ഒറ്റക്കിരിപ്പ്, കൂട്ട് കൂടലിനേക്കാളും ഗുണം ചെയ്യും, സ്വയം മനസിലാക്കാൻ ഒരു അവസരമാണ്.

ആ ചിന്തയിലൂടെ കിട്ടുന്ന ഒരു സുഖം അനുനിർവചനീയമാണ്…

ഒരുപാട് സംസാരിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന മൗനത്തെപോലെ

“ ഓർമ്മകൾ”

മനസ്സിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്ക് ഒരു കുളിരായി വരും.

ആ ഓർമ്മയുടെ മധുരം നുണയാൻ

വീടിനടുത്തുള്ള ഒരു ആൽ മരച്ചുവട്ടിലിരുന്ന് മനസ്സിനെ അതിന്റെ ഇഷ്ടത്തിന് സഞ്ചരിക്കാൻ വിട്ടപ്പോൾ

എല്ലാ വിഷമങ്ങളും മാറി ലോകം എന്റെ കൈകുമ്പിളിലാണെന്നു തോന്നിപ്പോയി..

എന്റെ ജീവിതനൗക ഒരുപാട് കഷ്ടതയും ബുദ്ധിമുട്ടും നിറഞ്ഞ ജലപരപ്പിലൂടെ സഞ്ചരിച്ചിട്ടുണ്ട്

നിരവധി നിർണായക നിമിഷങ്ങളെ സമയോചിതമായിയെടുത്ത തിരുമാനത്തിൽ നിഷ്പ്രഭമാക്കിയിട്ടുണ്ട് ..

അന്നൊന്നും നഷ്ടബോധതത്തിന്റെ ഒരു ലാഞ്ജനയും മനസ്സിൽ ഉണ്ടായിരുന്നില്ല

ഈ മരത്തണലിൽ ഇരുന്നപ്പോൾ അറിയാതെ ഒരു മോഹഭംഗത്തിന്റെ പിന്നാലെ മനസ്സ്‌ വലിച്ചിഴക്കുന്നു..

കാലങ്ങൾക്ക് മുൻപ്പുണ്ടായ മധുരമുള്ള ഒരോർമ്മ …

ഓടുന്ന ബസ്സിന്റെ മുമ്പിലെ ചവുട്ടുപടി ചാടികയറി നിന്ന എന്നെ അകത്തുകയറി നിൽക്കാൻ കണ്ടക്ടർ നിർബന്ധിച്ചുക്കൊണ്ടിരുന്നു.

ഒരു സൂചിക്കുത്താൻ പോലും സ്ഥലമില്ലാത്ത ആ ബസ്സിൽ എങ്ങിനെ കേറിനിൽക്കാനാണ്.

രാവിലെ പൊതുവെ തിരക്കുള്ള ആ ബസ്സിൽ മുൻവാതിലിൽ എന്നും പെൺക്കുട്ടിക്കളുടെ തിരക്കാണ്.

രാവിലെ നേരത്തേ ഇറങ്ങണമെന്ന് കരുതിയാലും നടക്കില്ല…

ചാടി കയറിയത് മുന്നിലായിപോയി ..

കാറ്റിന്റെ ദിശയിൽ മുഖത്ത് വീണ മുടിയിൽ എന്റെ ശ്രദ്ധയാകർഷിച്ചു..

കാച്ചിയ വെളിച്ചണ്ണയുടെയും ഷാമ്പൂന്റെയും ചേർന്ന ഒരു പ്രത്യക സുഗന്ധം മൂക്കിന്റെ ഉള്ളിലേക്ക് തുളച്ചിറങ്ങി

ആ മുടിയുടെ ഉടമസ്ഥയായ പെൺക്കുട്ടി ബസ്സിനുള്ളിലേക്കു കയറാൻ ശ്രമിക്കുന്നു

ആ മുഖം കാണാൻ അല്പം ചരിഞ്ഞൊന്ന് നോക്കി …

ചന്ദനക്കുറിയും കണ്മഷിയെഴുതിയ കണ്ണുകളും അതിന് താഴെ കവിളിൽ നനുത്ത രോമങ്ങളും പിന്നെ ഇളം ചാരനിറത്തിൽ തള്ളവിരൽ വലിപ്പത്തിലുള്ള ഒരു മറുകും.

