ✍

ഹെൽത് & സേഫ്റ്റി ആണ് പ്രൊഫഷൻ. 10 വർഷമായിട്ട് വിദേശത്താണ്. പക്ഷെ ഇപ്പോളും സുഹൃത്തുക്കളോടോ പരിചയക്കാരോടോ ബന്ധുക്കളോടോ വീട്ടിൽത്തന്നെയോ സേഫ്റ്റിയെപ്പറ്റി സംസാരിക്കാൻ അധികം നിൽക്കാറില്ല. തിരിച്ചുകിട്ടുന്ന പുച്ഛവും “നമ്മളിതെത്ര കാലമായിട്ട് ചെയ്യുന്നതാ ഇന്നുവരെ ഒന്നും പറ്റിയിട്ടില്ല” എന്ന ഡയലോഗും
“നീ ജോലി ചെയ്യുന്നിടത്തു പോരേടെ ഇതൊക്കെ?” എന്നുള്ള ചോദ്യങ്ങളും
കേട്ട് മടുത്തിട്ടാണ്.
എങ്കിലും ഇന്നലെ താനൂരിലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില കാര്യങ്ങളും അനുഭവങ്ങളും ഓർമകളും പറഞ്ഞുപോകാം എന്ന് കരുതുന്നു.

  1. സ്വന്തം സുരക്ഷ എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ അത് നോക്കാത്തിടത്തോളം കാലം മറ്റാരും നോക്കുകയുമില്ല നോക്കണമെന്ന് നിർബന്ധിച്ചിട്ടോ കുറ്റപ്പെടുത്തിയിട്ടോ കാര്യവുമില്ല. സ്വന്തം സുരക്ഷയെപ്പറ്റി തിരിച്ചറിയാൻ പറ്റാത്തവരെ (പ്രത്യേകിച്ച് കുട്ടികൾ) നമ്മൾ സഹായിക്കേണ്ടതുണ്ട് എന്നുമാത്രം.
  2. വെള്ളം എന്നത് ഏറ്റവും അപകടകാരിയായ ഒന്നാണ്. പലയിടങ്ങളിൽ അതിനു പല സ്വഭാവമാണ്. കടലിൽ നീന്തുന്ന ആളാണ്‌ പുഴയിൽ മുങ്ങാങ്കുഴി ഇടുന്നതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വെള്ളത്തിന്റെ ഒഴുക്ക്, അടിയിലെ പായലുൾപ്പെടെയുള്ള സസ്യങ്ങൾ, ചളി എന്നിങ്ങനെ പല രീതിയിലുള്ള അപകടങ്ങൾ നമ്മളെ കാത്തിരിക്കുന്നു എന്ന് കരുതിവേണം വെള്ളത്തോട് അടുക്കുന്നതും ഇറങ്ങുന്നതും.
  3. മതിയായ സുരക്ഷാ സംവിധാനങ്ങൾ, അതും നല്ല ഗുണമേന്മയുള്ള, കൃത്യമായി മെയിന്റനന്സ് നടത്തി ഉപയോഗയോഗ്യമെന്ന് ഉറപ്പുവരുത്തിയവ ധരിച്ചേ വള്ളങ്ങൾ, സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള ജലഗതാഗത വിനോദ ഉപാധികൾ ഉപയോഗിക്കാവൂ. അതിൽ “നമ്മുടെ നാട്ടിലെ” അവസ്ഥ വച്ചു ഏറ്റവും പ്രധാനമാണ് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (PPEs). കാരണം സാധാരണയായി അപകട സാധ്യത കുറക്കുന്ന പ്രക്രിയയിൽ (Hierarchy of Control) PPEs എന്നത് അവസാനത്തെ പ്രയോരിറ്റി ആണ്. അപകടം നടക്കാതിരിക്കാനുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം (Risk Control, Elimination, Substitution and reduction of Hazards and risks As Law as Reasonably Practicable). നാട്ടിൽ പൊതുവെ ഇവയ്ക്കൊന്നും കാര്യമായ പ്രാധാന്യം കൊടുക്കാൻ നമ്മൾക്കാർക്കും താല്പര്യം ഇല്ല എന്നതിനാൽ സ്വന്തം ജീവൻ രക്ഷിക്കാനുള്ള കാര്യങ്ങളെങ്കിലും ഉറപ്പ് വരുത്തുക എന്ന് ചുരുക്കം.
