ബാലചന്ദ്ര പണിക്കർ ✍

എന്നെ ഇത്രക്കു വേദനിപ്പിച്ച ഒരു സംഭവം അടുത്തിടയൊന്നും ഉണ്ടായിട്ടില്ല.
കഷ്ടി ഇരുപത്തി മൂന്നുവയസ്സുളള,
തൻെറ ഡോക്ടർ ബിരുദം പൂർത്തിയാക്കാനാാവശ്യമായ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുന്ന
വന്ദന എന്ന കുട്ടിയാണ് പോലീസിൻെറ
അശ്രദ്ധയും നോട്ടക്കുറവും കൊണ്ട്
ലഹരിക്ക് അടിമപ്പെട്ട് മനോനില തെററിയ
ഒരാളാൽ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.
വകുപ്പിൻെറ ചുമതലയുളള മന്ത്രിണിക്കൊച്ചമ്മയുടെ പരാമർശവും
അതിനെതിരെ വിമർശനമുയർന്നപ്പോൾ
അവരൊന്നും മനസ്സാക്ഷിയില്ലാത്തവരെന്നും ഈ സമയത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് കഷ്ടമാണെന്നുമുളള ന്യായീകരണവും
മുറിവിൽ മുളക് പുരട്ടുന്ന അനുഭവമായി.
പരിചയക്കുറവുളളതുകൊണ്ട് ഭയമായിപ്പോയി,അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മററു സഹപ്രവർത്തകർ പറഞ്ഞു പോലും.ഹൗസ് സർജൻസി ചെയ്യുന്ന
ഒരു കുട്ടിക്ക് എന്ത് പരിചയമാണ് മന്ത്രിണി
പ്രതീക്ഷിച്ചതെന്ന് അറിയില്ല.സ്വന്തം തൊഴിലിൽ പരിചയമില്ലാതെ വായ തുറന്നാൽ ധാർഷ്ട്യം മാത്രം പറയുന്ന ഇത്തരം മന്ത്രിമാരെ നമുക്ക് ആവശ്യമുണ്ടോ എന്നാണ് പൊതുജനത്തിന് സംശയം.
ഹൈക്കോടതി സ്വയം കേസ് പരിഗണിച്ച്
നടത്തിയ ഒരു പരാമർശമാണ് ഞാൻ ശീർഷകമായി തെരഞ്ഞെടുത്തത്.
കടുത്ത പരാമർശങ്ങളാണ് കോടതി നടത്തിയത്.ഡോക്ടറന്മാർക്ക് സുരക്ഷ
കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടിക്കൂടെ എന്നാണ് കോടതി ചോദിച്ചത്.പോലീസിൻെറ കൈയിലുളള
തോക്ക് എന്തിനാണെന്നും കോടതി ആരാഞ്ഞു.
മാതാപിതാക്കളുടെ ഒരേ ഒരുമകളാണ്
അവർക്ക് നഷ്ടമായത്.അവരുടെ പ്രതീക്ഷകൾ എത്ര ക്ഷണമാണ്
അസ്തമിച്ചത്.
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുളള അതിക്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇന്നുവരെ ഫലപ്രദമായ
നടപടി എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.ആരാണ് ഇതിന് ഉത്തരവാദിത്തം വഹിക്കുക?
എൻെറ കൊച്ചുമകൾ ഇത് പോലെ ഹൗസ്
സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണ്.ഈ ദുഃഖം
എൻെറ ദുഃഖമായി തോന്നാൻ ഒരുപക്ഷെ
ഇതുകൂടി കാരണമായിരിക്കാം.
വന്ദനയുടെ കുടുംബത്തിൻെറ ദുഃഖത്തിൽ
പങ്കുചേരുന്നു.ആ കുട്ടിയുടെ ആത്മാവിന്
നിത്യശാന്തി നേരുന്നു.

By ivayana