ആ മുഖസൗന്ദര്യം എന്നെ വല്ലാതെ വശീകരിച്ചു മുഖത്തെ ആ മറുക് എന്റെ മനസ്സിൽ ഒരു സീൽപോലെ പതിഞ്ഞു.

“ ചേട്ടാ.. ഇങ്ങോട്ട് കേറിനിൽക്കൂ ഇവിടെ സ്ഥലമുണ്ട്..”

എന്ന ആ ശബ്ദം മനസ്സിൽ ഒരു കുളിർമഴയായി പെയ്യതിറങ്ങി.

“ ങേ.. ഹാ..!! ”

ഞാൻ അവളോട് ചേർന്ന് നിന്നു ആ മുടിയിലെ സുഗന്ധം ആസ്വദിച്ചുക്കൊണ്ട്..

എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.!!

ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു.

ഞങ്ങൾ ആ പടിക്കെട്ടിൽ തൊട്ടുരുമ്മി നിന്നു…!

ഒന്നും മിണ്ടാതെ കണ്ണുകളാൽ ഒരായിരം പ്രണയകാവ്യമെഴുതിക്കൊണ്ട്…!!

ബസ്സ് നിന്നപ്പോൾ നെഞ്ചോടുനെഞ്ചുരുമി മുന്നിലൂടെ ഇറങ്ങുമ്പോൾ, ഇടം കണ്ണിട്ടുള്ള നോട്ടം എന്റെ മനസ്സിനെയും കൊത്തി വലിച്ചുക്കൊണ്ടുപോയി…

അതിനുശേഷം ബസ്സിൽവച്ചു കണ്ണുകളാൽ കഥ പറഞ്ഞും കൈ വിരലുകള്ളാൽ മുദ്രകൾ കാണിച്ചും മാസങ്ങൾ കടന്നുപോയി

പിന്നീടുള്ള നാളുകളിൽ അവളെകുറിച്ച് മാത്രമായി എന്റെ ചിന്ത,

സ്വപ്നങ്ങളിൽ ചാരനിറമുള്ള മറുകും ഉണ്ടക്കണ്ണുകളും കാറ്റിൽ പാറി നടക്കുന്ന മുടിയിഴകളും മാത്രമായി..!!

ഒരു ട്രാവൽ ഏജൻസിയിൽ ഓഫീസ് ജോലി നോക്കിയയെന്നെ, എന്റെ അശ്രദ്ധ കാരണം ഫീൽഡിലേക്ക് മാറ്റി…

ആങ്ങനെ ഒരു ദിവസം ഒരു കോഫിഷോപ്പിൽ വച്ച് അവളെ കുറച്ചു കൂട്ടുകാരികൾക്കൊപ്പം കണ്ടുമുട്ടി..

ബസ്സിൽ വച്ചു കണ്ണുകളാൽ കഥപറയുന്ന എനിക്ക് അവളുടെ അടുത്ത് പോവാൻ ധൈര്യമുണ്ടായില്ല

കൈകാലുകൾ വിറയ്ക്കുന്നു, നെഞ്ചിന്റെ താളം മുറുകി വിയർക്കാനും തുടങ്ങി.

ഞങ്ങളുടെ കണ്ണുകളുടക്കിയതും അവളുടെ മുഖം വല്ലാതെ വിടർന്നുകാണപ്പെട്ടൂ

കണ്ണുകളാൽ കഥപറയും എന്നല്ലാതെ ഇതുവരെ ഒന്ന് മിണ്ടാൻ കഴിഞ്ഞിട്ടില്ല…

എന്നെ അവൾ അടുത്തേക്ക് വിളിച്ചു അടുത്ത് ചെന്നതും എല്ലാം അറിയാമെന്ന മട്ടിൽ കൂട്ടുകാരികൾ ചിരിച്ചു..

അവൾ എന്നെ പരിചയപ്പെടുത്തി

“ ഇത് എന്റെ വീട്ടിനടുത്തുള്ള ചേട്ടനാ…!!

എല്ലാവരും എന്നെ നോക്കി അതിലൊരുത്തി

“ എന്താ പേര്..?

“ മനു കൃഷ്ണൻ..!!

“ നല്ല ചേർച്ചയാണല്ലോ ചേട്ടാ …!!