  4. നിങ്ങൾക്ക് സുരക്ഷിതമല്ല എന്ന് തോന്നുന്ന കാര്യങ്ങളിൽ നിന്ന് കഴിവതും വിട്ടുനിൽക്കുക. ഉദാഹരണത്തിന് ഒരു ബോട്ടിൽ ഓവർലോഡ് ആണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്തുക്കൾ പോലും പറഞ്ഞേക്കാം “ഇത് കുറേക്കാലമായിട്ട് ഇങ്ങനെയാണ് ഇതുവരെ ഒരപകടവും ഉണ്ടായിട്ടില്ല അതുകൊണ്ട് സേഫ് ആണ്” എന്ന്. ദയവുചെയ്ത് അത്തരം വാക്കുകളിൽ വീഴാതിരിക്കുക. പലർക്കും പല കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടായേക്കാം. എങ്കിലും സ്വന്തമായി ചിന്തിച്ചശേഷം മാത്രം തീരുമാനിക്കുക.
  5. നിയമസംവിധാനങ്ങൾ കർശനമാക്കുക. അങ്ങനെ ആക്കാൻ നോക്കുമ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞുവരുന്നവരോട് അങ്ങോട്ട് മാറിനിൽക്കാൻ പറഞ്ഞേക്കുക. ബോട്ട് യാത്രകളിൽ ലൈഫ് ജാക്കറ്റ്, ലൈഫ് റിങ് / ലൈഫ് ബോയ് എന്നിവക്ക് പൈസ മുടക്കാനുള്ള മടി മാത്രമല്ല അവ ഉപയോഗിക്കാനുള്ള മടിയും അപകടങ്ങളുടെ തീവ്രതയും റിസ്ക്കും പരിണിതഫലങ്ങളും (severity) കൂടാൻ കാരണമാകാറുണ്ട്.
  6. ചെറിയ കുട്ടികളെ പരമാവധി ബോട്ടിങ് പോലുള്ള പരിപാടികളിൽ നിന്ന് അകറ്റിനിർത്തുക. ഒരു അപകടമുണ്ടായാൽ വെള്ളത്തിലേക്ക് വീഴുന്ന സമയത്ത് മൂക്കിലോ ശ്വാസനാളത്തിലോ കയറുന്ന വെള്ളം പോലും വലിയ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
  7. മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിങ് ന് പോയിരുന്നു. സുഹൃത്തും ഭാര്യയും അവരുടെ മകളും കൂടെയുണ്ടായിരുന്നു. രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന ഷിക്കാര യിൽ അഞ്ച് വയസായ ആ കുഞ്ഞിനെ കയറ്റാൻ അവർ സമ്മതിച്ചില്ല. വെയ്റ്റ് വച്ചല്ല കപ്പാസിറ്റി നോക്കുന്നതെന്നും മൂന്നുപേർക്ക് യാത്ര ചെയ്യാൻ അനുമതി ഇല്ല എന്നും കൃത്യമായി പറഞ്ഞുതന്നെ അവർ യാത്ര നിഷേധിച്ചു.
  8. പൊന്നാനി കർമ റോഡിലെ ബോട്ടിങ് കേന്ദ്രങ്ങൾ സജീവമാണിപ്പോൾ. ഞാൻ നാട്ടിൽ വരും മുൻപ് വീട്ടുകാരും പങ്കാളിയുടെ വീട്ടുകാരും ചേർന്ന് ബോട്ടിങ്ങിനു പോയിരുന്നു. ബോട്ടിങ് കഴിഞ്ഞു വിളിച്ചപ്പോൾ അവൾ പറഞ്ഞു. ഇതിൽ ലൈഫ് ജാക്കറ്റ് തന്നില്ല എന്ന്. നാട്ടിൽ പോയപ്പോൾ ആവഴി പോയിരുന്നു. തിരക്കിനൊരു കുറവുമില്ല. ഏതോ ഒന്നുരണ്ട് ബോട്ടുകളിൽ ലൈഫ് റിങ് തൂക്കിയിട്ടിട്ടുണ്ട് എന്നതുതന്നെ ഭാഗ്യം. ജാക്കറ്റ് ഇല്ലാത്തയാൾ വെള്ളത്തിനു മുകളിൽ വന്നാലല്ലേ ലൈഫ് റിങ്ങിൽ പിടിക്കാനൊക്കൂ എന്ന് ചോദിക്കരുത്.
