രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിൽ എത്തിയപ്പോൾ എന്നത്തേയും പോലെ ചുടു കാപ്പി റെഡി ആയിരുന്നു.കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു
രസീത് ശ്രദ്ധയിൽ പെട്ടത്.ഒരു വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തതിന്റെ രസീത്. വൃദ്ധ സദനത്തിന്റെ പേര് ശ്രദ്ധിച്ചു. കേൾക്കാത്തതാണ്.
എന്നാലും ഇത്രയും വേണ്ടായിരുന്നു….
ഓ.. നമ്മളും ഈ അവസ്ഥയിൽ എത്തും.അതോർക്കേണ്ടേ….ഭാര്യയുടെ മറുപടി.
ആരാ വന്നത്…എത്ര പേരുണ്ടായിരുന്നു…
പേര് പറഞ്ഞോ…?
ഒരാള് മാത്രം.ഇതാ ഇപ്പോ പോയതള്ളൂ. ചിലപ്പോൾ വഴിയിൽ കണ്ടു കാണും.
ആ… ഒരു ചെറുപ്പക്കാരൻ പോകുന്നത് കണ്ടു. കുറച്ചു കറുത്തു മെലിഞ്ഞ…ആ….നീല ഷർട്ടും കറുത്ത പേന്റും
ആ…അതു തന്നെ.മനോജ് എന്നാ പേര് പറഞ്ഞത്
ആ കണ്ട ആളെ ഒന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു.
ആ…പോട്ടെ.പോയിക്കഴിഞ്ഞില്ലേ.
രാത്രി ഉറങ്ങുമ്പോഴും ആ കറുത്ത മനുഷ്യന്റെ മുഖം തെളിഞ്ഞു വന്നു. ഓർത്ത് കിടന്നതു കൊണ്ടാവാം.
മെല്ലെ അയാൾ സ്മൃതിയിൽ നിന്ന് മറഞ്ഞു.
വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തത് എല്ലാവരോടും വിവരിക്കുന്നത് ഞാൻ കേൾക്കാറുണ്ടായീരുന്നു. മക്കൾക്ക് നല്ലതു വരാൻ അച്ഛനമ്മമാർ ദാനധർമ്മം ചെയ്യണം എന്ന് എപ്പോഴും പറയുമായിരുന്നു. അവളുടെ വിശ്വാസം.
ദിവസങ്ങൾ കഴിഞ്ഞു പോയി.അന്നൊരു ദിവസം ബൈക്ക് സർവ്വീസിനു കൊടുത്തതു കാരണം ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നു. വൈകുന്നേരം ഓഫീസ് വിട്ട് ബസ്സിൽ കയറി.നല്ല തിരക്കായിരുന്നു.ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട്.കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ ചുറ്റും നോക്കി.ആരെങ്കിലും പരിചയക്കാർ ഉണ്ടോ…
പാതി വഴി എത്തിക്കാണും ബസ് ഒരു പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തി.രണ്ടു മൂന്നു പോലീസുകാർ ഓടി വന്നു.
ആരും എഴുനേൽക്കരുതാ.പുറത്തിറങ്ങരുത്.അവർ
വിളിച്ചു പറഞ്ഞു.
അപ്പോഴേക്കും രണ്ടു വനിതാ പൊലീസുകാരും എസൈയ് സാറും വന്നു ചേർന്നു.
അവർ ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി.ഒന്നും പിടി കിട്ടാതെ ഞാന് നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.
രണ്ട് വശത്ത് നിന്നും തിരച്ചിൽ തുടങ്ങി.പിൻവശത്ത് ഒരു സീറ്റിൽ നിന്ന് ചെറിയ ഒച്ചപ്പാടു കേട്ടു.എല്ലാവരും അവിടേക്ക് ശ്രദ്ധിച്ചു.
പോലീസുകാർ ഒരാളെ പിടിച്ചു വലിച്ച് താഴോട്ട് ഇറക്കി.ഞാൻ അയാളെ ശ്രദ്ധിച്ചു.എവിടെയോ കണ്ട് മറന്നതു പോലെ.
താഴെ ഒരു സ്ത്രീയും ഒരു കുഞ്ഞും നിൽപ്പുണ്ടായിരുന്നു.അവരുടെ അടുത്തേക്ക് അയാളെ വലിച്ച് കൊണ്ടു പോയി.
ആ സ്ത്രീ അയാളെ തിരിച്ചറിഞ്ഞു.ഇയാൾ തന്നെ.എനിക്ക് സംശയമില്ല.
മറ്റൊരു ബസ്സിൽ നിന്ന് ഈ സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ചു ഈ ബസ്സിൽ അയാൾ കയറിയത് അവർ കണ്ടിരുന്നു. അവർ അവിടെ ഉണ്ടായിരുന്ന പോലീസുകാരന്റെ സഹായത്തോടെ സ്റ്റേഷനിൽ വിവരം അറിയിച്ചു സ്റ്റേഷനിൽ എത്തിയതും ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചതും പോലീസ് സംവിധാനത്തിൽ ആണെന്ന് മനസ്സിലായി.
ഞാൻ ആ പ്രതിയെ സൂക്ഷിച്ചു നോക്കി.പെട്ടന്ന് എനിക്ക് ആ രസീത് ഓർമ വന്നു.ഭാര്യിൽ നിന്നു വൃദ്ധ സദനത്തിന്റെ പേരിൽ അയ്യായിരത്തി ഒന്ന് രൂപ സംഭാവന വാങ്ങിയ സാമൂഹിക പ്രവർത്തകൻ ആയിരുന്നു അയാൾ.
അന്ന് വീട്ടിൽ എത്തിയപ്പോൾ കുറച്ചു വൈകി.അവൾ എന്നെ കാത്ത് പുറത്ത് തന്നെ ഉണ്ടായിരുന്നു.
കാപ്പി കുടിക്കുമ്പോൾ ഞാൻ വിശദമായി എല്ലാം പറഞ്ഞു.ശ്രീദേവി അമ്പരന്നു പോയി.
രാത്രി അമേരിക്കയിലുള്ള മോനും മരുമകളും വിളിച്ചപ്പോൾ
ശ്രീദേവി വിസ്തരിക്കുന്നുണ്ടായീരുന്നു വൃദ്ധ സദനത്തിലെ വിശേഷങ്ങൾ…

മോഹനൻ താഴത്തേതിൽ

By ivayana