“ എന്താ .. ?

“ അല്ലാ.. നല്ല പേര് ..!!
എന്ന് പറയുകയായിരുന്നു..!!

“ എടി സുസ്മിതേ ..!!

“ ഈ ചേട്ടനെ കാപ്പികുടിക്കാൻ ക്ഷണിക്കുന്നില്ലേ.?

ആ അപേക്ഷ എനിക്ക് ആ കണ്ണുകളിൽ വായിക്കാൻ കഴിഞ്ഞു

“ ഇല്ല.. നിങ്ങൾ കുടിക്ക് …

“ ഞാൻ കുറച്ചു തിരക്കിലാണ്..അപ്പോൾ ശരി….

എന്ന് പറഞ്ഞ് അവൾക്കുമാത്രം കൈ വീശികാട്ടി ഞാൻ അവിടന്ന് നടന്നു

ശരിക്കും അന്നാണ് അവളുടെ പേര് അറിയുന്നത്

“ സുസ്മിത…”!!

കൂട്ടുകാരികളെ പരിചയപ്പെടുത്തുമ്പോഴും ആ കണ്ണുകൾ എന്റെ മുഖത്തുതന്നെ തങ്ങിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു…

അങ്ങിനെ പ്രേമാർദ്രമായി ജീവിതം മുന്നോട്ട് നീങ്ങി…

ഒരു ദിവസം ആ കണ്ണിൽ വിഷാദവും തിളക്കകുറവു കണ്ടൂ..

ബസ്സിന്റെ പിൻനിരയിൽ നിന്ന എന്നെ വിളിച്ചിട്ടവൾ സംസാരിച്ചു..

“ മനു ഏട്ടാ.. !!

“ കുറച്ചു ദിവസങ്ങളായി ഞാൻ വളരെ സങ്കടത്തിലാണ് കാരണം കഴിഞ്ഞ ദിവസം വന്ന വിവാഹാലോചന ,

ഞാൻ വേണ്ടാന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒഴിഞ്ഞുപോവുന്ന ആലോചനയല്ലത്..!!

ഇതിനു മുമ്പുള്ള ഓരോ ആലോചനകളും മുടക്കിയത് മനു ഏട്ടന്റെ കാര്യം ഓർത്താണ്…

“ എന്തെങ്കിലും ഒരു നല്ല ജോലിയാവട്ടെ എന്നു കരുതി കാത്തരുന്നു ..

“ എനിക്ക് മനുവേട്ടനെ കുറിച്ച് എല്ലാം അറിയാം ..

“ ഞാൻ ആവും വിധം നോക്കിയാതാണ് ,

ഇനി ഒന്നും ചയ്യാൻ എന്നെക്കൊണ്ടാവില്ല.

“ അടുത്തയാഴ്‌ച എന്റെ വിവാഹം ഉറപ്പിക്കലാണ്, എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കിൽ…? അത് ഇപ്പോൾ തന്നെ വേണം …

“ഞാൻ കാത്തിരിക്കാം…!!

അപ്പോഴാണ് ആലോചിച്ചത് എന്റെ വരുമാനം, വയസ്സ് , വീട് , അച്ഛൻ, ‘അമ്മ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല

അന്ന് 23 വയസ്സ് മാത്രം പ്രായമായിരുന്നു എനിക്ക് ഏകദേശം അതേ പ്രായം കാണും അവൾക്കും

ഈ പ്രായത്തിൽ പെൺക്കുട്ടികൾക്ക് കല്ല്യാണം വരുന്നത് സ്വാഭാവികം,

സ്വന്തം ആവിശ്യങ്ങൾക്ക് പോലും വരുമാനം തികയാതെ വീട്ടുകാരുടെ ചെലവിൽ കഴിയുന്ന ഞാൻ ഒരു പെണ്ണിനെയെങ്ങിനെ പുലർത്താനാണ്.

