രചന : ഷബ്‌നഅബൂബക്കർ✍

ഓർമ്മകളുടെ കനം പേറി
മൂകമായ ഇടനാഴികളിലൂടെ
നടന്നു നീങ്ങുമ്പോൾ
അഴകുള്ള വാക്കുകൾ കൊണ്ടെന്നോ
കൊരുത്തിട്ട വലയിൽ കുരുങ്ങി
പിടയുന്നുണ്ടായിരുന്നു…
മറവി തിന്നു തീർത്തിട്ടും
ബാക്കിയായി പോയ
ഒത്തിരി കിനാവുകളപ്പോഴും
ചിതറി വീണ് കിടപ്പുണ്ടായിരുന്നവിടെ…
വിതുമ്പുന്ന അധരങ്ങൾ കൂട്ടിയിണക്കിയെടുത്ത
ദീർഘമായ നെടുവീർപ്പിന്റെ അങ്ങേയറ്റത്തു നിന്നും
ഇന്നുമൊരു കൊലുസ്സിന്റെ
പൊട്ടിച്ചിരികളുയിരുന്നുണ്ടായിരുന്നു…
വിരൽത്തുമ്പു കവർന്ന് സ്നേഹം പറഞ്ഞു
നടന്നു നീങ്ങിയ പാതകൾക്കിന്നും
എന്നോ പടിയിറങ്ങിയ വസന്തത്തിന്റെ
കുളിര്…
മഴത്തുള്ളികളെ തട്ടിത്തെറിപ്പിക്കുന്ന
കരിവള കൈകളുമായൊരു പെണ്ണ്
പ്രണയം നിറച്ച കണ്ണുകളുമായി ആ ഇടനാഴിയുടെ
ഇറയത്തു ചാരി ഇന്നും കാലത്തെ നോക്കി
തെളിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…
മിഴിയടച്ചുപിടിച്ചപ്പോൾ ഉതിർന്ന
നീർമുത്തുകൾക്ക് എന്നോ പകുത്തു
നൽകിയ ചുംബനത്തിന്റെ ചൂട്…
വിരഹം ഇരുൾ പടർത്തിയ ഇടനാഴിയുടെ
ഭിത്തികളിൽ അനുഭവങ്ങളുടെ
മിന്നാമിനുങ്ങുകൾ വെട്ടം കൊണ്ട് വരച്ചിട്ടത്
ഒരേ താളത്തിൽ മിടിച്ചിരുന്ന
ഇരുഹൃദയങ്ങളുടെ നിഴൽ ചിത്രം…
പഴകിയാലും ദ്രവിക്കാത്ത പലതുമുണ്ടെന്ന്
അന്നേരം രഹസ്യം പറഞ്ഞു കൊണ്ടൊരു
തെന്നൽ തഴുകി കടന്നു പോയപ്പോൾ
ഹൃദയ ഭിത്തികളിലിന്നും നിറം ചോരാതെ
കിടക്കുന്ന ചിത്രങ്ങൾ കണ്ടുകൊണ്ടൊരു
കിനാപ്പക്ഷി ആ ഇടനാഴിയിലെവിടെയോ
ഇരുന്നുകൊണ്ടപ്പോഴുമൊരു
മേഘമൽഹാർ രാഗം മൂളുന്നുണ്ടായിരുന്നു.

By ivayana