  9. മറൈൻ പ്രോജെക്ടിലാണ് ജോലി. ജോലി നടക്കുന്ന ബാർജുകളിലേക്ക് (കടലിലെ ജോലികൾക്ക് ഉപയോഗിക്കുന്ന ജങ്കാർ / ചെറിയ കപ്പൽ പോലുള്ള ഒരു വർക്കിംഗ്‌ പ്ലാറ്റ്ഫോം) ബോട്ടിൽ പോകണം. പോകുന്നവർക്ക് ആദ്യമേ ഒരു ട്രെയിനിങ്ങും (Training for work over and nearby water) ലൈഫ് ജാക്കറ്റും നൽകും. കൂടാതെ ബോട്ടിൽ ലൈഫ് റിങ്‌സും ബോട്ടിന്റെ കപ്പാസിറ്റിക്കനുസരിച്ചുള്ള ഒരു life raft ഉം ഉണ്ടാകും. ബോട്ട് മറിഞ്ഞാൽ ലൈഫ് റാഫ്റ്റ് സ്വയം തുറന്നുവരുന്നപോലെ ഘടിപ്പിച്ചിരിക്കും. ഉല്ലാസബോട്ടുകളിൽ ലൈഫ് രാഫ്റ്റ് പ്രായോഗികമാണോ എന്നതിൽ സംശയമാണ്. ശ്രമിച്ചാൽ നടക്കായ്കയില്ലാതാനും.
    10.ഉല്ലാസബോട്ടുകളിൽ ജോലി ചെയ്യുന്നവർക്ക് അപകടങ്ങളെ നേരിടാനുള്ള ട്രെയിനിങ്ങും രക്ഷാപ്രവർത്തനങ്ങൾ നടത്താനും യാത്രക്കാർക്ക് തുടക്കത്തിൽ ചെറിയ ഒരു സേഫ്റ്റി ബ്രീഫിങ് നടത്താനുമുള്ള അറിവുണ്ടോ എന്നുകൂടി ഉറപ്പുവരുത്തണം.
    അവസാനമായി ഒന്നുകൂടി.
    അപകടങ്ങൾ നടന്നശേഷം സർക്കാറിനെയോ അതാതു വകുപ്പുകളെയോ തെറിവിളിച്ചിട്ടോ കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല. നിയമസംവിധാനങ്ങൾ ശക്തമാക്കേണ്ടുന്ന ഉത്തരവാദിത്തം അവർക്കുള്ളപോലെതന്നെ അത് പാലിക്കേണ്ട ഉത്തരവാദിത്തവും പിഴവുകളും കുറവുകളും അറിയിക്കേണ്ടുന്ന ഉത്തരവാദിത്തവും നമുക്കുമുണ്ട്. (പലപ്പോളും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഉദ്യോഗസ്ഥർ വകവെയ്ക്കാതെ പോകാറുണ്ടെന്നതും ഒരു സത്യമാണ്. എങ്കിലും ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്).
    (ജലസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും കുറച്ചേറെ ദിവസങ്ങളായി സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന ശ്രീ മുരളി തുമ്മാരുകുടിയുടെ എഴുത്തുകൾ നമ്മളേവരും ഉദ്യോഗസ്ഥരടക്കം വായിച്ചിരിക്കേണ്ടതാണ്. മുൻപ് സമാനമായ ഒരപകടം നടന്നപ്പോളും അദ്ദേഹത്തിന്റെ വിശദമായ കുറിപ്പുണ്ടായിരുന്നു.)
    NB: കുറേക്കാലമായി പലരും ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യാൻ ഇനിയും വൈകിക്കൂടാ എന്ന് കരുതുന്നു. പല വിഷയങ്ങളിലുള്ള ഏറ്റവും ബേസിക് സേഫ്റ്റി എന്താണെന്നുള്ള ചെറിയ വീഡിയോകളോ പോസ്റ്റുകളോ ചെയ്യാൻ ഉദ്ദേശിക്കുന്നു. സ്ഥിരമായിട്ടോ ഒരുപാട് കാലമോ ചെയ്യുമെന്നൊന്നും അവകാശപ്പെടുന്നില്ല എങ്കിലും വൈകാതെ തുടക്കം കുറിക്കും. മുൻപ് ചില പോസ്റ്റുകൾ ഇട്ടിരുന്നെങ്കിലും വളരെ ചുരുക്കം പേർ മാത്രം വായിച്ചുപോയതുകൊണ്ട് ഒരുപാട് സമയം കളഞ്ഞുള്ള ആ പണി തുടർന്നുപോയില്ല എന്നതാണ് യാഥാർഥ്യം.

By ivayana