പിന്നെ ഒരു പെണ്ണ്ക്കെട്ടാൻ കുറച്ച് വർഷമെങ്കിലും കഴിയണം അപ്പോഴേക്കും ഞാൻ സ്വന്തം കാലിൽ നിൽക്കാറാവുമെന്ന് എനിക്കുപോലും ഉറപ്പില്ല

ഒരു നിലയിലാവുന്ന കാലം വരെ അവൾക്കു പിടിച്ചുനിൽക്കാനും കഴിയില്ല

എങ്ങിനെയാണ് അവളോട് ഒരു
തീരുമാനം പറയാൻ കഴിയും

അന്ന് മുഴുവൻ ഈ ആൽ മരചുവട്ടിൽ ഇരുന്നും ചിന്തിച്ചു, സ്വന്തം ജീവിതവും ആ കുട്ടിയുടെ ജീവിതവും എന്റെ കുടുംബത്തത്തിന്റെ ചുറ്റുപാടുകളും അവസാനം ഒരു തീരുമാനത്തിൽ എത്തി.

അന്ന് പാതിരാത്രിക്കാണ് വീട്ടിലേക്ക് ചെന്നത്..

അടുത്ത ദിവസം മുതൽ ആ ബസ്സിന്‌ ഒരു അരമണിക്കൂർ കഴിഞ്ഞു വരുന്ന ബസ്സിനായി പിന്നെ എന്റെ കാത്ത് നിൽപ്പ്.. ‌

അതിനുശേഷം സുസ്മിതയെ ഞാൻ കണ്ടിട്ടേയില്ല..

വേണമെങ്കിൽ പറയാം ഞാൻ പ്രണയത്തോട് ചെയ്തത് വലിയ അപരാധമാണെന്ന് , വിഷമിച്ചിട്ടുമുണ്ട്,

പക്ഷെ വിവേകത്തോടെ ചിന്തിക്കുമ്പോൾ മനസ്സിലാവും ഞാൻ ചെയ്തതാണ് ശരിയെന്ന് ….!!

“ ഇന്നത്തെ തലമുറയുടെ പ്രശ്നം ഇതു തന്നെ ‘വിവേകമില്ലായ്മ’ ചിന്തിച്ചു നോക്കിയാൽ ആരും തെറ്റിനും മെനക്കെടില്ല ..

സ്വാർഥത വെടിഞ്ഞുള്ള ജീവിതം മാത്രമാണ് പുരോഗതി കണ്ടിട്ടുള്ളത് ..!!

സ്വാർഥത മാറ്റി മറ്റുള്ളവരുടെ സന്തോഷം മുന്നിൽ കണ്ട് ജീവിക്കുമ്പോൾ ചെറിയ വേദന തോന്നാം ..

“ പക്ഷെ ആരെയും വേദനിപ്പിച്ചിട്ടില്ലെന്ന ആശ്വാസം ഉണ്ടാവും …!!

‘ഏതെങ്കിലും പെൺക്കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവന്നു കിട്ടുന്ന ശാപത്തേക്കാളും…

വേദന ഉള്ളിലൊതുക്കി മറ്റുള്ളവരുടെ അനുഗ്രഹം നേടിയെടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തി …

“ അതാണ് വലുത്…!!

‘സമയമില്ലാത്ത ഈ ലോകത്ത് സ്വന്തമായി കുറച്ചു സമയം കണ്ടെത്തി നമ്മളെ കണ്ടെത്താൻ ശ്രമിച്ചാൽ ഉണ്ടാവുന്ന ജീവിതമാറ്റങ്ങൾ നിങ്ങൾക്കും കാണാൻ കഴിയും…!!.

എല്ലാം കഴിഞ്ഞ് ഈ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ആ മോഹഭംഗത്തിന്റെ കഥ ആലോചിക്കുമ്പോൾ കിട്ടിയ ആത്മസുഖം..!!

“ ഒരു കുളിരായി സുസ്മിതയും..!!
സ്വന്തം മനസിന്റെ ചെപ്പിൽ ഒളിച്ചുവെക്കാൻ കിട്ടുന്ന ഒരു സ്വകാര്യ സ്വത്തായി മാറുന്നു പ്രണയം..!!

ആ പ്രേമത്തിന് മധുരമുണ്ട് മറ്റാർക്കും രുചിക്കാൻ കഴിയാത്ത മധുരം,

ആ മധുരം നുണഞ്ഞുകൊണ്ട് ഞാൻ അവിടെയിരുന്നു..

സ്വന്തം ഭാര്യയുടെ വിളിയും കാത്ത്…

Hari kuttappan

By ivayana